19 March 2024, Tuesday

Related news

March 18, 2024
March 18, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 16, 2024
March 15, 2024
March 14, 2024
March 14, 2024

അക്രമകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2022 12:44 pm

അക്രമകാരികളും പേവിഷബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നതുമായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാന്‍ അനുമതി നല്‍കണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തെരുവു നായ അക്രമണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്.
സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റെ വിശദാംശങ്ങളും അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേ വിഷബാധയുള്ള നായ്ക്കളെ അവയുടെ മരണംവരെ ഒറ്റപ്പെടുത്തി നിര്‍ത്തുക, തെരുവുനായ ആക്രമണം അധികരിച്ച മേഖലകള്‍ കണ്ടെത്തുക, വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുക, ഭക്ഷണത്തിന് സംവിധാനമൊരുക്കി അക്രമകാരികളായ നായ്ക്കളെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റുക, ഖരമാലിന്യങ്ങള്‍ വിശേഷിച്ച് ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ശുചീകരണ നടപടികള്‍ ഉള്‍പ്പെടെ യോഗത്തിലെടുത്ത തീരുമാനങ്ങളും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
നായ സ്‌നേഹികളുടെയും ഹോട്ടലുകാരുടെയും വളര്‍ത്തു നായ ഉടമകളുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ പഞ്ചായത്ത് തലത്തില്‍ തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങള്‍, വളര്‍ത്തു നായകളുടെ രജിസ്‌ട്രേഷനും വാക്‌സിനേഷനും വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും ഉന്നതതല യോഗം പരിഗണിച്ചതായി അപേക്ഷയില്‍ പറയുന്നു. ഇതിനായി സമിതികള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
സംസ്ഥാന നിയമങ്ങള്‍ പ്രകാരം അക്രമകാരികളായ തെരുവു നായകളെ കൊല്ലാന്‍ വ്യവസ്ഥയുണ്ടെങ്കിലും കേന്ദ്രചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ കേരളത്തില്‍ ഇതുവരെ നായകളെ കൊന്നൊടുക്കിയിട്ടില്ല. പക്ഷിപ്പനി വരുമ്പോള്‍ അതിന്റെ വ്യാപനം തടയാന്‍ പക്ഷികളെ കൊന്നൊടുക്കുന്ന രീതിയും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പേ വിഷബാധയുള്ള നായ്ക്കളുടെ കാര്യത്തില്‍ അവയെ മരിക്കുന്നത് വരെ ഒറ്റപ്പെടുത്തുന്ന രീതിയാണ് തുടരുന്നതെന്നും സംസ്ഥാനം വ്യക്തമാക്കി.
തെരുവു നായ്കളെ ഇല്ലായ്മ ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള 2015 ലെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഉത്തരവ് ചോദ്യം ചെയ്ത് മൃഗക്ഷേമ ബോര്‍ഡും മറ്റ് കക്ഷികളും സമര്‍പ്പിച്ച ഹര്‍ജികളിലാണ് സെപ്റ്റംബര്‍ രണ്ടിലെ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ വര്‍ധിച്ചു വരുന്ന തെരുവു നായ ആക്രമണം കണക്കിലെടുത്താണ് കോടതി കേസ് പരിഗണിക്കുന്നത് വേഗത്തിലാക്കിയത്. 

Eng­lish Summary:Killing of vio­lent stray dogs and ver­min should be allowed; State Gov­ern­ment in the Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.