Thursday
21 Feb 2019

കെഎംഎംഎല്ലിനെതിരെ ഹരിത ട്രിബ്യൂണല്‍ വിധി

By: Web Desk | Wednesday 27 September 2017 10:23 PM IST

 

കൊല്ലം: ചവറ കെഎംഎംഎല്‍ വരുത്തുന്ന പരിസര മലിനീകരണത്തിനെതിരെ പ്രദേശവാസികള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കമ്പനിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി. പരിഹാരനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നപക്ഷം കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിക്കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. പന്മനയിലെ പൊല്യൂട്ടഡ് ഏരിയ വെല്‍ഫെയര്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചെന്നൈയിലെ ദക്ഷിണമേഖല ഹരിത ട്രിബ്യൂണല്‍ ഓഗസ്റ്റ് 31നാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
കമ്പനി പരിസരത്തെ എല്ലാ ജലസ്രോതസുകളും മാരകമാംവിധം മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ്, കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ്, നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രിബ്യൂണലിന് ബോദ്ധ്യപ്പെട്ടു. പരിസരവാസികള്‍ക്ക് ആവശ്യാനുസരണം ശുദ്ധജലം നല്‍കാന്‍ കമ്പനി ബാദ്ധ്യസ്ഥമാണെന്നും, പ്രദേശത്തെ ജലസ്രോതസുകള്‍ പൂര്‍ണമായും മുന്‍പുണ്ടായിരുന്ന അവസ്ഥയിലെത്തുന്നതുവരേയ്ക്കും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ച രീതിയില്‍ കമ്പനി ജനങ്ങള്‍ക്ക് ശുദ്ധജലവിതരണം തുടരണമെന്നും ഉത്തരവിലുണ്ട്.
കമ്പനിയില്‍ നിന്നുള്ള മലിനീകരണം മൂലം ദുരിതമനുഭവിച്ചുവരുന്നവര്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ ആക്ട് അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. കമ്പനി ഇപ്പോള്‍ നടത്തിവരുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ മാലിന്യവ്യാപനം മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമായി കരുതാനാവില്ല. പാരിസ്ഥിതിക ആഘാതം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിലേയ്ക്കായി പ്രത്യേക അക്കൗണ്ട് ഹെഡില്‍ ഒരു കോടി രൂപയുടെ ഫണ്ട് കെഎംഎംഎല്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നും അതിന്റെ വിനിയോഗം ചീഫ് സെക്രട്ടറിയും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാനും ചേര്‍ന്ന് നിര്‍വഹിക്കണമെന്നും ട്രിബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.
കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനാരംഭം മുതല്‍ തന്നെ കമ്പനിയുടെ സമീപത്ത് താമസിക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമാണെന്ന് പൊല്യൂട്ടഡ് ഏരിയ വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികളായ വി വിദ്യാധരന്‍, ഡി സുരേഷ്‌കുമാര്‍, അഡ്വ. ആര്‍ മുകുന്ദന്‍പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പന്മന പഞ്ചായത്തിലെ പന്മന, പോരൂക്കര, മേക്കാട്, കോലം, കളരി, ചിറ്റൂര്‍ വാര്‍ഡുകളിലാണ് മലിനീകരണം രൂക്ഷമായിട്ടുള്ളത്. ദുരിതത്തില്‍ നിന്ന് പരിസരവാസികളെ രക്ഷിക്കണമെന്ന നിവേദനങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളുണ്ടാകാത്തതിനാല്‍ 2011 ഡിസംബറില്‍ വെല്‍ഫെയര്‍ സൊസൈറ്റി ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജി ഫയല്‍ ചെയ്തു. ഇതിനിടെ ഇതേ ആവശ്യങ്ങളെന്ന വ്യാജേന കമ്പനിയിലെ മാലിന്യങ്ങള്‍ കൊച്ചിയിലെ ഒരു കമ്പനിയിലേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ജോയി കൈതാരം എന്നയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഇത് ഹരിതട്രിബ്യൂണലിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് വെല്‍ഫെയര്‍ സൊസൈറ്റി നല്‍കിയ ഹര്‍ജിയും ഹരിതട്രിബ്യൂണലിന് റഫര്‍ ചെയ്യുകയായിരുന്നു.

Related News