കിസാൻ സമ്മാൻ പദ്ധതി: മോഡിയുടെ വാഗ്ദാനം പാഴ്‌വാക്കായി, പണം ലഭിക്കാതെ അഞ്ച് കോടിയിലേറെ കർഷകർ

Web Desk

ന്യൂഡൽഹി

Posted on February 06, 2020, 9:47 pm

കടക്കെണിയിലായ കർഷകർക്ക് നരേന്ദ്ര മോഡി സർക്കാർ വാഗ്ദാനം ചെയ്ത പ്രധാൻമന്ത്രി കിസാൻ പദ്ധതി പ്രകാരമുള്ള ആറായിരം രൂപയുടെ മൂന്നാം ഗഡു ഇനിയും അഞ്ച് കോടിയിലേറെ കർഷർക്ക് നൽകിയിട്ടില്ല. പ്രധാൻമന്ത്രി കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് കടാശ്വാസമായി ഒരു വർഷം ആറായിരം രൂപ മൂന്ന് ഘട്ടമായി നൽകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പല സംസ്ഥാനങ്ങളിലും ഇതിന്റെ രണ്ടും മൂന്നും ഗഡു ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് കാർഷിക മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയനുസരിച്ച് ലഭിച്ച രേഖകളിലാണ് പ്രധാൻമന്ത്രി കിസാൻ പദ്ധതി വാഗ്ദാനം ചെയ്ത തുക നൽകാതെ കർഷകരെ വഞ്ചിക്കുകയാണെന്ന് തെളിഞ്ഞിരിക്കുന്നത്.
2018 ഡിസംബറിൽ നരേന്ദ്ര മോഡി പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഓരോ നാലുമാസം കൂടുമ്പോഴും രണ്ടായിരം രൂപ വച്ച് മൊത്തം ആറായിരം രൂപ കർഷകർക്ക് ഒരു വർഷം നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 2018 ഡിസംബറിനും 2019 നവംബറിനും ഇടയിൽ ഒമ്പതുകോടി കർഷകരായിരുന്നു പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 7.62 അതായത് 84 ശതമാനം പേർക്ക് മാത്രമാണ് ആദ്യ ഗഡു ലഭിച്ചത്. രണ്ടാം ഗഡു 6.5 കോടി കർഷകർക്കും മൂന്നാം തവണ 3.85 കോടി കർഷകർക്കും മാത്രമാണ് പണം ലഭിച്ചിട്ടുള്ളതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. അതേസമയം എന്തുകൊണ്ടാണ് അഞ്ച് കോടിയിലേറെ കർഷകർക്ക് മൂന്നാം ഗഡു ഇനിയും പലസംസ്ഥാനങ്ങളിലും വിതരണം ചെയ്യാത്തത് എന്നതിന് കാർഷിക മന്ത്രാലയം വിശദീകരണം ഒന്നും നൽകുന്നില്ല. അതേസമയം സാമ്പത്തികമാന്ദ്യം രൂക്ഷമായതോടെയാണ് കിസാന്‍ സമ്മാന്‍ നിധിയുടെ പണം നൽകാനാകാതെ വന്നതെന്നാണ് സൂചന. പദ്ധതിക്കായി അനുവദിച്ചതിൽ നിന്ന് 10,600 കോടി രൂപ ധനക്കമ്മി പരിഹരിക്കുന്നതിനായി വക മാറ്റുന്നതായി വാർത്തകളുണ്ടായിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷം ഇതിനായി നീക്കിവച്ച 20,000 കോടി രൂപയില്‍ ചെലവാകാതെ പോകുന്ന തുക ധനക്കമ്മി പരിഹരിക്കുന്നതിന് മാറ്റുന്നതിനാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: Kisan Sam­man’s scheme: Mod­i’s promise fails

You may also like this video