റെജി കുര്യൻ

ന്യൂഡല്‍ഹി

January 02, 2021, 10:46 pm

റിപ്പബ്ലിക് ദിനത്തില്‍ കിസാൻ പരേഡ്

Janayugom Online

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടറുകളുമായി റാലി നടത്തുമെന്ന് കർഷകരുടെ അന്ത്യശാസനം. അടുത്ത ചർച്ചയും പരാജയപ്പെട്ടാൽ രാജ്യവ്യാപകമായ സമരരീതികളിലേക്ക് നീങ്ങാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. സമാധാനപരമായി സമരം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കരിനിയമങ്ങള്‍ പിന്‍വലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ജനങ്ങള്‍ക്ക് ആധിപത്യം ഉറപ്പാക്കിയ റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനു ശേഷം തങ്ങളുടെ ട്രാക്ടര്‍ ട്രോളികളുമായി റാലി സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന സര്‍ക്കാര്‍ പ്രചരണത്തെ പ്രതിരോധിക്കാന്‍ ദേശം ഉണരൂ പരിപാടി ജനുവരി ആറുമുതല്‍ 20 വരെ ദേശവ്യാപകമായി സംഘടിപ്പിക്കും. റാലികളും കോണ്‍ഫറന്‍സുകളും ധര്‍ണകളും ഇതിന്റെ ഭാഗമായി നടക്കും. ലോഡി, സംക്രാന്തി ദിവസങ്ങള്‍ കിസാന്‍ സങ്കല്പദിനമായി ആചരിക്കും. കാര്‍ഷിക കരിനിയമങ്ങളുടെ കോപ്പികള്‍ അന്ന് കത്തിക്കുമെന്നും നേതാക്കള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം അടിവരയിടാന്‍ ജനുവരി 18 മഹിളാ കിസാന്‍ ദിനമായി ആചരിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് ആസാദ് ഹിന്ദ് കിസാന്‍ ദിവസമായും കൊണ്ടാടും. എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികള്‍ക്കു മുന്നിലും ഇതിന്റെ ഭാഗമായി പ്രതിഷേധം സംഘടിപ്പിക്കും. 

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം തങ്ങള്‍ക്കു മുന്നില്‍ മറ്റ് പോംവഴികളില്ല. പ്രക്ഷോഭം ഇതോടെ ഡല്‍ഹിയിലേക്കു പ്രവേശിക്കും എന്നകാര്യം കര്‍ഷക നേതാക്കള്‍ അടിവരയിടുന്നു. ബല്‍ബീര്‍ സിങ് രാജേവാള്‍, ദര്‍ശന്‍പാല്‍, ഗുരുനാം സിങ് ചാധുനി, അശോക് ധാവ്‌ലേ, ജഗജിത് സിങ് ദല്ലേവാള്‍, അഭിമന്യൂ കൊഹാദ്, യോഗേന്ദ്ര യാദവ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചു.
കര്‍ഷക പ്രക്ഷോഭകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തിങ്കളാഴ്ചയാണ് അടുത്ത വട്ടം ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇതുവരെ ആറുവട്ടം നടന്ന ചര്‍ച്ചകളിലും ഫലം കണ്ടെത്താനായില്ല. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുക, മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങളോടു സര്‍ക്കാര്‍ അനുകൂല നിലപാടല്ല ഇനിയും സ്വീകരിച്ചിരിക്കുന്നത്.
2020 നവംബര്‍ 26ന് ആരംഭിച്ച കര്‍ഷക സമരം ഈ സാഹചര്യത്തില്‍ രണ്ടാം മാസത്തിലൂടെ മുന്നേറുകയാണ്. നിലവില്‍ ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളായ സിംഘു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലും ജയ്പൂര്‍ ഹൈവേയും പ്രക്ഷോഭകാരികളാല്‍ നിറഞ്ഞിരിക്കുകയാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് പ്രക്ഷോഭം കടുപ്പിക്കാനുള്ള തീരുമാനം കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

ENGLISH SUMMARY:kisan parade in repub­lic day
You may also like this video