Monday
18 Feb 2019

മാണിക്യമല്ല മാണി: യുഡിഎഫ് യുദ്ധക്കളമായി

By: Web Desk | Friday 8 June 2018 10:59 PM IST

കെ എം മാണി കന്റോണ്‍മെന്റ് ഹൗസിലെത്തിയപ്പോള്‍
  • കോണ്‍ഗ്രസ് യുവജനസംഘടനകളില്‍ നിന്ന് കൂട്ട രാജി
  • യുഡിഎഫ് യോഗസ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു മാര്‍ച്ച്
  • പങ്കെടുക്കാതെ പ്രതിഷേധിച്ച് മുരളീധരന്‍, മാണി വരുംമുന്‍പ് സുധീരന്‍ ഇറങ്ങിപ്പോയി

പി എസ് രശ്മി

തിരുവനന്തപുരം: കോണ്‍ഗ്രസിലും യുഡിഎഫിലും കലാപത്തിന്റെ തിരി കൊളുത്തി മാണി യുഡിഎഫിന്റെ ഭാഗമായി. ഇടവേളയ്ക്ക് ശേഷം വിലപേശി വാങ്ങിയ രാജ്യസഭാ സീറ്റുമായി യുഡിഎഫിലേക്ക് മടങ്ങിയെത്തുമ്പോള്‍ മാണിയെ സ്വീകരിച്ചത് പ്രതിഷേധത്തിന്റെയും വിമര്‍ശനങ്ങളുടെയും നിലയ്ക്കാത്ത പ്രവാഹം. കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ കീഴടങ്ങിയ നേതൃത്വത്തിനെതിരെ സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴാണ് കന്റോണ്‍മെന്റ് ഹൗസിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് കെ എം മാണി വീണ്ടുമെത്തിയത്.

എംഎല്‍എ ഹോസ്റ്റലില്‍ യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗത്തിന് ശേഷം കന്റോണ്‍മെന്റ് ഹൗസിലെത്തിയ മാണിയെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് സ്വീകരിച്ചത്. മാണിയുടെ കാര്യത്തില്‍ തുടക്കം മുതല്‍ വിയോജിപ്പിന്റെ സ്വരമുയര്‍ത്തിയ വി എം സുധീരന്‍ മാണിയെത്തും മുമ്പേ യോഗത്തില്‍ നിന്നിറങ്ങിപ്പോയി തന്റെ എതിര്‍പ്പ് ശക്തമാക്കി. കെ മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കാതെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. മുന്നണിയെ ശക്തിപ്പെടുത്താനെന്ന പേരില്‍ കോണ്‍ഗ്രസിന് വലിയ വില നല്‍കേണ്ടി വന്നു എന്ന സാധാരണ പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് താന്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നായിരുന്നു മുരളി പറഞ്ഞത്. വ്യക്തിപരമായ കാരണത്താല്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും യോഗത്തില്‍ പങ്കെടുത്തില്ല. യോഗം നടന്ന കന്റോണ്‍മെന്റ് ഹൗസിലേക്ക് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചും നടത്തി.

നേതാക്കളെ ചോദ്യം ചെയ്യുന്ന നിലപാടുമായി സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് യുവനേതാക്കളുടെ രാജിയും പ്രതിഷേധവും തുടരുകയാണ്. നിരവധി പേരാണ് കോണ്‍ഗ്രസിലും യുഡിഎഫിലും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ഹൈക്കമാന്‍ഡിന് ഒരു കൂട്ടം യുവകോണ്‍ഗ്രസ് എം എല്‍ എ മാര്‍ പരാതി നല്‍കിയതിന് പിന്നാലെ തിരുവഞ്ചൂരും ഷാനിമോള്‍ ഉസ്മാനും അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഘടകകക്ഷി നേതാക്കളായ ജോണി നെല്ലൂരും എഎ അസീസും മാണി വിഷയത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തി. കടുത്ത വിമര്‍ശനവുമായി വീണ്ടും പിജെ കുര്യനും രംഗം കൊഴുപ്പിച്ചു. തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നാണ് കുര്യന്‍ പറയുന്നത്. സീറ്റ് ധാരണ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയാണെന്ന ആരോപണവുമായി കെ വി തോമസും എത്തിയിട്ടുണ്ട്.

എന്നാല്‍ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണെന്ന വാദത്തോടെയാണ് മാണി യുഡിഎഫിലെത്തിയത്. കോണ്‍ഗ്രസ് അറിഞ്ഞ് നല്‍കിയ സീറ്റാണെന്നും കോണ്‍ഗ്രസിലെ പ്രതിഷേധം തങ്ങളെ ബാധിക്കില്ലെന്നുമുള്ള മാണിയുടെ പ്രസ്താവനയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയടക്കം ചൊടിപ്പിച്ചിട്ടുണ്ട്. ചെന്നിത്തലയും ഹസനും ഉമ്മന്‍ചാണ്ടിയും അടങ്ങിയ സംഘം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് മാണിയുമായി നടത്തിയ രഹസ്യ ധാരണ പ്രകാരമാണ് രാജ്യസഭാ സീറ്റ് നല്‍കിയതെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും വളരെ വൈകിയാണ് അറിഞ്ഞത്. പി ജെ കുര്യനെതിരെ യൂത്ത് നേതാക്കളെക്കൊണ്ട് പ്രതിഷേധമുയര്‍ത്തിച്ചതും ഇതിന്റെ ഭാഗമായിരുന്നുവെന്ന് തിരിച്ചറയാന്‍ യൂത്ത് നേതാക്കളും വൈകി. എന്നാല്‍ മൂവര്‍ സംഘത്തിന്റെ ഗൂഢാലോചന വ്യക്തമായതോടെയാണ് വിവിധ കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.

യുവാക്കളും ഒരു വിഭാഗം നേതാക്കളും വിമര്‍ശനമുയര്‍ത്തുമ്പോള്‍ മാണിയെ സ്വീകരിച്ച തങ്ങളുടെ തീരുമാനമാണ് ശരിയെന്ന നിലപാടിലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടങ്ങുന്ന നേതൃത്വം. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി കമ്മിറ്റി കൂടി എടുക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ വസ്തുത മനസിലാക്കുന്നില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. കോണ്‍ഗ്രസിനകത്തും പുറത്തുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ മുന്നണിയെ ശക്തിപ്പെടുത്താനെന്ന പേരില്‍ നേതാക്കളെടുത്ത തീരുമാനം കോണ്‍ഗ്രസിന് തലവേദനയാകുകയാണ്. നേതാക്കളുടെ തീരുമാനത്തെ ഉള്‍ക്കൊള്ളാത്ത അണികളുടെ പ്രതിഷേധത്തെയും മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനത്തെയും എങ്ങിനെ നേരിടുമെന്നത് വരും ദിവസങ്ങളില്‍ നേതൃത്വത്തിന് തലവേദനയാകും.

തീരുമാനം കോണ്‍ഗ്രസിന്റെ നാശത്തിന്: സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകര്‍ത്ത് മുന്നണിയെ വിപുലപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസിന്റെ നാശത്തിനാണെന്ന് വി എം സുധീരന്‍. ഇത് ബിജെപി മുതലെടുക്കുമെന്നും സുധീരന്‍ പ്രതികരിച്ചു.

രാജ്യസഭാ സീറ്റ് നല്‍കി കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ തിരിച്ചെടുത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി. മാണി വരുന്നതിന് മുന്‍പ് വരെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം പോയത്. യോഗത്തിലും സുധീരന്‍ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Related News