മനുഷ്യ‑വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് സംസ്ഥാനത്തെ 36 ഗോത്ര സമൂഹങ്ങള്‍ സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകള്‍ ശേഖരിക്കാന്‍ വനം — വന്യജീവി വകുപ്പ് കേരള വന ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് ‘മിഷന്‍ ട്രൈബല്‍ നോളജ് ’ പദ്ധതി ആരംഭിക്കും. 10 കര്‍മ്മ പദ്ധതികളുടെ ഭാഗമായാണ് മിഷന്‍ ട്രൈബല്‍ നോളജിന് രൂപം നല്‍കിയത്. മനുഷ്യ‑വന്യജീവി സംഘര്‍ഷത്തില്‍ ഗോത്ര സമൂഹങ്ങളുടെ ജീവനാശം ഒഴിവാക്കുന്നതിനായി അവരുടേതായ രീതികള്‍ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമവും അതിലെ ഫലപ്രാപ്തിയുടെ ശാസ്ത്രീയ പരിശോധനയും സാധ്യമാവും എന്നാണ് വിലയിരുത്തല്‍. പട്ടികവര്‍ഗ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളില്‍ ഗോത്ര വര്‍ഗത്തിലുള്ള പ്രാപ്തരായ ആളുകളെ സംഘടിപ്പിച്ച് അറിവുകള്‍ ശേഖരിക്കും. തുടര്‍ന്ന് ഇവയില്‍ പ്രധാനപ്പെട്ടതും എളുപ്പം സാധ്യമാവുന്നതുമായ പ്രവൃത്തികള്‍ വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നും പഠനം നടത്തും. ഇതോടനുബന്ധിച്ച് വരുന്ന ആറ് മാസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയുന്നതിനുള്ള മാര്‍ഗം, അവയെ ഉള്‍ക്കാടുകളിലേക്ക് അയക്കുന്നതിനുള്ള രീതി, മൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്ക് വരുന്ന സമയം, അവ ഒരു സ്ഥലത്ത് നിലനില്‍ക്കുന്ന കാലയളവ്, ഭക്ഷ്യ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ തുടങ്ങിയ അറിവുകളെയാണ് ഈ ശില്പശാലകളിലൂടെ തേടുക. പദ്ധതിയുടെ നോഡല്‍ ഓഫിസറായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജു കെ ഫ്രാന്‍സിസ് ഐഎഫ്എസിനെ നിയമിച്ചു. ഇവയുള്‍പ്പെടെയുള്ള 10 കര്‍മ്മ പദ്ധതികളാണ്, ഇന്നലെ വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ പ്രഖ്യാപിച്ചത്.
കാലാവസ്ഥാവ്യതിയാനം മൂലമുള്ള വന്യമൃഗങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റം സംഘര്‍ഷത്തിന് കാരണമാകുന്ന വിവിധ കാരണങ്ങള്‍ കണ്ടെത്തുന്നതിന് ‘മിഷന്‍ നോളജ്’ പദ്ധതിക്കും രൂപം നല്‍കി.
കെഎഫ്ആര്‍ഐ, ടിബിജിആര്‍ഐ വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സാക്കോണ്‍ തുടങ്ങി വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണം, പഠനം എന്നിവ നടത്തും. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉമ ടി ഐഎഫ്എസ് ഇതിന്റെ ചുമതല വഹിക്കും.
പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്‍ണമായി ഇല്ലാതാക്കുവാന്‍ മിഷന്‍ സര്‍പ്പ, മനുഷ്യ‑വന്യജീവി സംഘര്‍ഷം സംബന്ധിച്ച് പ്രാദേശിക പ്രത്യേകതകള്‍ക്കനുസരിച്ച് ജനങ്ങളില്‍ അവബോധം വരുത്തുന്നതിനായി മിഷന്‍ സെന്‍സിറ്റൈസേഷന്‍ ടു പബ്ലിക് കാമ്പയിന്‍, ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് പ്രതിരോധിക്കുന്നതിനായി സൗരോര്‍ജ വേലികള്‍ സ്ഥാപിക്കുന്ന മിഷന്‍ സോളാര്‍ ഫെന്‍സിങ്, കാട്ടുപന്നിയുടെ ശല്യം വ്യാപകമായ പഞ്ചായത്തുകളില്‍ അവയെ നിയന്ത്രിക്കുന്നതിന് മിഷന്‍ വൈല്‍ഡ് പിഗ്, നാടന്‍ കുരങ്ങുകളെ നിയമാനുസൃതം നിയന്ത്രിക്കുന്നതിന് വേണ്ട മാര്‍ഗങ്ങള്‍ കണ്ടെത്തി നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മിഷന്‍ ബോണറ്റ് മകാക്യു, മിഷന്‍ ഫുഡ് ഫോഡര്‍ ആന്റ് വാട്ടര്‍, മിഷന്‍ പ്രൈമറി റെസ്പോണ്‍സ് ടീം, മിഷന്‍ റിയല്‍ ടൈം മോണിറ്ററിങ് എന്നിവയാണ് മറ്റു പദ്ധതികള്‍.
വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കാടുപിടിച്ച് കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് അടിയന്തരമായി കാട് നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു. വനത്തിലൂടെ കടന്നു പോകുന്ന റോഡുകള്‍ക്കിരുവശവും അടിക്കാടുകള്‍ വെട്ടിത്തെളിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണവും നടത്തും.
സംസ്ഥാനത്തെ 28 റാപിഡ് റെസ്പോണ്‍സ് ടീമുകള്‍ക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് എസ്ഡിഎംഎക്ക് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ തുടര്‍ നടപടി ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.