Web Desk

വൈപ്പിൻ/ ചെറായി

March 12, 2021, 5:55 pm

ആവേശത്തിരയിളക്കി കെ എൻ ഉണ്ണികൃഷ്ണൻ; ജനകീയ മുഖത്തിന് വൻ വരവേൽപ്പ്

Janayugom Online

എതിരാളികൾ രംഗപ്രവേശം ചെയ്യാത്ത വൈപ്പിൻ നിയോജക മണ്ഡലത്തിൽ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറി എൽ ഡി എഫ് സ്ഥാനാർത്ഥി കെ എൻ ഉണ്ണികൃഷ്ണൻ. ആദ്യവട്ട പ്രചാരണ പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ഇതിനകം സ്ഥാനാർത്ഥി എത്തിക്കഴിഞ്ഞു. അച്ചിട്ടനിലയ്ക്ക് പ്രവർത്തിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ ആവേശോജ്വല പ്രചാരണ സംവിധാനം മികച്ച മേൽക്കയ്യാണ് സ്ഥാനാർത്ഥിക്ക് നൽകുന്നത്.

ഇന്ന് പുലർച്ചെ മുനമ്പം ഫിഷിംഗ് ഹാർബറിലും മിനി ഹാർബറിലുമെത്തിയ സ്ഥാനാർത്ഥിക്ക് വമ്പിച്ച സ്‌നേഹോഷ്‌മള സ്വീകരണം ലഭിച്ചു. കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയിൽ സ്ഥാനാർത്ഥിയെ വരവേറ്റ ഇരു ഹാർബറിലും തൊഴിലാളികളും പരിസരവാസികളും കെ എൻ ഉണ്ണികൃഷ്ണനെ വരവേറ്റു. തുടർന്ന് തൊഴിലാളികളോട് ക്ഷേമാന്വേഷണം നടത്തിയ സ്ഥാനാർത്ഥി വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രതിജ്ഞാബദ്ധനാണെന്ന് ഉറപ്പ് നൽകി. തുടർന്ന് ഹാർബർ എൻജിനീയറിങ്‌ ഓഫീസും മുനമ്പം മിനി ഫിഷറീസ് ഹാർബർ തരകൻ ഏജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസും മത്സ്യ കയറ്റിറക്ക് തൊഴിലാളി യൂണിയൻ ഓഫീസും സന്ദർശിച്ചു. മിനിഹാർബർ മത്സ്യ കയറ്റ് — ഇറക്ക് തൊഴിലാളി യൂണിയൻ ഓഫീസിൽ വൻ സ്വീകരണമാണ് കെ എൻ ഉണ്ണിക്കൃഷ്ണന് ലഭിച്ചത്. അതിരാവിലെയായിട്ടും വനിതാപ്രവർത്തകരടക്കം സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി.

പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക പള്ളിയിൽ സ്ഥാനാർത്ഥിക്ക് സ്‌നേഹോഷ്‌മള വരവേൽപ്പാണ് ലഭിച്ചത്. വിശ്വാസികളെക്കണ്ടു വോട്ടഭ്യർഥിച്ച കെ എൻ ഉണ്ണികൃഷ്ണനെ ബസിലിക്ക റെക്റ്റർ ഫാ. ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ മുറിയിൽ സ്വീകരിച്ചിരുത്തി. എല്ലാ വിഷയങ്ങളിലും ക്രിയാത്മകമായ തുടർ പ്രവർത്തനത്തിന് പ്രതിബദ്ധതയുണ്ടെന്ന് റെക്റ്ററുടെ പ്രതികരണത്തിനും വിജയാശംസകൾക്കും മറുപടിയായി കെ എൻ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സഹവികാരി ഫാ. അനീഷ് പുത്തൻപറമ്പിലും സ്ഥാനാർഥിക്കു ആശംസകൾ നേർന്നു. പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തെ വീട്ടിലെത്തി കണ്ടു. ഭാര്യാസമേതനായി സിപ്പി സാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി താൻ ഉണ്ണിക്കു വേണ്ടി സജീവമായി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുനമ്പം നൂറുൽ ഇസ്‌ലാം മദ്രസയിലും സ്ഥാനാർത്ഥിയെത്തി. സി പി ഐ എം ഏരിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വി വി ലൂയിസ്, ഏരിയ കമ്മിറ്റിയംഗം എ കെ ഗിരീഷ്,പള്ളിപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ എസ് അരുണ,പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, പി പി അനിൽ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് കുഴുപ്പിള്ളി പഞ്ചായത്ത് എം കെ കൃഷ്ണൻ സ്മാരക മന്ദിരത്തിൽ എൽ ഡി എഫ് വനിതാ നേതൃത്വ സംഗമത്തിൽ പങ്കെടുത്തു. വ്യക്തിഗത സന്ദർശനങ്ങളും നടത്തി.എടവനക്കാട് മരണവീട് സന്ദർശിച്ചു അനുശോചനമറിയിച്ച കെ എൻ ഉണ്ണികൃഷ്ണൻ അസുഖത്തെത്തുടർന്ന് അകാലത്തിൽ വിടപറഞ്ഞ ഏഴിക്കര ലോക്കൽ സെക്രട്ടറിയും പറവൂർ ഏരിയ കമ്മറ്റി അംഗവുമായ കെ ജി ഗിരീഷ് കുമാറിന്റെ വീട്ടിലുമെത്തി. മൃതദേഹം പറവൂർ ഏരിയ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനു വച്ചപ്പോൾ സന്നിഹിതനായി.

കെ എൻ ഉണ്ണികൃഷ്ണൻ പൊതുരംഗത്ത് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തിത്വം: മാർ ആലഞ്ചേരി

സീറോ മലബാർ സഭാ ആസ്ഥാനത്തു മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ഡോ ജോർജ് ആലഞ്ചേരിയെ കണ്ടു കെ എൻ ഉണ്ണികൃഷ്ണൻ അനുഗ്രഹം തേടി. പൊതുരംഗത്ത് ആത്‍മാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ ഉണ്ണികൃഷ്ണന് പുതിയ സ്ഥാനലബ്ധി ലഭിച്ചു കഴിഞ്ഞാൽ കൂടുതൽ നന്മകൾക്ക് അവസരമൊരുങ്ങുമെന്നും അതിനു സാധിക്കട്ടെ എന്നും മാർ ആലഞ്ചേരി ആശംസിച്ചു.  പള്ളിപ്പുറത്ത് കുടുംബ സുഹൃത്തുകൂടിയായ വേണുവിന്റെ പ്രൊപ്പല്ലർ മെഷീൻ കമ്പനി സന്ദർശിച്ചു. തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

ENGLISH SUMMARY:kn unnikr­ish­nan excit­ed in Elec­tion campaign
You may also like this video