20 September 2024, Friday
KSFE Galaxy Chits Banner 2

കായിക ചൈതന്യം പ്രസരിപ്പിച്ച കിൻസാങ് ലാമോ പ്രകടനം

Janayugom Webdesk
August 14, 2024 5:00 am

ഒളിമ്പിക്സിന്റെ ചൈതന്യം അതിന്റെ വിജയപരാജയങ്ങളെക്കാൾ നിശ്ചയദാർഢ്യത്തോടെയും കായികവിനോദത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുമുള്ള പങ്കാളിത്തത്തിലാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുകയായിരുന്നു 42.195 കിലോമീറ്റർ ദൈർഘ്യമുള്ള വനിതകളുടെ മാരത്തോണിലൂടെ ഭൂട്ടാന്റെ കിൻസാങ് ലാമോ. മത്സരത്തിൽ പങ്കാളിയാകുന്ന കായികതാരത്തിന് ലഭിക്കുന്ന മെഡൽനേട്ടത്തിനപ്പുറം കായികാസ്വാദകരെ ആ മത്സരത്തിൽ, അവരറിയാതെതന്നെ പങ്കാളിയാക്കുക വഴി, ഒളിമ്പിക് ചൈതന്യത്തെ ലോകമെങ്ങും പ്രസരിപ്പിക്കാൻ കഴിഞ്ഞതാണ് ലാമോയുടെ മാരത്തോൺ പങ്കാളിത്തത്തെ സവിശേഷവും അനശ്വരവുമാക്കി മാറ്റുന്നത്. സ്ത്രീകളുടെ മാരത്തോണിൽ രണ്ട് മണിക്കൂർ 22 മിനിറ്റ് 55 സെക്കന്റുകൊണ്ട് പൂർത്തിയാക്കിയ നെതർലാൻഡ്സിന്റെ സിഫാൻ ഹസൻ പുതിയ റെക്കോഡോടെയാണ് സ്വർണം കരസ്ഥമാക്കിയത്. തൊട്ടുപിന്നിൽ മൂന്ന് സെക്കന്റിന്റെ മാത്രം വ്യത്യാസത്തിൽ സ്വന്തം നാട്ടുകാരിയായ ഷാരോൺ ലോകെടിയെ നാലു സെക്കന്റ് വ്യത്യാസത്തിൽ പിന്തള്ളി കെനിയയുടെ ഹെലൻ ഒബിരി വെള്ളിയും കരസ്ഥമാക്കി. എന്നാൽ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയ മൂവർക്കും ലഭിക്കാത്ത ആദരവും ഹർഷാരവവും അഭിമാനകരമായ പിന്തുണയുമാണ് സിഫാൻ ഹസന്‍ ഫിനിഷിങ് പാേയിന്റിലെത്തി ഒന്നരമണിക്കൂറിന് ശേഷം, 80 പങ്കാളികളിൽ ഏറ്റവും അവസാനമായി, മാരത്തോൺ പൂർത്തിയാക്കിയ കിൻസാങ് ലാമോയ്ക്ക് ലഭിച്ചത്. മാരത്തോണിന്റെ അവസാന കിലോമീറ്ററുകളിൽ തളർന്നുപോയ ലാമോ ബാക്കിദൂരം നടന്ന് പൂർത്തിയാക്കുകയായിരുന്നു. ഇതിനോടകം മത്സരത്തിൽ പങ്കെടുത്ത 11 പേർ ഓട്ടം അവസാനിപ്പിച്ച് മത്സരത്തിൽനിന്നും പിന്മാറി. മത്സരത്തിൽ പങ്കെടുക്കുംമുമ്പ് ‘മത്സരം പൂർത്തിയാക്കുകയും, മുൻ റെക്കോഡ് സമയം മറികടക്കുകയുമാണ്’ തന്റെ ലക്ഷ്യമെന്ന് ലാമോ പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യത്തെലക്ഷ്യം ആഘോഷപൂർവം പൂർത്തിയാക്കാൻ 26കാരിയായ ലാമോയ്ക്ക് കഴിഞ്ഞു. പക്ഷേ തന്റെ മുൻ റെക്കോഡിനേക്കാൾ അരമണിക്കൂർ വൈകിമാത്രമേ അവർക്ക് മത്സരം പൂർത്തിയാക്കാനായുള്ളൂ. ഒളിമ്പിക്സ് കാണികളും ലോകവും നൽകിയ പ്രോത്സാഹനവും അനുഭവവും മതി ആ നഷ്ടം പരിഹരിക്കാൻ. 

ഭൂട്ടാൻ ടീമിലെ ഏക വനിതയും ഒളിമ്പിക്സ് ഉദ്ഘാടനവേളയിലെ പരേഡിൽ ആ രാഷ്ട്രത്തിന്റെ പതാക വാഹകയും ആയിരുന്നു ലാമോ. അന്തരീക്ഷത്തിലെ ഉയർന്ന ഊഷ്മാവും മാരത്തോണിനായി തിരഞ്ഞെടുത്ത കുന്നുകൾ നിറഞ്ഞ വഴിയും ലാമോയെ പരിക്ഷീണയാക്കി. പലപ്പോഴും, താൻ മത്സരത്തിൽ ഏ­റെ പിന്നിലാണെന്ന് ബോ­­ധ്യപ്പെട്ടിട്ടും പിന്മാറാതെ, നടന്നാണ് നിശ്ചയിക്കപ്പെട്ട ദൂരം അവർ പൂർത്തിയാക്കിയത്. അവസാനത്തെ കിലോമീറ്ററുകളിൽ വഴിയോരങ്ങളിൽ തടിച്ചുകൂടിയ കായികപ്രേമികൾ സൈ­ക്കി­ളിലും ഓടിയും കാൽനടയായും ലാമോയ്ക്ക് പിന്തുണയും പ്രോത്സാഹനവും നൽകി. ഒളിമ്പിക്സ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാറാകുമ്പോഴേക്കും അത് അക്ഷരാർത്ഥത്തിൽ ആവേശകരമായ ഒരു പരേഡായി രൂപാന്തരം പ്രാപിച്ചതായി ആഗോള മാധ്യമങ്ങൾ ലോകത്തിന് കാണിച്ചുതരികയുമുണ്ടായി. ലാമോ, സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോൾ സ്റ്റേഡിയമൊന്നാകെ ഹർഷാരവത്തോടെ എണീറ്റുനിന്ന് ആ കായിക ചൈതന്യത്തെയും നിശ്ചയദാർഢ്യത്തെയും ആദരിച്ചു. മത്സരത്തിന്റെ കാഠിന്യം ഏല്പിച്ച ആഘാതങ്ങളെ വകവയ്ക്കാതെ കിൻസാങ് ലാമോ തന്നെ പാരിസ് ഒളിമ്പിക്സിന്റെ സമാപനചടങ്ങിലും രാഷ്ട്രപതാകയേന്തി. ഒളിമ്പിക്സിൽ ലാമോ പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും സഹനശേഷിയും ഉന്നതമായ കായിക ചൈതന്യവും ലോകമെമ്പാടും മാധ്യമങ്ങൾ ആഘോഷമാക്കി. ഒരുപക്ഷെ, ഒരു സ്വർണമെഡൽ ജേതാവിനും ലഭിക്കാത്ത വാർത്താവ്യാപ്തിയും കൊണ്ടാടലുമാണ് ലാമോയ്ക്ക് ലഭിച്ചത്. ‘വനിതാ മാരത്തോൺ അവസാനം പൂർത്തിയാക്കിയവൾ ഒളിമ്പ്യൻ എന്നാൽ എന്തെന്ന് കാണിച്ചുതരുന്നു’ എന്ന ലോസ് ആഞ്ചലസ് ടൈംസിന്റെ തലക്കെട്ട് ലാമോയുടെ പ്രയത്നത്തെ അർത്ഥപൂർണമായി വിലയിരുത്തുന്നു. 

ഒളിമ്പിക്സ് പോലെയുള്ള കായിക മത്സരങ്ങൾ കായിക പ്രതിഭകൾക്ക് അവരുടെ സവിശേഷമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാണ്. താരങ്ങൾ പരസ്പരം മത്സരിക്കുന്നതോടൊപ്പം സ്വന്തം കായികശേഷിയോടുള്ള മത്സരത്തിൽക്കൂടിയാണ് ഏർപ്പെടുന്നത്. പ്രതിയോഗികളോട് പരാജയപ്പെടുന്നതിനെക്കാൾ വലിയ പരാജയമായിരിക്കും സ്വയം പരാജയപ്പെടുക എന്നത്. കിൻസിങ് ലാമോയെ വ്യത്യസ്തയാക്കുന്നത് തികച്ചും പ്രതികൂലമായ സാഹചര്യത്തിലും, മത്സരത്തിൽ പരാജയം ഉറപ്പായിട്ടും, സ്വയം പരാജയപ്പെടാൻ അവർ തയ്യാറായില്ല എന്നതാണ്. അതാണ് യഥാർത്ഥ കായിക ചൈതന്യം. ആ ചൈതന്യം ഉൾക്കൊള്ളാൻ ഇന്ത്യൻ കായികരംഗത്തിന് എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്ന ആത്മപരിശോധനയ്ക്കുകൂടി അവസരമൊരുക്കുന്നതാണ് പാരിസ് ഒളിമ്പിക്സിലെ ലാമോയുടെ പ്രകടനം. മെഡലുകളുടെ എണ്ണമോ പരാജയങ്ങളോ അല്ല ഇന്ത്യയുടെ ഒളിമ്പിക്സ് പ്രകടനങ്ങളുടെ നിറം കെടുത്തുന്നത്. അതിന്റെ സംഘാടനത്തിലും മത്സരത്തിലും പ്രകടമായ കായിക വിരുദ്ധതയും ഒളിമ്പിക്സ് വിരുദ്ധതയുമാണ്. കായിക ചൈതന്യം എല്ലാ അർത്ഥത്തിലും തലത്തിലും വീണ്ടെടുക്കാതെ ഒരു വലിയ ജനതതിയുടെ ആശയാഭിലാഷങ്ങൾക്കൊത്ത് ഉയരാൻ നമ്മുടെ കായികലോകത്തിന് കഴിയില്ല എന്നാണ് പാരിസ് ഒളിമ്പിക്സ് ഇന്ത്യക്ക് നൽകുന്ന അനുഭവപാഠം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.