ഗൗരി ലങ്കേഷിന്റെ കൊലയാളി പിടിയില്‍

മുംബൈ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തെന്ന് സംശയിക്കുന്നയാളെ പ്രത്യേക പൊലീസ് സംഘം അറസ്റ്റു ചെയ്തു. വിജയപുരയിലെ സിന്ദഗി സ്വദേശിയായ പരശുറാം വാഗ്മോ (26)റിനെയാണ് പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.
ബംഗളൂരു മജിസ്ട്രേറ്റ്കോടതിയില്‍ ഹാജരാക്കിയ പരശുറാമിനെ ചോദ്യം ചെയ്യലിനായി 14 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെ സിസിടിവിയിലെ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കൊലയാളിയുടെ രേഖാചിത്രം തയാറാക്കിയിരുന്നു. ഈ ചിത്രവുമായി പിടിയിലായ ആള്‍ക്ക് സാമ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലില്‍ വാഗ്മോര് കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഹിന്ദു ജനജാഗരണ്‍ സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് പരശുറാം. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വീടിന് മുന്നില്‍ വച്ച് ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നത്. ഈ കേസില്‍ ഗുണ്ടാനേതാവ് സുചിത് കുമാര്‍, ഹിന്ദു യുവസേനാ പ്രവര്ത്തകന് കെ ടി നവീന്‍കുമാര്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
എഴുത്തുകാരനായ എം എം കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും വെടിയേറ്റത് ഒരേ തോക്കില്‍നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.