Web Desk

ന്യൂഡല്‍ഹി

February 12, 2021, 10:38 pm

രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍

Janayugom Online

രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തുകള്‍ രാജ്യശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിലാണ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലും, ഹനുമാന്‍ഗഡിലും ഈ മാസം 18നും മഹാരാഷ്ട്രയിലെ യവാത്മലില്‍ 20നും കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. 

കര്‍ഷക സമരം അനിശ്ചിത കാലത്തേക്കു തുടരുമെന്ന് ഭാരതീയ കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. സമരത്തിന്റെ ദൈര്‍ഘ്യം സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി എട്ട് സംസ്ഥാനങ്ങളിലെ പന്ത്രണ്ട് കര്‍ഷക സംഘടനകളുമായി ഇന്നലെ ആശയ വിനിമയം നടത്തി. ആന്ധ്ര പ്രദേശ്, ബിഹാര്‍, ജമ്മു ആന്റ് കാശ്മീര്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളുമായാണ് വീഡിയോ കോൺഫറൻസിലൂടെ സമിതി ആശയ വിനിമയം നടത്തിയത്. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കര്‍ഷകര്‍ തങ്ങളുടെ നിലപാടുകള്‍ സമിതിക്കു മുന്നില്‍ അവതരിപ്പിച്ചു. സമിതി അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരും തമ്മില്‍ നടക്കുന്ന ഏഴാമത്തെ യോഗമായിരുന്നു ഇന്നലെ പൂർത്തിയായത്.

eng­lish summary:Kisan Maha Pan­chay­ats across the country
you may also like this video