Site iconSite icon Janayugom Online

നോളജ് ഇക്കോണമി മിഷൻ തൊഴിൽ മേള; 2,460 ഉദ്യോഗാർത്ഥികൾ ഷോർട്ട് ലിസ്റ്റിൽ

കേരള നോളജ് ഇക്കോണമി മിഷനും കെ-ഡിസ്‌കും ചേർന്ന് നേരിട്ടു നടത്തുന്ന തൊഴിൽമേളകളുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 2,460 ഉദ്യോഗാർത്ഥികളെ വിവിധ കമ്പനികൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇവർക്ക് വൈകാതെ കമ്പനികൾ നേരിട്ട് ഓഫർ ലെറ്റർ നൽകും. ആകെ 3,876 ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത 960 പേരിൽ 668 പേരും കൊല്ലം ജില്ലയിൽ പങ്കെടുത്ത 1,423 ൽ 794 പേരും പത്തനംതിട്ട ജില്ലയിൽ 680 ൽ 379 പേരുമാണ് ലിസ്റ്റുകളിൽ ഇടംപിടിച്ചത്. കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കായി തിരുവനന്തപുരത്ത് നടന്ന മേളയിൽ പങ്കെടുത്ത 813 പേരിൽ 619 പേരേയും ഷോർട്ട് ലിസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് 101 കമ്പനികളും കൊല്ലത്ത് 74 കമ്പനികളും പത്തനംതിട്ടയിൽ 43 കമ്പനികളുമാണ് തൊഴിൽ ദാതാക്കളായി എത്തിയത്. കരിയർ ബ്രേക്കു വന്ന വനിതകൾക്കുള്ള പ്രത്യേക തൊഴിൽ മേളയിൽ 34 കമ്പനികളും പങ്കെടുത്തു. മറ്റു ജില്ലകളിലെ തൊഴിൽ മേളകൾ ജനുവരിയിൽ പൂർത്തിയാകും. ജനുവരി 10 ന് കോഴിക്കോടും 16ന് എറണാകുളത്തും കരിയർ ബ്രേക്ക് വന്ന വനിതകൾക്കായി മാത്രമുള്ള മേളകളും നടക്കും. ജില്ലാതലത്തിൽ നടക്കുന്ന നേരിട്ടുള്ള തൊഴിൽ മേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓൺലൈനായി നടത്തുന്ന തൊഴിൽ മേളയിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കും.

ENGLISH SUMMARY:Knowledge Econ­o­my Mis­sion Job Fair
You may also like this video

Exit mobile version