കർഷക ക്ഷേമനിധി ബോർഡ് : നിയമനിർമ്മാണചരിത്രത്തിലെ നാഴികക്കല്ല് മന്ത്രി വി എസ് സുനിൽ കുമാർ

Web Desk
Posted on November 22, 2019, 12:06 pm

തിരുവനന്തപുരം:കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം കേരളത്തിന്റെ നിയമനിർമ്മാണചരിത്രത്തിലെ നാഴികക്കല്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. സംസ്ഥാനത്തെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിതാന്തസ്സ് ഉയർത്തുന്നതിനും അവർക്ക് മാന്യമായി ഉപജീവനം നടത്തുന്നതിനുമാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നത്. കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം ഇക്കാര്യം ഉറപ്പാക്കുന്നു, വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിൽ ഉയർത്തിക്കാട്ടിയതും കാർഷിക രംഗത്ത് നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയതുമായ കാര്യങ്ങൾ ഓരോന്നായി നടപ്പാക്കി വരികയാണ്. കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം യാഥാർത്ഥ്യമാക്കുമെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്ദാനമാണ്. സുപ്രധാനമായ ഈ വാഗ്ദാനം കേരള കർഷക ക്ഷേമ ബോർഡ് ബിൽ നിയമായതോടെ നടപ്പാക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കർഷകക്ഷേമം മുൻനിർത്തി ഇത്തരമൊരു നിയമം ഉണ്ടായിട്ടില്ല. കർഷകർക്കുവേണ്ടി മാത്രമായി രൂപീകരിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കർഷക ക്ഷേമ ബോർഡാണ് ഈ നിയമം വഴി കേരളത്തിൽ സ്ഥാപിക്കപ്പെടുന്നത്.
കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ കർഷകർക്കും സാമ്പത്തികസുരക്ഷയ്ക്കും ക്ഷേമത്തിനുമായി കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം വഴിയൊരുക്കും. വരുംതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും നിയമനിർമ്മാണം കാരണമാകും.
നിയമസഭയിൽ അവതരിപ്പിച്ച ബിൽ നിയമസഭ സെലക്ട് കമ്മിറ്റിയ്ക്ക് വിടുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സെലക്ട് കമ്മിറ്റി സിറ്റിംഗ് നടത്തുകയും ജനപ്രതിനിധികൾ, കർഷകസംഘടനകൾ, കർഷകർ തുടങ്ങിയവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്തു. പല ഘട്ടങ്ങളിലായുള്ള ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് നിരവധി ഭേദഗതികൾ കൂടി ചേർത്ത് ബിൽ സഭയിൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും അന്തസ്സോടെ ജീവിക്കുന്നതിന് മതിയായ വരുമാനം കൃത്യമായി ഉറപ്പാക്കേണ്ടതുണ്ട്. കാലാവസ്ഥയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർക്ക് കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ എപ്പോഴും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അങ്ങനെ കൃഷി നശിച്ചുപോയാലും ആത്മവിശ്വാസത്തോടെ വീണ്ടും കൃഷി തുടരുന്നതിന് കർഷകർക്ക് വലിയ പിന്തുണയും സാമ്പത്തികസഹായവും നൽകേണ്ടതുണ്ട്. കർഷകർക്ക് ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങളും കൃത്യമായ പ്രതിമാസപെൻഷനും ഉറപ്പുവരുത്തുന്നതിന് വ്യവസ്ഥ ചെയ്യുക എന്നതാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യം. കേരള സംസ്ഥാനത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമത്തിനായി ഈ ആക്ടിൻകീഴിൽ ഒരു നിധി രൂപീകരിക്കുന്നതിലേക്ക് ഗസറ്റ് വിജ്ഞാപനം വഴി കേരള കർഷക ക്ഷേമനിധി പദ്ധതി എന്ന പേരിൽ ഒരു പദ്ധതി സർക്കാർ ആവിഷ്ക്കരിക്കുന്ന കാര്യം ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇപ്രകാരം രൂപീകരിക്കുന്ന നിധി, ബോർഡിൽ നിക്ഷിപ്തമായിരിക്കുകയും ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കൈകാര്യം ചെയ്യേണ്ടതുമാണ്. നിധിയിൽ നിന്നും ധനസഹായം നൽകുന്ന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കേരള കർഷക ക്ഷേമനിധി ബോർഡ് ആയിരിക്കും മന്ത്രി വി എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു.