Web Desk

ആറ്റിങ്ങൽ

September 15, 2020, 5:07 pm

ആറ്റിങ്ങലിനും നേട്ടത്തിന്റെ പാതയൊരുക്കി

Janayugom Online

ചരിത്രമുറങ്ങുന്ന ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ വൻ വികസന കുതിപ്പിന് തുടക്കം കുറിച്ചത് കിഫ്ബി സഹായത്തോടെയുള്ള വലിയ വികസന പദ്ധതികളാണ്. റോഡുകൾ, പാലം, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ അന്തരാഷ്ട്ര നിലവാരം, തുടങ്ങി ‚പൊതുമാർക്കറ്റുകളുടെ വികസനം ഇങ്ങനെ എല്ലാ മേഖലകളിലും മുന്നേറാനും ആറ്റിങ്ങലിന് കഴിഞ്ഞു. 221.06 കോടിയുടെ കിഫ്ബി പദ്ധതികളാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ ഇതിനകം എത്തിച്ചേർന്നത്. സംസ്ഥാന പാതയേയും ദേശീയ പാതയേയും തമ്മിൽ ബന്ധിപ്പിച്ചും അവിടെ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ എത്തുന്ന 37 കിലോ മീറ്റർ റോഡ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അ‌ഞ്ച് ശതമാനം പ്രവൃത്തികൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. കിഫ്ബി ഫണ്ടിൽ നിന്നും 32 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം.

കിളിമാനൂർ പുതിയ കാവിൽ നിന്നുംആരംഭിച്ച് വർക്കലയിൽ അവസാനിപ്പിക്കുന്ന 37 കിലോമീറ്റർ റോഡാണ് ആധുനിക രീതിയാൽ നിർമ്മാണം നടക്കുന്നത്. ഈ റോഡ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ 80ശതമാനം പ്രദേശങ്ങളിലൂടേയും കടന്നു പോകുന്നു. ആറ്റിങ്ങൽ മണ്ഡലത്തിന്റെ ജനകീയ മുഖമായ അഡ്വ. ബി സത്യന്റെ വികസന ജൈത്രയാത്രയിൽ ഒരു പൊൻ തൂവൽ കൂടിയാണ് കിഫ്ബി പദ്ധതികൾ. ഒരു കിലോ മീറ്ററിന് ഒരു കോടി ചെലവിൽ നിർമ്മിക്കുന്ന റോഡ് പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകുന്നത് ഇടറോഡുകളെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയുമായി ബന്ധിപ്പിക്കുക എന്ന സ്വപ്നമാണ്. കിളിമാനൂർ — ആലംകോട്, മണനാക്ക് — ചെറുന്നിയുർ, ഒറ്റൂർ — മണമ്പൂർ എന്നീ റോഡുകളാണ് ബിഎം ആന്റ് ബിസി നിലവാരത്തിൽ നവീകരണ പ്രവർത്തനം നടക്കുന്നത്. കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ നിന്നും തുടങ്ങി നഗരൂർ, കരവാരം, മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ എന്നീ പഞ്ചായത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്.

റോഡുകളുടെ വീതി കൂട്ടുക, ഓടകളുടെ നിർമ്മാണം, നടപ്പാത നിർമ്മാണം എന്നീ പ്രവർത്തനങ്ങളും, പ്രധാന റോഡുകളിൽ നാച്ചുറൽ ഡ്രയിൻ സംവിധാനവും, ഏർപ്പെടുത്തിയിട്ടുണ്ട്. പാർശ്വഭാഗം തകരാതിരിക്കാനായി ആധുനികരീതിയിൽ ഐറിഷ് ലൈനുകളും, സംരക്ഷണഭിത്തിയും നിർമ്മിക്കുന്നുണ്ട്. ദിശാബോർഡുകൾ, ഗാർഡ് സ്റ്റോൻ, റോഡ് സ്റ്റഡ് എന്നിവയും ഇതിനോടൊപ്പമുണ്ട്. കൂടാതെ മികച്ച സൗകര്യത്തോടെയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങി റോഡ് നവീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ, വർക്കല നിയോജക മണ്ഡലങ്ങളിലായി കടന്നു പോകുന്ന ഈ റോഡ് നവീകരണം പൂർത്തിയാകുന്നതോടെ കിളിമാനൂർ, കാരേറ്റ്, കല്ലറ, വാമനപുരം, വെഞ്ഞാറമൂട്, മേഖലകളിലെ ജനങ്ങൾക്ക് വർക്കലയിൽ എത്തുന്നതിനുള്ള എളുപ്പമാർഗ്ഗമാകും. ശിവഗിരി തീർത്ഥാടനംപോലെ ആയിരങ്ങൾ ഒഴുകിയെത്തുന്ന പരിപാടികൾക്ക് യാത്ര സൗകര്യം സുഗമാകുകയും, പാപനാശകടവിലെ കർക്കടക വാവ് ഉൾപ്പെടെയുള്ള ദിവസങ്ങളിൽ യാത്ര സൗകര്യം ക്രമീകരിക്കുവാനും കഴിയും.

സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ കിളിമാനൂർ സബ് ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലായി അ‌ഞ്ച് കോടിയുടെ കിഫ്ബി പദ്ധതി വഴി ആരംഭിക്കാൻ കഴിഞ്ഞു. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മന്ദിരത്തിനായി മൂന്ന് കോടിയും, കിളിമാനൂർ ടൗൺ യുപിഎസ് മന്ദിരത്തിന് ഒരു കോടി രൂപയും, തട്ടത്തുമല ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറിയും, ആഡിറ്റോറിയത്തിനുവേണ്ടി ഒരു കോടിയും രൂപ ചെലഴിക്കുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളുടേയും ആറ്റിങ്ങൽ ഗവ.കോളജിലേയും അടിസ്ഥാന വികസനത്തിനായി 33 കോടിയോളം രൂപയുടെ കിഫ്ബിയുടെ സഹായത്തോടെയുള്ള പദ്ധതികൾ യഥാർത്ഥ്യമാകുകയാണ്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കിളിമാനൂർ — പുതിയകാവ് മത്സ്യ മാർക്കറ്റ് വികസനത്തിനായി രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 

Eng­lish sum­ma­ry: KIIFB projects in Attin­gal Thiruvanathapuram