Friday
19 Jul 2019

കിര്‍കി മസ്ജിദ് മഹാറാണ പ്രതാപിന്റെ കോട്ടയല്ല: ആര്‍ക്കിയോളജിക്കല്‍ സര്‍വേ

By: Web Desk | Tuesday 13 November 2018 10:47 PM IST


khirki masjid janayugom

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ ഏഴു നൂറ്റാണ്ട് പഴക്കമുള്ള കിര്‍കി മസ്ജിദ് രജപുത്ര രാജാവ് മഹാറാണ പ്രതാപിന്റെ കോട്ടയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
മസ്ജിദ് 1915 മുതല്‍ തങ്ങളുടെ സംരക്ഷണത്തിലാണെന്നും ചരിത്രസ്മാരകമെന്ന നിലയില്‍തന്നെ അത് സംരക്ഷിക്കുമെന്നും എഎസ്‌ഐ അറിയിച്ചു. ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് എഎസ്‌ഐ ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ ഡല്‍ഹിയിലെ സാകേത് മേഖലയിലുള്ള കിര്‍കി മസ്ജിദ് സുല്‍ത്താന്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ പ്രധാനമന്ത്രിയായിരുന്ന മാലിക് മഖ്ബൂല്‍ പണികഴിപ്പിച്ചതാണ്. അടുത്ത കാലത്താണ് ഇത് രജപുത്ര രാജാവ് മഹാറാണ പ്രതാപിന്റെ കോട്ടയാണെന്ന വാദമുയര്‍ന്നതും അടയാള ബോര്‍ഡില്‍ മസ്ജിദ് എന്നെഴുതിയത് പ്രദേശവാസികളില്‍ ചിലര്‍ മായ്ക്കുകയും ചെയ്തത്.
എഎസ്‌ഐ ഇത് വീണ്ടും എഴുതിച്ചേര്‍ത്തെങ്കിലും പലതവണ മായ്ക്കപ്പെട്ടു. തുടര്‍ന്ന് ഇത് മഹാറാണ പ്രതാപിന്റെ കോട്ടയാണെന്ന് കാണിച്ച് ചിലര്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചു. ഇതോടെ കമ്മിഷന്‍ എഎസ്‌ഐക്ക് നോട്ടീസ് അയക്കുകയായിരുന്നു. മസ്ജിദിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെന്നും അത് സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളുമെടുത്തിട്ടുണ്ടെന്നും എഎസ്‌ഐ വ്യക്തമാക്കി. മസ്ജിദിന്റെ പേര് അടയാളബോര്‍ഡില്‍ വീണ്ടും എഴുതിയിട്ടുണ്ടെന്നും പ്രവേശന കവാടത്തില്‍ മസ്ജിദിന്റെ പേര് എഴുതിച്ചേര്‍ത്തുള്ള ലോഹഫലകം ഉടന്‍ സ്ഥാപിക്കുമെന്നും എഎസ്‌ഐ അറിയിച്ചു. മസ്ജിദിന്റെ അറ്റകുറ്റപ്പണിക്കുള്ള നടപടി തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.