തലേന്ന് സന്ധ്യ വരെ മതിലില്‍ താമര വരച്ചുകൊണ്ടിരുന്ന ബിജെപി നേതാവ് ഇരുട്ടിവെളുത്തപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ. ചാവക്കാട് നഗരസഭാ 22 ാം വാര്‍ഡിലാണ് യുഡിഎഫ്- ജമാ അത്തെ ഇസ്ലാമി സ്ഥാനാര്‍ഥിയായി ബിജെപി നേതാവ് കുന്തറ രമേശന് രംഗത്തെത്തിയത്. കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
2000 മുതല്‍ 2005 വരെ കോ-ലീ-ബി ഭരിച്ച നഗരസഭയാണ് ചാവക്കാട്. പിന്നീട് സ്ഥിരമായി എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ഭരിക്കുന്നു. ഏതുവിധത്തിലും ഭരണത്തിലെത്താനായി സ്വന്തം അണികളെ പോലും മറന്ന കൂട്ടുകെട്ടിനാണ് നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പറയുന്നു. അവസരവാദത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നത് യുഡിഎഫ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കെ സി മണികണ്ഠനാണ് ഈ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.