Web Desk

കോഴിക്കോട്

April 17, 2021, 10:40 pm

കെ എം ഷാജിയുടെ അനധികൃത സ്വത്ത് കേസ്: അന്വേഷണ സംഘം വിപുലീകരിക്കുന്നു

Janayugom Online

മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി എംഎൽഎയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണ സംഘം വിപുലീകരിക്കാനൊരുങ്ങി വിജിലൻസ്. കഴിഞ്ഞ പത്ത് വർഷത്തെ സമ്പാദ്യവും ചെലവും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം. ഇതോടൊപ്പം കൃഷിയില്‍ നിന്നുള്ള വരുമാനവും രണ്ട് വീടുകളുടെ മൂല്യവും പിഡബ്ല്യുഡി, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെ സഹായത്തോടെ കണക്കാക്കും. ഇതിനായാണ് കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ വിപുലീകരിക്കുന്നത്. തിങ്കളാഴ്ച ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ നാലര മണിക്കൂറാണ് വിജിലൻസ് എസ് പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്തത്. വീട്ടിൽ നിന്ന് പിടിച്ച പണത്തെ സംബന്ധിക്കുന്ന രേഖകൾ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കുമെന്നാണ് ഷാജി വിജിലൻസിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ അരക്കോടിയോളം വരുന്ന രൂപയുടെ ഉറവിടം കാണിക്കാൻ സമയം വേണമെന്ന കെ എം ഷാജിയുടെ ആവശ്യം വിജിലൻസ് തള്ളി. 2011- 2020 കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മിഷന് ഷാജി നൽകിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരവും വിജിലൻസ് പരിശോധിക്കുകയാണ്. ഈ മാസം 23 നാണ് കേസ് കോടതി പരിഗണിക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ടെന്നും അത് കൃത്യമായി ഹാജരാക്കുമെന്നും കെ എം ഷാജി എംഎല്‍എ. മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്റെ മിനിട്സ് അടക്കം ഹാജരാക്കിയിട്ടുണ്ട്. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. തെരഞ്ഞെടുപ്പിന് പിന്നാലെ അസാധാരണമായി വീട്ടിലും ക്യാമ്പ് ഓഫീസിലും നടന്ന വിജിലൻസ് റെയ്ഡിനു ശേഷം വ്യാപകമായ വ്യാജപ്രചാരണങ്ങളാണ് പുറത്തുവന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നതെന്നാണ് ചിലരൊക്കെ പ്രചരിപ്പിച്ചത്. 47,35,000 രൂപയാണ് വിജിലൻസുകാർ കൊണ്ടുപോയത്. ഇതിനു ശരിയായ രേഖയുണ്ട്. സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാർത്തകൾ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വിജിലൻസുകാർ കൊണ്ടുപോയത്. എംഎൽഎ ആയതിനുശേഷം രണ്ട് സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരിൽ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കർ വയലും മാത്രമാണ് എംഎൽഎ ആയതിനു ശേഷം വാങ്ങിയിട്ടുള്ളത്. പണം മാറ്റാതിരുന്നത് കൃത്യമായ രേഖയുള്ളതിനാലാണ്. അഴീക്കോട്ടെ ക്യാമ്പ് ഹൗസിൽ ഒരു ബെഡ് റൂമേയുള്ളൂ. അതിൽ ഒരു കട്ടിലേയുള്ളൂ. അതിന് താഴെയാണ് പണമുണ്ടായിരുന്നതെന്ന് വിജിലൻസുകാർ തന്നെ പറയുന്നു. ഇലക്ഷന് വേണ്ടി പിരിച്ചെടുത്ത തുക ആയതിനാൽ കൗണ്ടർ ഫോയിൽ ശേഖരിക്കണം. ഇതിന് സാവകാശം വേണം. പണം മറ്റാതിരുന്നത് കൃത്യമായ രേഖ ഉള്ളതിനാലാണ്. അഴീക്കോട് സർവീസ് സഹകരണ ബാങ്കിൽ ഇതിന്റെ എല്ലാം കണക്കുകളുണ്ട്. പണം ഇനിയും പലർക്കായി നൽകാനുണ്ടെന്നും ഷാജി വ്യക്തമാക്കി.

Eng­lish summary;

You may also like this video;