18 April 2024, Thursday

കിങ് പുലിയാണ്; വിരാട് കോലിക്ക് അര്‍ധസെഞ്ചുറി

Janayugom Webdesk
ദുബായ്
September 4, 2022 10:13 pm

ഏഷ്യാ കപ്പ് സൂപ്പര്‍ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് പാകിസ്ഥാനെതിരെ മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 44 പന്തില്‍ 60 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (28), രോഹിത് ശര്‍മ (28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

മികച്ച തുടക്കമാണ് രോഹിത്-രാഹുല്‍ സഖ്യം ഇന്ത്യക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്തു. 16 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഏഴാം ഓവറിലെ ആദ്യ പന്തില്‍ തന്നെ രാഹുലിനെ ഷദാബ് ഖാന്‍ മടക്കി. ക്രീസിലെത്തിയ സൂര്യകുമാറിന്റെ ഊഴമായിരുന്നു അടുത്തത്. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരം റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കോലിയും റിഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ 126 വരെയെത്തിച്ചു. 14–ാം ഓവറിൽ ഷദാബ് ഖാൻ പന്തിനെ പുറത്താക്കി. പിന്നാലെയെത്തിയ ഹാർദിക് സംപൂജ്യനായി മടങ്ങി. 

ആറാം വിക്കറ്റിൽ ഹൂഡയും കോലിയുടെ ചേർന്ന് 37 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ, 18–ാം ഓവറിൽ സിക്സർ അടിച്ച് കോലി അർധസെഞ്ചറിയുടെ തികച്ചു. അവസാന ഓവറിൽ കോലി റണ്ണൗട്ടാകുകയായിരുന്നു. പിന്നീടെത്തിയ രവി ബിഷ്ണോയ് തുടർച്ചയായി രണ്ടു പന്തുകൾ ബൗണ്ടറി കടത്തി ഇന്ത്യൻ സ്കോർ 180 കടത്തി. നേരത്തെ, മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ പുറത്തായി. ദിനേശ് കാര്‍ത്തികിനും അവസരം ലഭിച്ചില്ല. ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി. 

Eng­lish Summary:King kholi got half century
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.