കിട്ടുമ്മാവന് ഷഷ്ഠിപൂര്‍ത്തി; പുല്‍ക്കൂട്ടിലെ ആ ജനനം വിവരിച്ച് യേശുദാസന്‍

Web Desk
Posted on June 17, 2019, 9:04 pm

കൊല്ലം: മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായ കിട്ടുമ്മാവന്റെ അറുപതാം വാര്‍ഷികം ജനയുഗവും കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയും സംയുക്തമായി ആഘോഷിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതിഹാളില്‍ 22 ശനിയാഴ്ച വൈകിട്ട് 4.30നാണ് പരിപാടി. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടിന് കാര്‍ട്ടൂണ്‍ രചനാമത്സരം കടപ്പാക്കട കാമ്പിശ്ശേരി ലൈബ്രറിഹാളില്‍ നടക്കും. ജനയുഗം ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍ രാജന്‍ മത്സരം ഉദ്ഘാടനം ചെയ്യും.

kittummavan

പൊതുസമ്മേളനം കിട്ടുമ്മാവന്റെ സ്രഷ്ടാവായ യേശുദാസന്റെ സാന്നിദ്ധ്യത്തില്‍ ജനയുഗം ചീഫ് എഡിറ്റര്‍ കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് സി ആര്‍ ജോസ്പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കാര്‍ട്ടൂണ്‍ മത്സരവിജയികള്‍ക്ക് ജനയുഗം എഡിറ്റര്‍ രാജാജി മാത്യുതോമസ് സമ്മാനദാനം നിര്‍വ്വഹിക്കും. ‘വരയുടെ സ്വാതന്ത്ര്യ’ത്തെപ്പറ്റി മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, കൗണ്‍സിലര്‍ എന്‍ മോഹനന്‍, സിറ്റിസെക്രട്ടറി എ ബിജു, റാഫി കാമ്പിശ്ശേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ലൈബ്രറി സെക്രട്ടറി പി എസ് സുരേഷ് സ്വാഗതവും ജനയുഗം യൂണിറ്റ് മാനേജര്‍ എ സതീശന്‍ നന്ദിയും പറയും.

”*1959 ജൂലൈ 18ാം തീയതി ബുധനാഴ്ച്ച വെളുപ്പിന് 58ാമത്തെ വയസ്സിൽ ജനയുഗത്തിന്റെ
പുല്‍ക്കൂട്ടില്‍ കിട്ടുമ്മാവൻ ജനിച്ചു. കിട്ടുമ്മാവന്റെ യഥാർത്ഥ പിതാവ് ആരാണെന്നുള്ളത് ഇപ്പോഴും തർക്കമുള്ള വിഷയമാണ്.
ഈ കടുംകൈയ്ക്ക് എനിക്ക് കൂട്ടുനിന്ന പല മാന്യന്മാരും ഇപ്പോൾ കൈ മലർത്തുന്നു.
എങ്കിലും എനിക്ക് പിതൃത്വം നിഷേധിക്കാനാവില്ല.  ഈ കുറ്റം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു എന്നതിന്റെ കൂട്ടുത്തരവാദിത്വത്തിൽ നിന്ന് എൻ.ഗോപിനാഥൻനായർ, ആർ.ഗോപിനാഥൻ നായർ, തെങ്ങമം,  കാമ്പിശ്ശേരി എന്നീ മഹാന്മാർക്ക് ഒഴിഞ്ഞുമാറാൻ കഴിയുമെന്ന് തോന്നുന്നില്ല.”

കാർട്ടൂണിസ്റ്റ് യേശുദാസൻ

കാര്‍ട്ടൂണ്‍ മത്സരം

സംസ്ഥാനാടിസ്ഥാനത്തിലാണ് കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കാനുള്ളവര്‍ 21ന് വൈകിട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0474–2748071, 9947067738, 960571009.
ഹൈസ്‌ക്കൂള്‍-ഹയര്‍സെക്കന്‍ഡറി, കോളജ്, പൊതുവിഭാഗം എന്നീ മൂന്ന് കാറ്റഗറികളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വരയ്ക്കാനുള്ള സാമഗ്രികളുമായി അന്നേദിവസം ഒരുമണിക്ക് കൊല്ലം കടപ്പാക്കട കാമ്പിശ്ശേരി ലൈബ്രറി ഹാളില്‍ എത്തേണ്ടതാണ്. വിജയികള്‍ക്ക് അന്ന് വൈകിട്ട് നാലിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ക്യാഷ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും.

YOU MAY ALSO LIKE THIS VIDEO