കല്‍ബുര്‍ഗിയുടെ കൊലയാളിയെ ഭാര്യതിരിച്ചറിഞ്ഞു, പ്രതി ഗൗരിലങ്കേഷിന്‍റെ വധത്തിലും പങ്കാളി

Web Desk
Posted on July 18, 2019, 3:08 pm

ബംഗലുരു; കന്നട പണ്ഡിതന്‍ എംഎം കല്‍ബുര്‍ഗിയുടെ കൊലയാളിയെ ഭാര്യതിരിച്ചറിഞ്ഞു. 2015 ഓഗസ്റ്റ് 30ന് കല്‍ബുര്‍ഗിയെ വീട്ടുപടിക്കല്‍വച്ച് വെടിവച്ചുകൊലപ്പെടുത്തിയയാളെയാണ് കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി തിരിച്ചറിഞ്ഞത്.

ഗണേഷ് മിസ്‌കിന്‍(27)എന്ന സനാതന്‍സന്‍സ്ത പ്രവര്‍ത്തകനെയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയല്‍ പരേഡിലാണ് കൊലയാളിയെ കുടുക്കാനായത്. ഇയാള്‍ 2017 സെപ്റ്റംബറില്‍ നടന്ന ഗൗരിലങ്കേഷ് വധത്തില്‍ ഉള്‍പ്പെട്ട രണ്ടില്‍ ഒരാളാണ്.ഇന്ന് നടന്ന തിരിച്ചറിയല്‍പരേഡില്‍ കൊലയാളിയെ ഉമാദേവി തിരിച്ചറിഞ്ഞതായി കല്‍ബുര്‍ഗിയുടെ മകന്‍ ശ്രീവിജയുംഅറിയിച്ചു.
പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗൗരിയുടെ വധത്തിനായി ഘാതകന്‍ പരശുറാം വാഗ്മോറെയെ അവരുടെ വീട്ടുപടിക്കലെത്തിച്ച ബൈക്കുകാരനെ ക്കുറിച്ചുള്ള അന്വേഷണത്തിലാണ് മിസ്‌കിന്‍ പിടിയിലായത്. ഉമാദേവിയുടെ നിവേദനത്തെത്തുടര്‍ന്നാണ് കല്‍ബുര്‍ഗിക്കേസ് അന്വേഷണം കഴിഞ്ഞമാര്‍ച്ചില്‍ ഗൗരിലങ്കേഷ് വധക്കേസ് അന്വേഷിച്ച പ്രത്യേകാന്വേഷണ വിഭാഗത്തെ ഏല്‍പ്പിച്ചത്.
ഗൗരിലങ്കേഷിന്റെ കൊലപാതകത്തിന് ഉപയോഗിച്ച അതേ തോക്കുതന്നെയാണ് ് തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന ഉമാദേവിയുടെ വാദമാണ് വഴിത്തിരിവായത്. 2015ഓഗസ്റ്ര് 30ന് പ്രഭാതത്തില്‍ ഒരാള്‍ കല്‍ബുര്‍ഗിയുടെ വീടിന്റെ വാതിലില്‍മുട്ടിവിളിച്ചു. വാതില്‍തുറന്ന ഉമാദേവിയോട് കല്‍ബുര്‍ഗിയെത്തിരക്കി. ഈ സമയം ഒരാള്‍ ബൈക്കില്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കല്‍ബുര്‍ഗിപുറത്തെത്തിയ സമയം പടിവാതിലില്‍ അദ്ദേഹത്തെ വെടിവച്ചുവീഴ്ത്തുകയായിരുന്നു.
പുറത്തുകാത്തുനിന്നത് പ്രവീണ്‍പ്രകാശ് ചാട്ടൂര്‍(27)എന്നയാളാണെന്ന് കഴിഞ്ഞമേയ് മാസത്തില്‍ അന്വേഷണ സംഘം കണ്ടെത്തിയതാണ്. കല്‍ബുര്‍ഗിയയെയും ലങ്കേഷിനെയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ചാണെന്നും അതേ തോക്കുതന്നെയാണ് 2015 ഫെബ്രുവരിയില്‍ കോലാപൂരില്‍ ഇടതു ചിന്തകന്‍ ഗോവിന്ദ് പന്‍സാരെയെ വധിക്കാന്‍ ഉപയോഗിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. പന്‍സാരെയെ വധിക്കാന്‍ ഉപയോഗിച്ച രണ്ടാമത്തെ തോക്കുതന്നെയാണ് 2013ല്‍ പൂനെയില്‍വച്ച് യുക്തിവാദി നരേന്ദ്രധബോല്‍ക്കറെ വധിക്കാന്‍ ഉപയോഗിച്ചതെന്നും കണ്ടെത്തി.

സനാതന്‍ സന്‍സ്തയുടെ പ്രസിദ്ധീകരണമായ ക്ഷാത്രധര്‍മ്മ സാധനയുമായി ബന്ധപ്പെട്ട സംഘമാണ്. സമൂഹത്തില്‍നിന്ന് അവരുടെ ചിന്താധാരക്ക് എതിരായവരെ കണ്ടെത്തി ചൂണ്ടിക്കാണിക്കുന്നതെന്നും പ്രത്യേകാന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തില്‍ വിവരിക്കുന്നു.