ആറാം തിരുമുറിവു മുതല്‍ കിത്താബുവരെ

Web Desk
Posted on December 12, 2018, 10:51 pm
kureeppuzha

 

നാടകം കാണുക എന്നുള്ളത് നാടകാസ്വാദകരുടെ അവകാശമാണ്. നാടകം നിരോധിക്കുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ ആ അവകാശനിഷേധമാണ് നടക്കുന്നത്.
ആദ്യമുണ്ടായ കലാരൂപം നാടകമാണ്. മൃഗവേട്ടക്കും മറ്റുമായി താവളം വിട്ടുപോയ ആളുകള്‍ തിരിച്ചുവന്ന് ഉണ്ടായ കാര്യങ്ങള്‍ നടിച്ചുകാണിക്കുന്നതിലൂടെയാണ് നാടകത്തിന്റെ ആവിര്‍ഭാവം. തുടങ്ങിയ കാലത്ത് നാടകത്തില്‍ സംഭാഷണങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ചില ശബ്ദങ്ങളും ആംഗ്യങ്ങളും ശരീരഭാഷകൊണ്ടുള്ള വിവരണങ്ങളും ഒക്കെയാണ് അരങ്ങില്‍ അനുഭവമായി മാറിയത്. എന്തായാലും ഏതു നാടകത്തിനും ക്ലൈമാക്‌സ് ഉണ്ടാകാതെ വയ്യ. അതാകട്ടെ, ജിജ്ഞാസയിലൂടെ സഞ്ചരിക്കുന്നതുമാണ്. നാടകീയത എന്ന വാക്കുതന്നെ ട്വിസ്റ്റുകളുടെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ്. കെ ടി മുഹമ്മദിന്റെ ഇതുഭൂമിയാണ് എന്ന നാടകം ആരംഭിക്കുന്നത് പര്‍ദ്ദയിട്ട ഒരു രൂപം രംഗത്തുവരുന്നതോടുകൂടിയാണ്. പര്‍ദ്ദക്കുള്ളിലുള്ളത് സ്ത്രീയല്ല. അമ്പരപ്പിക്കല്‍ കൊണ്ട് കാണികളുടെ ശ്രദ്ധ ആദ്യംതന്നെ ആകര്‍ഷിക്കുവാനുള്ള ഒരു തന്ത്രമാണിത്. മുസ്‌ലിം സാമൂദായിക നാടകം എന്നുതന്നെയാണ് കെ ടി സ്വന്തം നാടകത്തെ വിശേഷിപ്പിച്ചത്. ഈ നാടകംകൊണ്ട് ആരേയും വേദനിപ്പിക്കുവാന്‍ ഇടയാവരുതെന്ന് ഞാനുദ്ദേശിച്ചതുകൊണ്ട് പ്രയോജനമില്ല എന്നും അദ്ദേഹം നാടകാരംഭത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മുടിനാരേഴായ് കീറീട്ട് എന്ന പാട്ട് ഈ നാടകത്തിലുള്ളതാണ്. മതം ഇപ്പോള്‍ ദൈവത്തെ രക്ഷിക്കാനുള്ള ഉപാധിയാണെന്നും ദൈവം സര്‍വശക്തനാകയാല്‍ സ്വന്തം രക്ഷ മനുഷ്യന്റെ കയ്യില്‍ ഏല്‍പിക്കുകയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. വി ടി ഭട്ടതിരിപ്പാടിനെപ്പോലെ കെ ടി മുഹമ്മദും സ്വന്തം സമൂഹത്തെ പരിഷ്‌കരിക്കാന്‍ വേണ്ടിയാണ് നാടകത്തെ പ്രയോജനപ്പെടുത്തിയത്. കെ ടിയുടെ ജന്മനാടായ മഞ്ചേരിയില്‍പ്പോലും അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് വൈകി മാത്രമേ സ്വീകാര്യത ലഭിച്ചുളളു.
നാടകം കളിച്ച സ്ത്രീ നരകത്തില്‍ പോകും എന്നാക്രോശിച്ചുകൊണ്ട് നിലമ്പൂര്‍ ഐഷയെ ലക്ഷ്യം വച്ച് അരങ്ങിലേക്ക് വെടിയുണ്ട ഉതിര്‍ക്കുകപോലുമുണ്ടായി. ആ സംഭവം സമീപകാലത്ത് ശബരിമലയില്‍ കേട്ട അടിച്ചുകൊല്ലടാ അവളെ എന്ന ആക്രോശവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ടും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരേയുള്ള പുരുഷന്റെ മേല്‍ക്കോയ്മാ പ്രകടനമാണ്.
മതത്തിന്റെ എതിര്‍പ്പുകാരണം പ്രേക്ഷകരെ കാണാന്‍ അനുവദിക്കാതിരുന്ന ശ്രദ്ധേയമായ ഒരു നാടകമായിരുന്നു. പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. വിശ്വവിഖ്യാതനായ ഗ്രീക്കു സാഹിത്യകാരന്‍ കസാല്‍ദ് സാക്കീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന രചനയാണ് ആറാം തിരുമുറിവിന് പ്രചോദനമായത്. ക്രിസ്തുമതത്തെയും കര്‍ത്താവിനെയും നിന്ദിക്കുന്നു എന്നാരോപിച്ച് വലിയ കോളിളക്കങ്ങളുണ്ടായി. ആ നാടകം കണ്ടിട്ടില്ലാത്ത പാവപ്പെട്ട കന്യാസ്ത്രീകളടക്കമുള്ളവരെ തെരുവിലിറക്കാന്‍ സഭാ നേതൃത്വത്തിന് കഴിഞ്ഞു. കളിക്കാന്‍ തീരുമാനിച്ചിടത്തെല്ലാം നിരോധനാജ്ഞയുണ്ടായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി തെലുങ്കു കവി ഗദ്ദര്‍ അടക്കമുള്ളവര്‍ കേരളത്തിലെത്തി പ്രതിഷേധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു പ്രശ്‌നമാക്കി അവതരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതുമുന്നണി അധികാരത്തില്‍ വന്നെങ്കിലും നാടകം നിരോധിക്കപ്പെട്ടു. കാണാനും വിലയിരുത്താനുമുള്ള കാണികളുടെ അവകാശം നിഷേധിക്കപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി തവണ നാടകാവതരണത്തില്‍ മുന്നില്‍ വന്നിട്ടുണ്ട്. ശ്രദ്ധേയനായ ഗായകന്‍ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അധ്യാപക വൃന്ദവും രക്ഷകര്‍ത്താക്കളും കലോത്സവത്തില്‍ കുട്ടികളെ എത്തിക്കാന്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. അധ്യാപകര്‍ തന്നെ സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് സ്വരുക്കൂട്ടിയും നാടക റിഹേഴ്‌സലുകളില്‍ ശ്രദ്ധിച്ചും പ്രഗത്ഭരായ സംവിധായകരെ ക്ഷണിച്ചു വരുത്തി കളരികള്‍ സംഘടിപ്പിച്ചുമാണ് കുട്ടികളുടെ നാടകത്തെ കലോത്സവ വേദിയിലെത്തിക്കുന്നത്. ഇത്തവണയും കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തിയ മേമുണ്ട സ്‌കൂളിന്റെ നാടകം സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തില്ല.
ഉണ്ണി ആര്‍ ന്റെ വാങ്ക് എന്ന കഥയെ ആസ്പദമാക്കി റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ് കിത്താബ്. മതബോധവും ഈശ്വരവിശ്വാസവുമുള്ള സ്ത്രീകള്‍ക്ക് വാങ്ക് വിളിക്കാമോ എന്നതാണ് പ്രമേയം. ഉണ്ണി ആര്‍ ന്റെ കഥയില്‍ അങ്ങനെയൊരു ആഗ്രഹം തോന്നുന്ന റസിയ എന്ന പെണ്‍കുട്ടി ആണ്‍കൂട്ടിന്റെ ബൈക്കിന്റെ പിന്നില്‍ കയറി ഒരു കുറ്റിക്കാട്ടില്‍ച്ചെന്ന് ആഗ്രഹം നിറവേറ്റുകയായിരുന്നു മദ്യപാനികളുടെ സാന്നിധ്യത്തില്‍. ആ കഥയില്‍ നിന്നും പരിശുദ്ധവും മഹനീയവുമായ ഒരു വ്യതിയാനമാണ് ഈ നാടകത്തിലുള്ളത്. ബുര്‍ഖയണിഞ്ഞ പെണ്‍കുട്ടികള്‍ പ്രേക്ഷകര്‍ക്കുപോലും പ്രാര്‍ഥനയുടെ ആത്മാര്‍ഥത ബോധ്യപ്പെടുന്ന രീതിയില്‍ വാങ്കു വിളിക്കുകയാണ്.
അവതരണത്തിലും ആശയത്തിലും മികച്ചുനിന്ന ഈ നാടകം സംസ്ഥാന കലോത്സവത്തില്‍ നിന്ന് ഒഴിവായപ്പോള്‍ നല്ല നാടകം കാണാനുള്ള സന്ദര്‍ഭമാണ് നഷ്ടപ്പെട്ടത്. ഇ കെ അയമുവിന്റെയും കെ ടി മുഹമ്മദിന്റെയും പി എം രാജിന്റെയും കേരളപുരം കലാമിന്റെയും മറ്റും നാടകങ്ങള്‍ സമാധാനത്തോടെയും സഹിഷ്ണുതയോടെയും കണ്ട കേരളീയ സഹൃദയലോകം ഈ നാടകത്തെയും സ്വീകരിക്കുമായിരുന്നു.
കുട്ടികള്‍ക്കു ലഭിക്കുമായിരുന്ന ഗ്രേഡ് മാര്‍ക്ക് നഷ്ടപ്പെട്ടത് കണക്കാക്കിയില്ലെങ്കില്‍ പോലും മേമുണ്ട സ്‌കൂളിന്റെ കിരീടത്തില്‍ അണിയിക്കാമായിരുന്ന ഒരു പൊന്‍തൂവലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കലാസൃഷ്ടികളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെയും ശാന്തതയോടെയും സമീപിക്കുവാന്‍ കേരളത്തിലെ മതസമൂഹം സന്നദ്ധമാകേണ്ടിയിരിക്കുന്നു.