Web Desk

February 22, 2020, 2:38 pm

നൂറാം വയസിലും ചുറുചുറുക്കോടെ കമലാക്ഷി അമ്മാൾ, കനകാഭിഷേകത്തിന്‌ കാർമ്മികത്വം വഹിച്ച ചേച്ചിക്ക്‌ പ്രായം 103

Janayugom Online

നൂറിലും തളരാതെ കമലാക്ഷി അമ്മാൾ. ഒപ്പത്തിനൊപ്പം നിൽക്കാൻ നൂറ്റിമൂന്ന് വയസുള്ള സഹോദരി ഭഗവതി അമ്മാളും. ശാസ്താംകോട്ട മനക്കരപദ്മാലയത്തിൽ എൽ കമലാക്ഷി അമ്മാൾക്ക് നൂറ് വയസ് തികഞ്ഞ വേളയിൽ ബ്രാഹ്മണ ആചാരപ്രകാരം നടന്ന കനകാഭിഷേക ചടങ്ങിൽ മേൽനോട്ടം വഹിച്ചത് സഹോദരി ഭഗവതി അമ്മാളായിരുന്നു. കമലാക്ഷി അമ്മാളിന്റെ പിതൃ സഹോദര പുത്രന്റെ ഭാര്യയാണ് ഭഗവതിയമ്മാൾ.

 

കനകാഭിഷേക ചടങ്ങിൽ കമലാക്ഷിയമ്മാൾക്കൊപ്പം സഹോദരി ഭഗവതിയമ്മാൾ (ചിത്രത്തിന് കടപ്പാട് മാതൃഭൂമി)

 

ചിട്ടയായ ജീവിത ശൈലിയും ദിനചര്യകളും പുലർത്തുന്ന ഇരുവർക്കും ഇന്നു വരെ ഒരു കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. രോഗം തളർത്താത്ത ശരീരവും വായന ശീലമാക്കിയ മനസും കമലാക്ഷിയമ്മയെ ഇപ്പോളും ചുറുചുറുക്കുള്ള ചെറുപ്പക്കാരിയെപോലെ ജീവിക്കാന്‍ സഹായിക്കുന്നു. എന്നും രാവിലെ പത്രം വായിക്കണമെന്ന് നിർബന്ധമുള്ള കമലാക്ഷിയമ്മയ്ക്ക് തമിഴും നല്ല വശമാണ്. കമലാക്ഷിയമ്മാളിന്റെ പിതാവിന് ബ്രിട്ടീഷ് പട്ടാളത്തിൽ ജോലിയായിരുന്നു. 1942 ലാണ് ഇവർ ശാസ്താംകോട്ടയിലെത്തുന്നത്. പിതാവ് 102ാം വയസിലാണ് മരിക്കുന്നത്. കമലാക്ഷിയമ്മാളിന്റെ മൂത്ത മകൻ രാമ സുബ്ബ അയ്യർക്ക് 78 വയസ് കഴിഞ്ഞിരിക്കയാണ്.

ചിട്ടയായ ജീവിത ശൈലി നിർബന്ധമാക്കിയ ഈ കുടുംബത്തിലെ എല്ലാവർക്കും ആയുസും ആരോഗ്യവും എപ്പോഴുമുണ്ടാകട്ടെ എന്നാണ് നാട്ടുകാരുടെയും പ്രാർത്ഥന. തികഞ്ഞ ആത്മ വിശ്വാസത്തോടെ നൂറാം വയസു കഴിഞ്ഞ കമയാക്ഷിയമ്മാൾക്ക് നാട്ടുകാരുടെയും പൗരാവലിയുടെയും വക പലതവണ ആദരവ് ലഭിച്ചിച്ചുമുണ്ട്. ഇപ്പോൾ കനകാഭിഷേകത്തിന്റെ ആഘോഷങ്ങളിലാണ് നാട്ടുകാരുൾപ്പെടെ ഏവരും.

Eng­lish Sum­ma­ry: Knakab­hishekam of 100 years old kamalakshiyammal

You may also like this video