കടുക്കനിട്ട മരമാക്രിയെ മോഹിച്ച ഹിന്ദിപ്പെണ്ണ്

Web Desk
Posted on June 23, 2019, 10:10 pm
devika

മോന്ത മരമാക്രിയുടേത്. മരത്തവള കമ്മലിട്ടാല്‍ എങ്ങനിരിക്കും! ശരീരം പൊന്തന്‍മാടയുടേത്. വഴിയോരത്ത് പശു മൂത്രമൊഴിക്കുന്നതു കണ്ടാല്‍ വാഹനം നിര്‍ത്തി കൈക്കുമ്പിളില്‍ പശുവിന്റെ മൂത്രസഞ്ചിയാകെ കുടിച്ചുവറ്റിക്കുന്ന പൊന്തന്‍മാട. രണ്ടു ചെറുകുട്ടികള്‍ തമ്മിലുള്ള പ്രശ്‌നോത്തരിയിലെ ചോദ്യങ്ങളാണിവ. ഈ സത്വം ആരാണെന്നു പറയാമോ എന്ന് ഒരു കുട്ടി. ഒരു ക്ലൂ തരാമോ എന്ന് മറ്റേ കുട്ടിയുടെ ചോദ്യം. ക്ലൂ ഇല്ലെന്ന് മറുപടി. ഇല്ലെങ്കില്‍ വേണ്ട. ഇതിന് അല്ലെങ്കില്‍ ക്ലൂവെന്തിന്; ഉലകത്തില്‍ ഇതിന് ഒരുത്തരമല്ലേയുള്ളൂവെന്ന് മറ്റേ കുട്ടി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് അവളുടെ ഉത്തരം. ഈ യോഗിയെ കല്യാണം കഴിക്കണമെന്ന് ഏതെങ്കിലും പെണ്ണ് മോഹിച്ചാലോ എന്ന അടുത്ത ചോദ്യത്തിന് കടുക്കനിട്ട മരമാക്രിയെ മോഹിച്ച പെണ്ണിനെ തല്ലിക്കൊല്ലണമെന്നു മറുപടി.

സമൂഹമാധ്യമങ്ങളെ വേട്ടയാടുന്ന യുപിയിലെ യോഗിഭരണത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യ ധ്വംസനത്തിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠംപോലും ഇടപെടുന്ന കാലം. യോഗിയെ ശാദി (സംബന്ധം) കഴിക്കാന്‍ മോഹിച്ച് ആവര്‍ത്തിച്ചു പോസ്റ്റിട്ട യുപിയിലെ ഒരു ഹിന്ദി പെണ്ണിനെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചതിന് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ യോഗിയുടെ പൊലീസ് അകത്താക്കി. പുറത്താക്കാന്‍ സുപ്രിംകോടതി തന്നെ ഒടുവില്‍ ഇടപെടേണ്ടിവന്നു. ഇതുപോലൊരു മണുക്കൂസിനെ പരിണയിക്കാന്‍ മോഹിച്ച പെണ്ണിനെയല്ലേ അകത്താക്കേണ്ടിയിരുന്നത്. സ്ത്രീജന്‍മത്തിന് അപമാനമുണ്ടാക്കിയ ഈ ഹിന്ദിപ്പെണ്ണിനെതിരെ ഒരു വനിതാക്കൂട്ടായ്മയും രംഗത്തുവന്നതായും അറിവില്ല.

ഈ വാര്‍ത്തക്കിടെയാണ് മോഡിയുടെ വാരാണസിയിലെ പ്രശസ്ത ഗായികയായ ഹര്‍ദ് കൗറിനെതിരെ യോഗി സര്‍ക്കാര്‍ ദേശദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നുവെന്ന മറ്റൊരു കൗതുകവാര്‍ത്ത പുറത്തുവരുന്നത്. പാക്ഭീകരര്‍ക്കെതിരെ മുംബൈ ആക്രമണത്തിനിടെ പോരാടി വീരമൃത്യു വരിച്ച ഹേമന്ത് കാര്‍ക്കറേയുടെ കൊലയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിനും യോഗി ആദിത്യനാഥിനുമുള്ള അധാര്‍മികമായ പങ്കിനെക്കുറിച്ച് പോസ്റ്റിട്ടതിനാണ് ഹര്‍ദ് കൗറിനെതിരെ കേസെടുത്തിരിക്കുന്ന്. ഹേമന്ത് കര്‍ക്കറേയെ ദേശദ്രോഹിയെന്നു പരസ്യമായി മൈക്കുവച്ച് അപമാനിച്ച മലേഗാവ് ഭീകര സ്‌ഫോടന കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ താക്കൂര്‍ എന്ന സന്യാസിനി വേഷധാരിയെ ലോക്‌സഭാംഗത്വം നല്‍കി പ്രോത്സാഹിപ്പിച്ചവരാണ് ആര്‍എസ്എസും യോഗിയുടെ ബിജെപിയും. പ്രസ്താവനക്കെതിരെ ദേശാഭിമാന രോഷം ഇരമ്പിയപ്പോള്‍ മാപ്പുപറഞ്ഞ് പ്രഗ്യ തടിയൂരിയിട്ടും ഹര്‍ദ് കൗര്‍ ദേശദ്രോഹിയാകുന്ന നാണിപ്പിക്കുന്ന കൗതുകം.

ഇനി രണ്ട് പന്ത്രണ്ടുകാരികളുടെ കഥ. ഒരാള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി. മറ്റൊന്ന് രാത്രി പിതാവിനൊപ്പം കുടിലിനു പുറത്തെ ആകാശ മേലാപ്പിനുകീഴില്‍ അന്തിയുറങ്ങിയ പന്ത്രണ്ടുകാരിയായ പട്ടിണിക്കോലം. ആ കുട്ടിയെ ഉറക്കത്തില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി പൈശാചികമായി കൊല ചെയ്ത കേസിലെ പ്രതികള്‍ ബിജെപി കാപാലികരാണെന്ന് വാര്‍ത്തയുണ്ട്. ഇതേക്കുറിച്ച് യോഗിക്കോ യുപിയിലെ അമേഠിയെ പ്രതിനിധീകരിക്കുന്ന സ്മൃതി ഇറാനിക്കോ മിണ്ടാട്ടമില്ല. കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമപ്രവര്‍ത്തനങ്ങളുടെ വകുപ്പുമന്ത്രിയായ സ്മൃതി മൂന്നു കുട്ടികളുടെ അമ്മയാണ്. മോണോ ഇറാനിയെന്ന യുവതിയുടെ ഭര്‍ത്താവായിരുന്ന ബഡാ ബിസിനസുകാരന്‍ സുബിന്‍ ഇറാനിയുടെ ഇപ്പോഴത്തെ ഭാര്യയാണ് സ്മൃതി ഇറാനി. സീരിയലുകളിലും സിനിമകളിലുമായി ചെറുവേഷങ്ങളാടി നടന്നതിനിടെ സ്മൃതി സുബിന്‍ എന്ന പണച്ചാക്കിനെ വലയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് മോണോ ഇറാനിയുടെ ആരോപണം. സ്മൃതിയുടെ സംബന്ധക്കാര്യം അവിടെ നില്‍ക്കട്ടെ.

തന്റെ പുത്രി സോയിഷ് ഇറാനിയെ ഫെയ്‌സ്ബുക്കിലൂടെ ആരൊക്കെയോ ശല്യപ്പെടുത്തുന്നുവെന്നു പറഞ്ഞ് സ്മൃതി ഒരു പാവകജ്വാലയായി ട്വീറ്റ് ചെയ്തിരിക്കുന്നു. സഹപാഠികളിലൊരാള്‍ പൊന്നുമോളെ കളിയാക്കിയെന്നാണ് മറ്റൊരു പരാതി. ഇതേക്കുറിച്ച് ഇന്നലെ പുറത്തുവന്ന വാര്‍ത്തയില്‍ സ്മൃതിയുടെ ട്വിറ്ററില്‍ തന്റെ മകള്‍ കായികതാരവും കരാട്ടേ ബ്ലാക്ക്‌ബെല്‍റ്റുകാരിയും സര്‍വോപരി സുരസുന്ദരിയുമാണെന്നൊക്കെയാണ് വര്‍ണന. മകളുടെ സഹപാഠിയായ ഝാ എന്ന കൊച്ചനെ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തുന്നിടം വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പട്ടിണിക്കോലമായ കുരുന്നിനെ മൃഗീയമായി മാനഭംഗപ്പെടുത്തി കൊന്നവരെക്കുറിച്ച് ഉരിയാടാത്ത സ്മൃതി, മകളെ കൂട്ടുകാര്‍ കളിയാക്കിയതിന്റെ പേരില്‍ രോഷം കൊള്ളുന്നു. ‘സബ്കാ വിശ്വാസ്’ എന്ന കാപട്യത്തിന്റെ മുഖംമൂടി സ്മൃതി തന്നെ അഴിച്ചുകാണിക്കുമ്പോള്‍ അതിനെന്തൊരു ചേലും ചന്തവും.

ഒടുവില്‍ കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പായിരിക്കുന്നു. ഒരു ഓട്ടോയില്‍ കൊള്ളുന്ന അംഗബലമേ ലോക്‌സഭയില്‍ ഉള്ളുവെങ്കിലും ഭാരവാഹിത്വങ്ങളുടെ ഗമ വിടാനാവില്ലല്ലോ. കളഞ്ഞുകിട്ടിയ കസവുകോണകം കഴുകി മുറ്റത്തെ അയയിലിട്ട് താനും ഒരാഢ്യനാണെന്ന് മാലോകരെ ബോധ്യപ്പെടുത്താന്‍ പണ്ട് ഒരു നിത്യ പട്ടിണിക്കാരന്‍ വൃദ്ധന്‍ ചെയ്തതുപോലെ. കൊടിക്കുന്നില്‍ ലോക്‌സഭയിലെ വരവുതന്നെ കലക്കി. ഹിന്ദിയില്‍, ‘മേം കൊടിക്കുന്നില്‍ സുരേഷ് ഈശ്വര്‍ കേ നാം മേം ശപഥ് കര്‍ത്താ ഹൂം’ എന്ന് സത്യപ്രതിജ്ഞ. ബിജെപിയുടെ ഹിന്ദിവാലകള്‍ കയ്യടിയോടുകൂടി കയ്യടി, സത്യപ്രതിജ്ഞ കഴിഞ്ഞ് സോണിയ മാഡത്തിനടുത്തെത്തി, അഭിനന്ദനങ്ങളും അനുഗ്രഹാശിസുകളും ഏറ്റുവാങ്ങാന്‍. പക്ഷേ മാഡമാകെ കലിതുള്ളിച്ചുവന്നു തുടുത്തിരിപ്പാണ്. ‘എടോ തനിക്ക് മലയാളം എന്നൊരു മാതൃഭാഷയില്ലേ സത്യവാചകം ചൊല്ലാന്‍’ എന്നു പറഞ്ഞ് പൊട്ടിത്തെറിച്ചു തുടക്കം. വെടിക്കെട്ട് അവസാനിച്ചപ്പോള്‍ സോണിയ മാതൃഭാഷയായ ഇറ്റാലിയനില്‍ രണ്ടു താങ്ങ്. ‘ലോ ഇഡിയോട്ടാ, ലോ സ്റ്റുപ്പിഡിയോ പാസോ’ എന്നൊക്കെയായിരുന്നുവത്രേ ആശംസാ സമാപ്തി വാക്കുകള്‍. ഇഡിറ്റ്, സ്റ്റുപ്പിഡ് എന്നൊക്കെയാണ് ഇറ്റാലിയന്‍ വാക്കുകളുടെ ഇംഗ്ലീഷ് അര്‍ഥമെന്ന് ആ ഭാഷയറിയാവുന്ന ദേവികയുടെ ഒരു സുഹൃത്ത് പറഞ്ഞുതന്നു. എന്തായാലും സോണിയക്ക് നല്ല ഭാഷാ സൗന്ദര്യബോധമുണ്ട്. മഠയന്‍, മന്ദബുദ്ധി എന്നീ വിശേഷണങ്ങള്‍ കൊടിക്കുന്നിലിനു വേണ്ടി നിര്‍മിച്ചതാണെന്ന് മാഡത്തിനല്ലേ അറിയൂ.

പണ്ട് പ്രശസ്ത കാര്‍ട്ടൂണിസ്റ്റു കൂടിയായിരുന്ന തസ്രാഖിന്റെ കഥാകാരന്‍ ഒ വി വിജയന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഓര്‍മ വരുന്നു. ജമ്മു-കശ്മീരില്‍ ഷേഖ് അബ്ദുള്ള തടങ്കലില്‍ നിന്ന് മോചിതനായി മുഖ്യമന്ത്രി പദം ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ വരച്ച കാര്‍ട്ടൂണ്‍. ‘ഇനി അല്‍പ്പം ആസവാരിഷ്ടങ്ങളും കഷായവും കുഴമ്പും സുഖചികിത്സയുമാകാം’ എന്നായിരുന്നു കാര്‍ട്ടൂണിന്റെ അടിക്കുറിപ്പ്. ഇന്നായിരുന്നെങ്കില്‍ ചിലര്‍ ആ കാര്‍ട്ടൂണ്‍ മതനിന്ദാ നിര്‍ഭരമെന്ന് ചാപ്പകുത്തിയേക്കാം. മുസ്‌ലിമായ ഷേഖ് അബ്ദുള്ളയെ അവഹേളിച്ചു, ഹിന്ദുക്കളായ ചരകനും സുശ്രുതനും കണ്ടുപിടിച്ച ഔഷധങ്ങള്‍ നിര്‍ബന്ധിച്ചു കുടിപ്പിച്ചു എന്നൊക്കെ വ്യാഖ്യാനിച്ച്. സംസ്ഥാന ലളിതകലാ അക്കാദമി നല്‍കിയ കാര്‍ട്ടൂണ്‍ പുരസ്‌കാര നിര്‍ണയത്തിന് മന്ത്രിയുടെ മേലൊപ്പു വേണം എന്ന അന്യവര്‍ഗ ചിന്താഗതിയോടെ ചിലരൊക്കെ പറയുമ്പോള്‍ വിജയന്റെ കാര്‍ട്ടൂണ്‍ ഓര്‍ത്തുപോയെന്നു മാത്രം. മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആയ ‘ജനയുഗ’ത്തിലെ കിട്ടുമ്മാവന്റെ അറുപതാം വാര്‍ഷികാഘോഷത്തില്‍ കാര്‍ട്ടൂണിന്റെ സ്രഷ്ടാവായ യേശുദാസന്‍ പറഞ്ഞ വാക്കുകള്‍ക്ക് സജീവ പ്രസക്തിയുണ്ട്. പ്രശസ്തരായ വിധികര്‍ത്താക്കള്‍ പുരസ്‌കാരത്തിനു നിര്‍ണയിച്ച കാര്‍ട്ടൂണിന് മേലൊപ്പു വാങ്ങാന്‍ ലളിതകലാ അക്കാദമി ഭാരവാഹികള്‍ മന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങുന്നത് നാണക്കേടാണെന്നാണ് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയ്ക്ക് മലയാളക്കരയുടെ വരദാനമായ യേശുദാസന്‍ പറഞ്ഞത്. ഇല്ലാത്ത അധികാരം എടുത്തുപയോഗിക്കാന്‍ മന്ത്രി ബാലന്‍ കാട്ടുന്ന ശാഠ്യം ഇടതുപക്ഷ സംസ്‌കാരത്തിന് അന്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചൂണ്ടിക്കാട്ടിയിട്ടും ചിലര്‍ ഇപ്പോഴും എരുമയുടെ ആസനത്തില്‍ കിന്നരം വായിച്ചതിന്റെ അര്‍ഥമറിയാതെ രാഗമറിയാതെ നില്‍ക്കുന്നതുപോലെ.