കിട്ടുമ്മാവന് ഷഷ്ടിപൂര്‍ത്തി

Web Desk
Posted on May 19, 2019, 7:30 am

എസ് മോഹന്‍

നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1919 ഒക്‌ടോബറിലാണ് ആദ്യത്തെ മലയാള കാര്‍ട്ടൂണ്‍ കൊല്ലത്തെ പറവൂരില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടത്. അത് ‘വിദൂഷകന്‍’ വിനോദമാസികയിലായിരുന്നു. വീണ്ടും കൊല്ലത്തു നിന്ന് തന്നെ കാര്‍ട്ടൂണ്‍ രംഗത്തെ മറ്റൊരത്ഭുതം കൂടി സംഭവിച്ചു. 1959 ജൂലൈ 19 നാണ് മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണായ കിട്ടുമ്മാവന്‍ കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ജനയുഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഷഷ്ടി പൂര്‍ത്തി ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ കിട്ടുമ്മാവന്‍.

kittummavan

മൂത്തത് വെള്ളാപ്പള്ളിയോ കിട്ടുമ്മാവനോ

വെള്ളാപ്പള്ളി നടേശനാണോ കിട്ടുമ്മാവനാണോ പ്രായത്തില്‍ മൂത്തത്? ജനയുഗം ദിനപത്രത്തില്‍ ഏപ്രില്‍ 25 ന് പ്രസിദ്ധീകരിച്ച കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വായിച്ചപ്പോഴാണ് സംശയം ഉയര്‍ന്നത്. അതില്‍ കിട്ടുമ്മാവന്‍ വെള്ളാപ്പള്ളിയെ ചേട്ടാ എന്ന് വിളിച്ചിരിക്കുന്നു. അതുവരെ കിട്ടുമ്മാവനാണ് പ്രായം കൊണ്ട് മൂപ്പ് എന്നാണ് ധരിച്ചിരുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ 1937‑ല്‍ ജനിച്ച വെള്ളാപ്പള്ളിയേക്കാള്‍ 1959‑ല്‍ ജനിച്ച കിട്ടുമ്മാവനാണ് ഇളയത് എന്നു മനസിലായി. അപ്പോഴാണ് ഒരു കാര്യം ബോധ്യപ്പെട്ടത്. 1959 ജൂലൈ 19ന് ജനിച്ച കിട്ടുമ്മാവന് ഇപ്പോള്‍ 60 വയസ് പൂര്‍ത്തിയാകുന്നു. ഷഷ്ടി പൂര്‍ത്തി.

Kittummavan

കിട്ടുമ്മാവന്‍ ജനിക്കുന്നു
എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കണമെന്ന മോഹവുമായി കൊല്ലം വഴി തങ്ങള്‍കുഞ്ഞ് മുസലിയാര്‍ കോളജിലേക്ക് പോയ മാവേലിക്കര ഭരണിക്കാവുകാരനായ യേശുദാസന്‍ എന്ന ചെറുപ്പക്കാരന് കോളജില്‍ അഡ്മിഷന്‍ തരപ്പെട്ടില്ല. കോളജിലേക്ക് കടന്നുപോയപ്പോഴേ മനസില്‍ ഉടക്കിയതായിരുന്നു ജനയുഗം എന്ന ബോര്‍ഡ്. അതുകൊണ്ട് കരിക്കോട് എന്‍ജിനീയറിംഗ് കോളജില്‍ നിന്നും തിരിച്ചു വരുംവഴി യേശുദാസന്‍ കടപ്പാക്കടയിലുള്ള ജനയുഗം ഓഫീസില്‍ കയറി. പ്രശസ്ത പത്രാധിപന്മാരുടെ ഒരു നിരതന്നെ അവിടെ ഉണ്ടായിരുന്നു. കാമ്പിശേരി, തെങ്ങമം, ഉണ്ണിരാജ, എന്‍ ഗോപിനാഥന്‍ നായര്‍, ആര്‍ ഗോപിനാഥന്‍ നായര്‍, ആര്‍ പ്രകാശം, സി ആര്‍ എന്‍ പിഷാരടി, വി ലക്ഷ്മണന്‍, ഇഗ്നേഷ്യസ്, ആര്യാട് ഗോപി, കെ എസ് ചന്ദ്രന്‍, പറക്കോട് എന്‍ ആര്‍ കുറുപ്പ്, കെ ഗോവിന്ദപ്പിള്ള തുടങ്ങിയവര്‍. യേശുദാസന്‍ പ്രശ്‌നം അവരുടെ മുന്നില്‍ അവതരിപ്പിച്ചു. വരയ്ക്കാന്‍ താല്‍പര്യമുണ്ട്. എല്ലാവരുടേയും ഭാഗത്തു നിന്നും പ്രോത്സാഹനമുണ്ടായി. എന്തെങ്കിലും വരച്ചുകൊണ്ടുവരൂ എന്നു പറഞ്ഞു. വരയ്ക്കാം എന്ന് സമ്മതിച്ച് ഭരണിക്കാവിലെ വീട്ടിലെത്തി ആലോചിച്ച് യേശുദാസന്‍ ഒരു കഥാപാത്രത്തെ വരച്ചു. അതിന് അടിക്കുറിപ്പൊക്കെ എഴുതി. കഥാപാത്രത്തിന് പേരൊന്നും ഇട്ടില്ല. വരച്ച ചിത്രവുമായി യേശുദാസന്‍ ജനയുഗത്തിലെത്തി എല്ലാവര്‍ക്കും കഥാപാത്രത്തെ ഇഷ്ടപ്പെട്ടു. കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് തെങ്ങമം ബാലകൃഷ്ണനാണ് ഒരു പേരിട്ടത്-കിട്ടുമ്മാവന്‍. കഥാപാത്രം അടിച്ചു വന്നപ്പോള്‍ വായനക്കാരുടെ നല്ല പിന്തുണകിട്ടി. അങ്ങനെയാണ് മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആയ കിട്ടുമ്മാവന്റെ പിറവി. അത് 1959 ജൂലൈ 19 ന് ആയിരുന്നു. വിമോചന സമരം കത്തിനിന്ന കാലം. മന്നത്തിനെ വിമര്‍ശിക്കുന്നതിലും വിമോചന സമരത്തെ വിമര്‍ശിക്കുന്നതിലുമായിരുന്നു കിട്ടുമ്മാവന്‍ കൂടുതല്‍ ഷൈന്‍ ചെയ്തത്. മന്നത്തിന്റെ ക്യാമ്പില്‍ ഇരുന്നു കൊണ്ട് മന്നത്തിനെ വിമര്‍ശിക്കുന്ന രീതി.

kittummavan

കിട്ടുമ്മാവന്റെ കൂട്ടുകാര്‍

വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടുമ്മാവനോടൊപ്പം ഭാര്യ കാര്‍ത്ത്യായനിയമ്മയും മകള്‍ ശാന്തയുമുണ്ടാകും. കിട്ടുമ്മാവന്റെ മൂത്തമകള്‍ വല്ലപ്പോഴുമേ വീട്ടിലെത്താറുള്ളൂ. അതുകൊണ്ട് അപൂര്‍വ്വമായേ കാര്‍ട്ടൂണ്‍ കോളത്തില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. കലാ സാഹിത്യ വിഷയങ്ങളെക്കുറിച്ച് പറയുമ്പോള്‍ പ്രതികരിക്കാന്‍ കാഥികന്‍ കിണറ്റുംകുഴി ഒപ്പമുണ്ടാകും. അമ്പത്തൊമ്പത്-അറുപത് കാലഘട്ടം കഥാപ്രസംഗം അരങ്ങ് വാഴുന്ന കാലമായിരുന്നു. തോളില്‍ ഷാളിട്ട് കയ്യില്‍ ചപ്ലാക്കട്ടയുമായി വരുന്ന കിണറ്റുംകുഴിക്ക് കിട്ടുമ്മാവന്റെ അവിവാഹിതയായ മകള്‍ ശാന്ത ഒരു വീക്ക്‌നസ് ആയിരുന്നു. കിട്ടുമ്മാവനും മകളും പങ്കെടുക്കുന്ന കോളത്തില്‍ ചുറ്റിത്തിരിയാന്‍ കാഥികനുമുണ്ടാവു.
കിട്ടുമ്മാവനോടൊപ്പം ഏറ്റവും സജീവമായി പങ്കെടുക്കാറുള്ള ഒരു കഥാപാത്രം പൈലിയാണ്. ബനിയനും കൈലിയുമാണ് വേഷം. കഴുത്തില്‍ വെന്തിങ്ങായുമുണ്ടാകും. വഴക്കിലും പുക്കാറിലുമൊക്കെ ഇടപെടുന്ന ഒരു ചട്ടമ്പി സ്റ്റൈല്‍. വിമോചന സമരകാലത്ത് മന്നത്തിന്റെ ക്യാമ്പില്‍ ചെന്ന് മന്നത്തിനെ വിമര്‍ശിക്കുന്ന ശീലവും പൈലിക്കുണ്ടായിരുന്നു. ഒരു കേരള കോണ്‍ഗ്രസ് ലുക്ക്. ചിലപ്പോള്‍ പള്ളിയില്‍ നിന്നും ഇറങ്ങി വരുന്ന വഴിക്ക് ‘കണ്ടോടാ കണ്ടോടാ നായര്‍ പടയെ കണ്ടോടാ ’ എന്ന് മുദ്രാവാക്യം വിളിച്ചു കളയും. അന്ന് കേരളത്തില്‍ പലയിടത്തും ആളുകള്‍ക്ക് പൈലി എന്ന പേര് വീണുകിട്ടിയിട്ടുണ്ടായിരുന്നു.

പാച്ചരന്‍ ഭാഗവതരും ചെവിയന്‍പപ്പുവും കിട്ടുമ്മാവന്റെ മറ്റ് രണ്ട് കൂട്ടുകാരായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മാത്തനേഡ്ഡ്. പഴയ കൂമ്പന്‍ തൊപ്പിയും അരനിക്കറും കാലില്‍ പട്ടീസും അതില്‍ കുത്തി വച്ചിരിക്കുന്ന പെന്‍സിലും ഏഡ്ഡിന്റെ പ്രത്യേകതകളായിരുന്നു. ഒപ്പം അല്‍പം തടിച്ച ശരീരവും. ഇപ്പോള്‍ കാലം മാറിയതോടെ പുതിയ കിട്ടുമ്മാവന്‍ കോളങ്ങളില്‍ ഇറക്കമുള്ള പാന്റ് ധരിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്.
ചായക്കടക്കാരന്‍ മമ്മൂഞ്ഞാണ് കിട്ടുമ്മാവന്റെ മറ്റൊരു ഫ്രണ്ട്. അമ്പത്തൊമ്പത് അറുപത് കാലഘട്ടങ്ങളിലെ മുസ്‌ലിങ്ങള്‍ തലമൊട്ടയടിക്കുന്നവരായിരുന്നു. മൊട്ടയിലെ കുറ്റിമുടിയോടെ മാത്രമേ മമ്മൂഞ്ഞിനെ നമ്മള്‍ കണ്ടിട്ടുള്ളൂ. ‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്ന ബോര്‍ഡിന് താഴെയിരുന്ന് രാഷ്ട്രീയം പറയുന്നവര്‍ക്ക് ചായയുമായി നടന്നു പ്രവേശിക്കുന്ന രീതിയിലാണ് കൂടുതലും മമ്മൂഞ്ഞിനെ കാണാറുള്ളത.് കിട്ടുമ്മാവനില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന ഒരു സ്ത്രീ കഥാപാത്രമായിരുന്നു അയല്‍ക്കാരന്‍ വേലുപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ. വൈവിധ്യമുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയപ്പോഴാണ് കിട്ടുമ്മാവനോടൊപ്പം കൂടുതല്‍ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഒരു പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രത്തോടൊപ്പം പലപ്പോഴായിട്ടാണെങ്കിലും ഇത്രയധികം കഥാപാത്രങ്ങള്‍ പങ്കെടുക്കുന്നത് ഒരു ലോക റിക്കാര്‍ഡുതന്നെയാണ്. ഇന്ന് കിട്ടുമ്മാവനില്‍ ഒരു വ്യത്യാസം നമുക്ക് കാണാം. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖരും കിട്ടുമ്മാവനോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. കിട്ടുമ്മാവനും കഥാപാത്രങ്ങളും പോപ്പുലറായതോടെ അന്നത്തെ പാര്‍ട്ടി സമ്മേളന ജാഥകളില്‍ കിട്ടുമ്മാവന്റേയും പൈലിയുടേയുമൊക്കെ വേഷം കെട്ടി ചില ജാഥാംഗങ്ങള്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസത്തെ ജനയുഗത്തില്‍ വാര്‍ത്തയുടെ കൂട്ടത്തില്‍ ഇങ്ങനെ ഒരു കുറിപ്പും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ‘ജാഥയില്‍ കിട്ടുമ്മാവനും പൈലിയും പങ്കെടുത്തു.’

kittummavan

പുതിയ പോക്കറ്റ് കാര്‍ട്ടൂണുകള്‍

ജനയുഗത്തിലെ കിട്ടുമ്മാവന്‍ ആളുകളെ ആകര്‍ഷിച്ചു തുടങ്ങിയപ്പോള്‍ മറ്റ് പത്രക്കാരും പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ദേശബന്ധുവിലെ വേലൂച്ചാരും കേരളധ്വനിയിലെ ഉപ്പായി മാപ്ലയുമൊക്കെ അങ്ങനെ രംഗത്തെത്തിയവരായിരുന്നു. മനോരമയിലെ കുഞ്ചുക്കുറുപ്പ്, മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ‘നാണിയമ്മയും ലോകവും’ ഗഫൂറിന്റെ കുഞ്ഞമ്മാന്‍ എന്നിവ അക്കൂട്ടത്തില്‍പെടും. കാലം കഴിഞ്ഞപ്പോള്‍ ഏതാണ് മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ എന്നൊരു തര്‍ക്കം വന്നു. മലയാള മനോരമയിലെ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് വിശദമായ അന്വേഷണം തന്നെ നടത്തി. അദ്ദേഹം കൊല്ലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന സഖാക്കളുമായി ബന്ധപ്പെട്ട് ജനയുഗത്തിന്റെ പഴയ ഫയലുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തി-കിട്ടുമ്മാവന്‍ തന്നെ മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍.

YESUDAS CARTTOON
കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ തുടങ്ങുന്നതിനും കൂടുതല്‍ ജനപ്രിയമാക്കുന്നതിനും യേശുദാസനെ ഏറ്റവുമധികം സഹായിച്ചത് ജനയുഗം പത്രാധിപര്‍ കാമ്പിശേരി കരുണാകരനായിരുന്നു. ജനയുഗത്തിലായിരുന്നപ്പോള്‍ എന്നും വൈകിട്ട് കാമ്പിശേരിയുമൊത്ത് യേശുദാസന്‍ നടക്കാനിറങ്ങുമായിരുന്നു. ആശ്രാമം ചിന്നക്കട വഴി കടപ്പാക്കട റൂട്ടിലായിരുന്നു യാത്രം. നടത്തയ്ക്കിടയില്‍ വിവിധ വിഷയങ്ങള്‍ സംസാരിക്കും. തിരിച്ച് ഓഫീസില്‍ എത്തുമ്പോഴേക്കും അന്നത്തെ കിട്ടുമ്മാവനുള്ള ആശയം കിട്ടിയിരിക്കും. അന്ന് സന്ധ്യാ നേരത്താണ് കിട്ടുമ്മാവന്‍ വരച്ച് ഫിനിഷ് ചെയ്തിരുന്നത്. ചിലപ്പോള്‍ പത്രാധിപ സമിതി കൂടി ചര്‍ച്ച ചെയ്തും കിട്ടുമ്മാവനുള്ള വിഷയങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനയുഗം വായനക്കാര്‍ തപാല്‍ വഴി ആശയങ്ങള്‍ എത്തിച്ചു കൊടുക്കുന്ന പതിവുമുണ്ടായിരുന്നു. ജനയുഗം വിട്ട് ഡല്‍ഹിയിലെ ശങ്കേഴ്‌സ് വീക്കിലിയില്‍ പോയ കാലത്ത് യേശുദാസന്റെ അനുമതിയോടെ കാമ്പിശേരി കിട്ടുമ്മാവനുള്ള അടിക്കുറിപ്പുകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മറ്റൊരു കാര്‍ട്ടൂണിസ്റ്റ് കിട്ടുമ്മാവനെ ഒരു ദിവസം വരച്ചപ്പോള്‍ യേശുദാസന്‍ അനിഷ്ടം അറിയിക്കുകയും യേശുദാസന്റെ കിട്ടുമ്മാവന്‍ അതേപടി തുടരുകയും ചെയ്തു.


കിട്ടുമ്മാവന്റെ കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കുമുണ്ടായിരുന്നു താല്‍പര്യം. ടി വി തോമസ്, എം എന്‍, പി കെ വി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടും. ഗൗരവക്കാരായ ചില സഖാക്കള്‍ കിട്ടുമ്മാനേയും കാര്‍ട്ട്യൂണിസ്റ്റിനേയും വിമര്‍ശിച്ചപ്പോള്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ ചിരിക്കരുത് എന്ന് മാനിഫെസ്റ്റോയില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്ന് ചോദിച്ചാണ് സഖാവ് എം എന്‍ അവരുടെ നാവടക്കിയത്. ടി വി തോമസ് ജനയുഗത്തിലെത്തുമ്പോഴൊക്കെ യേശുദാസന്റെ അടുത്തെത്തി കിട്ടുമ്മാവനിലെ കമന്റുകളെക്കുറിച്ച് പറഞ്ഞ് അഭിനന്ദിക്കുമായിരുന്നു. തോപ്പില്‍ഭാസിയുടെ ജനയുഗം സന്ദര്‍ശനങ്ങള്‍ക്കിടയില്‍ കാമ്പിശേരി പറയും കിട്ടുമ്മാവന്റെ കാര്യത്തെക്കുറിച്ച് യേശുദാസനുമായിട്ടൊന്ന് സംസാരിക്ക്. ഭാസി താല്‍പര്യപൂര്‍വ്വം സംസാരിക്കും. എന്നാല്‍ എപ്പോഴും ഭാസിയുടെ സംസാരം കിട്ടുമ്മാവന്റെ ഭാര്യയിലും മകളിലുമാണ് ചെന്നു നില്‍ക്കുക.


ഇതിനിടെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ ഒരു സമാഹാരം ജനയുഗം പുറത്തിറക്കി. ദൃഷ്ടി അതില്‍ തെരഞ്ഞെടുത്ത കിട്ടുമ്മാവന്‍ കാര്‍ട്ടൂണുകളും ഉള്‍പ്പെടുത്തിയിരുന്നു. യേശുദാസന്‍ ശങ്കേഴ്‌സ് വീക്കിലിയില്‍ ചേരാന്‍ ജനയുഗം വിട്ടപ്പോള്‍ അക്കാലത്ത് ജനയുഗവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും ഇടപെട്ട് കിട്ടുമ്മാവന്‍ കത്തുകള്‍ അയക്കുമായിരുന്നു. ഒരു കാല വര്‍ഷക്കാലം. അന്ന് ജനയുഗത്തിന് റോട്ടറി പ്രസ് വാങ്ങാന്‍ നടപടികള്‍ നീങ്ങിയപ്പോള്‍ കുടവാങ്ങാന്‍ വച്ചിരുന്ന തുക പ്രസ് വാങ്ങാന്‍ അയയ്ക്കുന്നു എന്ന് കാണിച്ച് കിട്ടുമ്മാവന്‍ എഴുതിയ കത്ത് ജനയുഗത്തില്‍ അടിച്ചു വന്നു. വായനക്കാരെ ഏറെ രസിപ്പിച്ച ഒരു സംഭവമായിരുന്നു അത്.

YESUDAS CARTTOONകിട്ടുമ്മാവന് അമ്പതു വയസ് പൂര്‍ത്തിയായപ്പോള്‍ കൊല്ലത്ത് വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അന്ന് കിട്ടുമ്മാവന്റെ വേഷമിട്ടു വരുന്നവരുടെ മത്സരവും ‘നിങ്ങള്‍ എന്നെ കിട്ടുമ്മാനാക്കി’ എന്ന നാടകവുമൊക്കെയുണ്ടായിരുന്നു.
ഒരു ഇടവേളയില്‍ ജനയുഗം കുറച്ചുനാള്‍ പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു. വീണ്ടും തുടങ്ങിയ ജനയുഗത്തില്‍ കിട്ടുമ്മാവനില്ലായിരുന്നു. അങ്ങനെ കുറേനാള്‍ പോയപ്പോള്‍ ജനയുഗത്തിന്റെയും പാര്‍ട്ടി നേതാക്കന്മാരുടെയും സ്‌നേഹപൂര്‍വമായ ഇടപെടീല്‍ കാരണം കിട്ടുമ്മാവനുമൊത്തു യേശുദാസന്‍ ജനയുഗത്തില്‍ കാലത്തിനനുസരിച്ച ചില മാറ്റങ്ങളോടു കൂടി തിരിച്ചെത്തി. കാര്‍ട്ടൂണ്‍ വരയില്‍ കൃത്യത വേണമെന്ന നിര്‍ബന്ധക്കാരനാണ് യേശുദാസന്‍. സൂക്ഷ്മ നിരീക്ഷണം നടത്തി വേണം വരയെന്ന പക്ഷക്കാരനുമാണ്. കുടഞ്ഞിട്ട് ചിരിക്കുന്ന രീതിയല്ല കിട്ടുമ്മാവന്. തന്റെ കാഴ്ച്ചപാടിലുള്ളതും പാര്‍ട്ടി നിലപാടുകള്‍ക്ക് ചേര്‍ന്നതുമായ വിഷയങ്ങള്‍ കാര്‍ട്ടൂണിസ്റ്റ് കിട്ടുമ്മാവനിലൂടെ ഇന്ന് അവതരിപ്പിക്കുന്നു. അതിന് ആവശ്യമായ രാഷ്ട്രീയ നേതാക്കന്മാരേയും മറ്റ് പ്രമുഖ വ്യക്തികളേയും സ്ഥിരം കഥാപാത്രങ്ങളേയും ചേരും പടിചേര്‍ത്താണ് ഇന്ന് കിട്ടുമ്മാവനിറങ്ങുന്നത്. അറുപത് തികഞ്ഞ കിട്ടുമ്മാവന് ആശംസകള്‍.

YESUDAS CARTTOOn