Web Desk

June 07, 2020, 4:20 pm

ആത്മവിശ്വാസം ഏറെക്കുറെ നഷ്ടപ്പെട്ടിട്ടുണ്ടാവും, എന്നെക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല, ഞാനൊരു തോൽവിയാണ്‌ എന്നവർ വിശ്വസിക്കും

Janayugom Online

സൈക്കോളജിസ്റ്റ്‌ കിരൺ രാജൻപോൾ എഴുതിയ കുറിപ്പാണ്‌ ഇത്‌. പൂർണ്ണരൂപം ചുവടെ.

ഞാനീ എഴുതുന്നത് ആഫ്രിക്കൻ ഭാഷയിലാണെങ്കിൽ ഇവിടെ ആർക്കെങ്കിലും മനസ്സിലാകുമോ. അതുപോലെയാണ് ഡിപ്രഷൻ ഉള്ള ഒരു വ്യക്തിയുടെ കമ്മ്യൂണിക്കേഷൻ. അതാണ് അവർ ബന്ധങ്ങളിൽ നേരിടുന്ന പ്രശ്നം, അവർ മാത്രമല്ല കൂടെ നിൽക്കുന്നവരും. അവർ സ്നേഹം പറയുന്നത് പരാതി രൂപത്തിലായിരിക്കും. അവരുടെ കരുതൽ പുറത്തു വരുന്നത് കുറ്റപ്പെടുത്തലായിട്ടായിരിക്കാം. അങ്ങനെയാണോ വേണ്ടത് എന്ന് ചോദിച്ചാൽ, അല്ലാ; കുഴഞ്ഞു മറിഞ്ഞ രീതിയിൽ മനസ്സും ചിന്തകളും ആയിപ്പോയാൽ ഇങ്ങനെയൊക്കെയേ പ്രതികരിച്ചെന്നു വരികയുള്ളു.

ചിലർ ഉൾവലിഞ്ഞ് പോയെന്നു വരാം. സൗഹൃദങ്ങൾ മന: പൂർവ്വമെന്നതുപോലെ ഒഴിവാക്കി, ഉള്ളിലെ നിഴലുകളിലേക്ക് ഒതുങ്ങിപ്പോയെന്നു വരാം. അത്തരക്കാരെ സൂക്ഷിക്കണം. എന്നെന്നേക്കുമായി ഇരുളിൽ മറയാനുള്ള വഴി തെരയുകയാവും അവർ. വിഷാദ രോഗമുള്ള സ്ത്രീകളിൽ ആർത്തവത്തിനു മുമ്പുള്ള ദിവസങ്ങളിൽ ഉണ്ടാകുന്ന മന:സംഘർഷം ( PMS ) കൂടിയാവുമ്പോൾ ആത്മഹത്യാപ്രവണത മുന്നിട്ടുനിൽക്കും.

അമിതമായ ഉറക്കം അല്ലെങ്കിൽ ഉറക്കക്കുറവ് ഡിപ്രഷന്റെ ലക്ഷണമാണ്. അമിതമായി ഭക്ഷണം കഴിക്കൽ അല്ലെങ്കിൽ ഭക്ഷണത്തിന്റെ അളവു് വല്ലാതെ കുറക്കുക വേറൊരു ലക്ഷണം. പണ്ട് താത്പര്യമുണ്ടായിരുന്നതും ആസ്വദിച്ചിരുന്നതുമായ എല്ലാത്തിനോടും വിരക്തി തോന്നാം. സംഗീതം, നൃത്തം, സ്പോർട്ട്സ്, പാചകം, സിനിമാ, രതി അങ്ങനെ എന്തിൽ നിന്നും സ്വയം വിരമിക്കൽ അപ്രഖ്യാപിതമായി ചെയ്തേക്കും.

ചിലർക്ക് രാവിലെ എഴുന്നേൽക്കാൻ മനസ്സുവരില്ല. എഴുന്നേറ്റാൽ തന്നെ കാരണമില്ലാത്ത ക്ഷീണം തോന്നാം. ചെറിയ കാരണങ്ങൾകൊണ്ടുതന്നെ അനിയന്ത്രിതമായി കരഞ്ഞെന്നുവരാം അല്ലെങ്കിൽ അനിയന്ത്രിതമായി ദേഷ്യപ്പെട്ടെന്നു വരാം. ഒരു ലോജിക്കുമില്ലാത്ത കുറ്റം ചാർത്തൽ മറ്റുള്ളർക്കു നേരെ എറിഞ്ഞെന്നു വരാം. വാക്കുകൾ സഹിക്കാവുന്നതിനപ്പുറം കടന്നുപോയേക്കാം. ചേർത്തുനിർത്താൻ ശ്രമിക്കുന്നവരെ കുടഞ്ഞെറിഞ്ഞ്, ശത്രുവിനെപ്പോലെ കണ്ട്, സ്വന്തം മാളത്തിലേക്ക് ഉൾവലിഞ്ഞുപോയി, വെളിച്ചത്തെ ഭയപ്പെടുന്ന ഒരു ജീവിപോലെ ഇവർ ജീവിച്ചെന്നുവരാം.

ആത്മവിശ്വാസം ഏറെക്കുറെ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ടാവും. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, ഞാനൊരു തോൽവിയാണ് എന്ന ചിന്ത രൂഢമൂലമായിരിക്കും. ഞാൻ എല്ലാവരേക്കാളും താഴ്ന്നവനാണെന്നോ മോശമാണെന്നോ വെറുതെ വിശ്വസിക്കും. സ്വപ്നങ്ങൾ മനസ്സിൽ മാത്രമൊതുക്കും. തോറ്റുപോയാലോ എന്നു പേടിച്ച് അവ സാക്ഷാത്കരിക്കാൻ ശ്രമിക്കില്ല. എല്ലാവരുമുണ്ട് എന്നാൽ എനിക്കാരുമില്ല എന്ന അവസ്ഥയിൽ നട്ടംതിരിയുന്ന ഹൃദയത്തെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായതയുടെ പടുകുഴിയിലേക്ക് വീണുപോകും. ആരെങ്കിലും കൈ നീട്ടിയാലും ചതിയാണതെന്നു സംശയിച്ച്, ചിലപ്പോളത് ഉറക്കെപറഞ്ഞ് കൈ തട്ടിമാറ്റും. ചിത്രപദപശ്നം പൂർത്തിയാക്കാനാവാതെ കുഴഞ്ഞുപോയൊരു കുട്ടി പോലെ, സ്വന്തം ഹൃദയത്തിന്റെ തുണ്ടുകൾ പെറുക്കിക്കൂട്ടി വിതുമ്മിക്കരയും.

ഇത്തരം മാനസികാവസ്ഥകളെ, വേദനാജനകമായ പെരുമാറ്റങ്ങളെ മനസ്സിലാക്കി പെരുമാറുക എന്ന ശ്രമകരമായ ദൗത്യം കൂടെ നിൽക്കുന്നവർക്ക് ഒരുപാട് സമ്മർദ്ദം (stress) ഉണ്ടാക്കും. എങ്കിലും നിങ്ങളല്ലാതെ ആരാണുള്ളതവർക്ക്. സ്നേഹം എല്ലാ മുറിവുകളേയുമുണക്കുന്ന ഔഷധമാണ് ♥️♥️

കിരൺ രാജൻപോൾ

YOU MAY ALSO LIKE THIS VIDEO