Web Desk

മുംബൈ

January 16, 2021, 6:49 pm

കാമുകിയെ വെട്ടിനുറക്കി ചുമരില്‍ ഒളിപ്പിച്ചു, ദുര്‍ഗന്ധം വരാതെയിരിക്കാന്‍ സിമന്റും പൂശി; മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

Janayugom Online

കാമുകിയെ കൊലപ്പെടുത്തി ഫ്ലാറ്റിന്റെ ചുമരില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം നടന്നത്. മുപ്പത്തിനാലുകാരനായ സൂരജ് കാമുകി മോഹിത(32)യെയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ പിടിയിലാകുന്നത്. വിവാഹത്തിനായി നിര്‍ബന്ധിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഫ്ലാറ്റില്‍ എത്തി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രതി യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടി നുറക്കി ഫ്ലാറ്റിലെ ബാത്ത്റൂമിലെ ചുമരില്‍ ഒളിപ്പിക്കുകയായിരുന്നു. 

ദുര്‍ഗന്ധം വരാതെയിരിക്കാന്‍ സിമന്റ് ചുമരില്‍ പൂശിയിരുന്നു. പൊലീസിന്റെ പരിശോധനയില്‍ ചുമരില്‍ നിന്ന് അസ്ഥികൂടം ലഭിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി ഇവ അയച്ചതായി പൊലീസ് പറഞ്ഞു. നീണ്ട അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. യുവതിയുടെ ബന്ധുക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നില്ല. ഡ്രൈവറായി ജോലി ചെയ്തിരുന്ന സൂരജ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് യുവതിയുമായി പ്രണയത്തിലായത്. 2020 ഒക്ടോബര്‍ 21നാണ് വിവാഹത്തിനായുള്ള ‚ഷോപ്പിങ്ങിനായി യുവതി സൂരജിനൊപ്പം വീട് വിട്ട് പോകുന്നത്. പിന്നീട് ഇരുവരും ജോലിക്കായി ഗുജറാത്തിലെ വാപ്പിയിലേക്ക് താമസം മാറുകയാണെന്ന് യുവതിയുടെ ഫോണില്‍ നിന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. 

എന്നാല്‍ യുവതിയുടെ സഹോദരനാണ് സൂരജിനെ മുംബൈയില്‍ വച്ച് കാണുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. പൊലീസിനോടും ഇയാള്‍ യുവതി ജോലിക്കായി പോയതാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് വാട്സ്ആപ്പ് സന്ദേശം അയച്ചതെന്ന് പ്രതി പറഞ്ഞു. ഫ്ലാറ്റിലെ ചുമരില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവരുന്നുണ്ടോ എന്നുറപ്പാക്കാനായി ഇയാള്‍ എല്ലാ ദിവസവും ഫ്‌ലാറ്റില്‍ വന്നിരുന്നതായും പൊലീസ് വെളിപ്പെടുത്തി. 

ENGLISH SUMMARY:killed girl­friend and hid her in the wall, and coat­ed her with cement
You may also like this video