കുട്ടികളുടെ ശാസ്ത്രബോധം ചരിത്ര വസ്തുക്കളുടെ സംരക്ഷണത്തിന് കാരണമായി

Web Desk

നെടുങ്കണ്ടം

Posted on May 27, 2020, 7:59 pm

ചരിത്ര വസ്തുക്കളുടെ സംരക്ഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്യകയായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഹാമിദ് മുഹമ്മദ്, അസ്മീര്‍ മുബാറക്, ഫായീസ് മുഹമ്മദ് എന്നിവരാണ് 2500 വര്‍ഷത്തോളം പഴക്കമുള്ള നന്നാങ്ങാടികള്‍ കേടുപാടുകള്‍ ഉണ്ടാകാതെ സംരക്ഷിച്ചത്.  പടുതാ കുളത്തിന്റെ നിര്‍മ്മാണത്തിനിടെ കുട്ടാര്‍ പാറക്കല്‍ സക്കീര്‍ ഹുസൈന്റെ പുരയിടത്തില്‍ നിന്നാണ് ഇരുമ്പ് യുഗത്തിലെതെന്ന് കരുതുന്ന നന്നങ്ങാടികള്‍ കണ്ടെത്തിയത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടെത്തുന്ന പുരാവസ്തുക്കള്‍ പലതും നാശനഷ്ടങ്ങള്‍ സംഭവച്ചതിന് ശേഷമാണ് പലപ്പോഴും ശ്രദ്ധയില്‍പെടുക. ഇതിനാല്‍ ഇതിന്റെ ശരിയായ കാലപ്പഴക്കം നിര്‍ണ്ണയിക്കുവാന്‍ കഴിയാതെ വരുന്നു.

പടുതാകുളത്തിന്റെ ഭിത്തിയില്‍ കണ്ട വിത്യസ്ത പരിശോധിച്ചപ്പോഴാണ് ഇത് നന്നങ്ങാടികളാണെന്ന് അയല്‍വാസികളും കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുമായ ഹാമിദ് മുഹമ്മദ്, അസ്മീര്‍ മുബാറക്, ഫായീസ് മുഹമ്മദ് എന്നിവര്‍ക്ക് മനസ്സിലായത്. ഇത് അയല്‍വാസിയായ അദ്ധ്യപകന്‍ ഷാജഹാന്റെ നിര്‍ദ്ദേശവും ലഭിച്ചതോടെ ഇവ സംരക്ഷിക്കണമെന്നും പുരാവസ്തു ഗവേഷകര്‍ക്ക് നല്‍കണമെന്ന കുട്ടികള്‍ക്ക് തോന്നുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പംമെട്ട് പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് സംസ്ഥാന പുരവസ്തു ഗവേഷണ വകുപ്പ് കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയം  ഇന്‍ചാര്‍ജ്ജ് കെ. കൃഷ്ണരാജ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇതേ സമയം സമീപ പ്രദേശങ്ങളില്‍ രണ്ട് ഇടങ്ങളില്‍ സമാന രീതിയിലുള്ള പുരവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇവയെല്ലാം കുഴികള്‍ എടുക്കുന്നതിനിടെ വലിയ ഭാഗം നാശം സംഭവിച്ചിരുന്നു. കുട്ടികളുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് ഇവ നാശത്തിന്റെ വക്കില്‍ നിന്ന് സംരക്ഷിക്കുവാന്‍ കഴിഞ്ഞതെന്ന് ഉടുമ്പന്‍ചോല പുരാവസ്തു ചരിത്ര സംരക്ഷണ സമിതിയിലെ ഗവേഷണനും കല്ലാര്‍ സ്‌കൂളിലെ കുട്ടികളുടെ അധ്യാപകനുമായ റെയ്‌സണ്‍ പി.ജോസഫ് പറഞ്ഞു.

Eng­lish Sum­ma­ry:The sci­en­tif­ic knowl­edge of chil­dren led to the preser­va­tion of his­tor­i­cal objects.