ട്രംപിനെ കാണാൻ ഉൻ എത്തുന്നത് രണ്ടരദിവസത്തെ ട്രെയിൻ യാത്രയിലൂടെ

Web Desk
Posted on February 21, 2019, 2:05 pm

യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉൻ വിയറ്റ്നാമിലേക്കു എത്തുന്നത് ട്രെയിനിൽ. ഈയാഴ്ച അവസാനം തന്നെ ഉൻ യാത്ര പുറപ്പെടും.

ചൈന വഴി രണ്ടര ദിവസം ട്രെയിനിൽ യാത്ര ചെയ്താണ് ഉൻ രണ്ടാം കൂടിക്കാഴ്ചയ്ക്ക് എത്തുന്നത്. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ സർക്കാർ അതിഥി മന്ദിരത്തിൽ 27നും 28നുമാണു കൂടിക്കാഴ്ച. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം യാഥാർഥ്യമാക്കാനുള്ള വഴി തേടുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യോങ്ങിൽനിന്ന് ചൈന വഴി ട്രെയിനിൽ വിയറ്റ്നാം അതിർത്തിയിലെത്താൻ 3700 കിലോമീറ്ററിലേറെ ദൂരം യാത്ര ചെയ്യണം. മാത്രമല്ല, വിയറ്റ്നാം–ചൈന അതിർത്തിയിൽ ട്രെയിനിറങ്ങി അവിടെനിന്നു 170 കിലോമീറ്റർ കാറിൽ സഞ്ചരിച്ചാൽ മാത്രമാണ് ഹാനോയിലെത്തുക.

ട്രംപ്– കിം ആദ്യ ഉച്ചകോടി കഴിഞ്ഞ വർഷം സിംഗപ്പുരിലെ അത്യാഡംബര ഹോട്ടലിലായിരുന്നു.