പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതിയിൽ അഴിമതിയുണ്ടെന്ന തരത്തിൽ വാസ്തവ വിരുദ്ധ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) നിയമ നടപടിക്ക്.
പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനുള്ള ഹൈടെക് സ്കൂൾ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന സത്യവിരുദ്ധ പ്രസ്താവനകൾ നടത്തിയ രമേശ് ചെന്നിത്തല അവ പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കാണിച്ച് വക്കീൽ നോട്ടീസ് അയച്ചു. ഹൈടെക് സ്കൂൾ പദ്ധതിക്ക് ചുക്കാൻ പിടിച്ച കൈറ്റിന് വേണ്ടി സോളിസിറ്റേഴ്സ് ഇന്ത്യ ലോ ഓഫീസ് ലീഡ് പാർട്ണറും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ദീപക് പ്രകാശാണ് നോട്ടീസ് അയച്ചത്.
നവംബർ ഏഴിന് മനോരമയിൽ വന്ന ഒരു വാർത്തയെ ചുവടുപിടിച്ച് പ്രതിപക്ഷ നേതാവ് പൊതുപരിപാടിയിലൂടെയും ഫേസ്ബുക്കിലൂടെയും തെറ്റായ പ്രസ്താവനകൾ നടത്തുകയായിരുന്നു. അടുത്ത ദിവസം മനോരമ കൈറ്റിന്റെ വിശദീകരണത്തോടെ വാർത്ത തിരുത്തി. വസ്തുതകൾ വ്യക്തമാക്കിയിട്ടും എല്ലാ വിശദാംശങ്ങളും നൽകാൻ സന്നദ്ധത അറിയിച്ചും പ്രതിപക്ഷ നേതാവിനും കൈറ്റ് കത്ത് നൽകിയെങ്കിലും ആരോപണങ്ങൾ ആവർത്തിക്കുകയായിരുന്നു ചെന്നിത്തല.
കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനും ഒരു ദൃശ്യമാധ്യമത്തിലെ വാർത്താധിഷ്ഠിത പരിപാടിക്കിടെ സമാന ആരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം കെപിസിസി സെക്രട്ടറി ജി വി ഹരി ആരോപണം ഉന്നയിച്ചെങ്കിലും കൈറ്റിന്റെ നോട്ടീസിനെ തുടർന്ന് ക്ഷമാപണം നടത്തുകയും സമൂഹമാധ്യമങ്ങളിൽനിന്ന് തന്റെ പ്രസ്താവന നീക്കുകയും ചെയ്തിട്ടുണ്ട്.
English summary: Kite going for legal action against Chennithala
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.