കിസാന്‍സഭ സമര പ്രചരണ ജാഥക്ക് ജില്ലയില്‍ തുടക്കമായി

Web Desk
Posted on May 11, 2018, 10:18 pm

തൊടുപുഴ: കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 18ന് നടക്കുന്ന സമരത്തിന് മുന്നോടിയായി
ജില്ലയില്‍ പ്രചരണ ജാഥ ആരംഭിച്ചു. കാഞ്ഞാറില്‍ ആരംഭിച്ച ജാഥാ പര്യടനത്തിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ജാഥാ ക്യാപ്റ്റന്‍ മാത്യൂ വര്‍ഗീസിന് പതാക
കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. കൃഷിക്കാരുടെ കടങ്ങള്‍ എഴുതി തള്ളുക,ജപ്തി നടപടികള്‍
നിര്‍ത്തുക,കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കുക,റബ്ബറിന് 200 രൂപയ്ക്ക് സര്‍ക്കാര്‍ സംഭരിക്കുക,കുരുമുളക് 500 രൂപയ്ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുക,ഏലം ആയിരം രൂപാ പ്രകാരം സംഭരിക്കുക,എല്ലാ കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ക്കും ആദായകരമായ വില ഉറപ്പാക്കുക,പാല്‍ വില വര്‍ധിപ്പിക്കുക,കാലീത്തീറ്റ വില കുറച്ച് ക്ഷീര കര്‍ഷകരെ സംരക്ഷിക്കുക,പഴം പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുക,പട്ടയ വിതരണം വേഗത്തിലാക്കുക,കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുക,നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കുക,ജോയിന്റ് വേരിഫിക്കേഷന്‍ നടത്താത്ത സ്ഥലങ്ങളില്‍ അത് പൂര്‍ത്തീകരിച്ച് പട്ടയം നല്‍കുക,മിച്ചഭൂമി വിതരണം ചെയ്യുക,തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണയും പ്രചരണ ജാഥയും നടത്തപ്പെടുന്നത്.
തോമസ് കുന്നേമുറി അദ്ധ്യക്ഷനായ യോഗത്തില്‍ ജാഥയുടെ ക്യാപ്റ്റനായ മാത്യു വര്‍ഗീസ്,ജാഥ ഡയറക്ടറായ സി എ ഏലിയാസ്,വൈസ് ക്യാപ്റ്റനായ പി കെ സദാശിവന്‍,പി പി ജോയി,പി എസ് നെപ്പോളിയന്‍,സുനില്‍ സെബാസ്റ്റ്യന്‍,സജി പൗലോസ്,ഗീതാ തുളസീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 9.30ന് തൊടുപുഴയില്‍ നിന്നും ആരംഭിക്കുന്ന ജാഥ 10.30ന് കരിമണ്ണൂര്‍ 11.30ന് വണ്ണപ്പുറം,12.30ന് കഞ്ഞിക്കുഴി 3 പി എം ന് ‑തോപ്രാംകുടി,4.30ന് കല്ലാര്‍കുട്ടി. 5 പി എം — അടിമാലിയില്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം സമാപിക്കും. സമാപന സമ്മേളനം കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി കെ ചിത്രഭാനു ഉദ്ഘാടനം ചെയ്യും.