Monday
18 Feb 2019

കൊച്ചി ബിനാലെയുടെ കേളികൊട്ട് ഉയരുന്നു, ആദ്യ ആര്‍ട്ടിസ്റ്റ് നീലിമ ശെയ്ഖ്

By: Web Desk | Wednesday 13 December 2017 12:11 PM IST

കൊച്ചി:

സമകാലീന കലയിലൂടെ സാമൂഹിക ഇടപെടല്‍  സജീവമാക്കിയ നീലിമ ശെയ്ഖ് കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ച  ആദ്യ ആര്‍ട്ടിസ്റ്റായി. അനിത ദൂബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കം 2018 ഡിസംബറിലാണ് തുടങ്ങുന്നത്.
കഴിഞ്ഞ അഞ്ച് ദശകങ്ങളായി ഇന്ത്യയിലെയും വിദേശത്തെയും സമകാലീന കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന നീലിമ ശെയ്ഖ് ഗുജറാത്തിലെ ബറോഡ സ്വദേശിയാണ്. സ്ത്രീപക്ഷ അനുഭവങ്ങള്‍ കലാസൃഷ്ടികളായി മാറുന്ന അവരുടെ സൃഷ്ടികള്‍ കിഴക്കന്‍ സമ്പ്രദായത്തിലുള്ളവയാണ്. നാടന്‍പാട്ടു മുതല്‍ രവീന്ദ്രനാഥ ടാഗോറിന്റെ രചനകള്‍ വരെ സ്വാധീനം ചെലുത്തിയ സൃഷ്ടികള്‍ തുടക്കത്തില്‍ ചുവര്‍ചിത്രങ്ങളും കയ്യെഴുത്തു പ്രതികളും അധികരിച്ചുള്ളവയായിരുന്നു.

അനുകമ്പ നിറഞ്ഞവയാണ് നീലിമയുടെ ചിത്രങ്ങളെന്ന് ബിനാലെ ക്യൂറേറ്റര്‍ അനിത ദൂബെ പറഞ്ഞു. നമ്മുടെ സംസ്‌കാരത്തിലെ അന്തര്‍ലീനമായ അലയടികളെ പ്രൗഢമായ സ്ത്രീത്വത്തിലൂടെ നീലിമ വീക്ഷിക്കുന്നു. ഇന്നത്തെ കലുഷിതമായ അന്തരീക്ഷത്തില്‍ ശ്രദ്ധിക്കേണ്ട ശബ്ദമാണ് അവരുടേതെന്നും ദൂബെ ചുണ്ടിക്കാട്ടി.
കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കം തുടങ്ങാന്‍ കൃത്യം ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കുന്ന ഈ ദിവസം തന്നെ അതില്‍ പങ്കെടുക്കുന്ന ആദ്യ ആര്‍ട്ടിസ്റ്റിന്റെ പേര് പ്രഖ്യാപിക്കാന്‍ കഴിയുന്നത് ആവേശം പകരുന്ന കാര്യമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ക്യൂറേറ്റര്‍ അനിത ദൂബെയുടെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് നീലിമ ഷെയ്ഖിന്റെ പ്രഖ്യാപനത്തിലൂടെ രംഗത്തു വരുന്നത്. രാഷ്ട്രീയസാമൂഹ്യ പ്രസക്തമായ സൗന്ദര്യബോധം ബിനാലെ നാലാം ലക്കത്തില്‍ കൊണ്ടു വരാനുള്ള ദൂബെയുടെ തീരുമാനമാണ് ഇതിലൂടെ കാണുന്നതെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.
ചിത്രങ്ങള്‍ക്കൊപ്പം അതിന്റെ കാവ്യാത്മകമായ വിവരണം കൂടി നല്‍കുന്നതിലൂടെയാണ്  ശേയ്ഖ് വ്യത്യസ്തയാകുന്നത്. ഇത്തരം വിവരണങ്ങളെ കോര്‍ത്തിണക്കി 1993ല്‍ വിവാള്‍ഡി തിയേറ്ററില്‍ ഉമ്രാവോ എന്ന നാടകവും പുറത്തിറങ്ങിയിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി ജമ്മുകശ്മീര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ശേയ്ഖിന്റെ പ്രമേയങ്ങളില്‍ അധികവും. ചരിത്രപണ്ഡിത കൂടിയായ അവര്‍ കശ്മീര്‍ പ്രശ്‌നത്തെ തികച്ചും വ്യത്യസ്തമായാണ് വീക്ഷിക്കുന്നത്. കശ്മീരികളെ ഇന്ത്യാക്കാരായി കണ്ട് മനസിലാക്കാന്‍ കഴിയാതെ പോയതാണ് അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണമെന്ന് സമര്‍ഥിക്കുകയാണ് ശേയ്ഖ്.

കഴിഞ്ഞ മൂന്ന് ലക്കങ്ങളായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചു വരുന്ന കൊച്ചി മുസിരിസ് ബിനാലെ, പ്രമേയങ്ങളുടെ വൈവിധ്യവും സൃഷ്ടികളുടെ മികവും കൊണ്ട്  അന്താരാഷ്ട്ര പ്രാധാന്യം കൈവരിച്ചു കഴിഞ്ഞു

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

ഇന്ത്യന്‍ സമകാലീന കലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവര്‍ ചേര്‍ന്നാണ് 2010 ല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ആദ്യ ബിനാലെ 2012ലായിരുന്നു.  കല, സംസ്‌കാരം, വിജ്ഞാനമേഖല എന്നിവയെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ലാഭേതര സ്ഥാപനമാണ് ഈ ഫൗണ്ടേഷന്‍. സമകാലീന കലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും കലയെ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. പ്രഭാഷണങ്ങള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ വൈജ്ഞാനിക ഇടപെടലുകള്‍, പരിശീലന കളരികള്‍ തുടങ്ങി ജനങ്ങളുമായി സംവദിക്കുന്ന നിരവധി പരിപാടികള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

പൈതൃക കെട്ടിടങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഫൗണ്ടേഷന്‍ സജീവമാണ്. കലാസാംസ്‌കാരിക രംഗത്തെ ഏറ്റവും പ്രാധാന്യമുള്ള ഉത്സവമായി ബിനാലെ മാറിക്കഴിഞ്ഞു. 2016 ഡിസംബര്‍ 12 മുതല്‍ 2017 മാര്‍ച്ച് 29 വരെ നടന്ന ബിനാലെ മൂന്നാം ലക്കത്തില്‍ 31 രാജ്യങ്ങളില്‍ നിന്നായി 97 ആര്‍ട്ടിസ്റ്റുകള്‍ 12 ഇടങ്ങളിലായി തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. ആറു ലക്ഷം പേരാണ് ബിനാലെ മൂന്നാം ലക്കം കാണാനെത്തിയത്.
2018 ഡിസംബര്‍ 12 ന് തുടക്കമാകുന്ന ബിനാലെ നാലാം ലക്കത്തില്‍ വിഖ്യാത ആര്‍ട്ടിസ്റ്റ് അനിത ദുബെയാണ് ക്യൂറേറ്റര്‍. കലാകാരന്മാര്‍ തന്നെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയെന്ന പതിവ് തെറ്റിക്കാതെയായിരുന്നു അനിത ദുബെയുടെ തെരഞ്ഞെടുപ്പ്. ഡല്‍ഹി സ്വദേശിയായ അനിത, വര്‍ത്തമാനകാല പ്രസക്തവും രാഷ്ട്രീയ പ്രസരമുള്ളതുമായ സൃഷ്ടികളിലൂടെ പ്രശസ്തയാണ്.

കലാചരിത്ര പണ്ഡിതയും വിമര്‍ശകയുമായ അനിത ദൃശ്യകലയിലാണ് തന്റെ പ്രവര്‍ത്തനമണ്ഡലം കണ്ടെത്തിയത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ
വന്‍കരകളില്‍ നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയ അനിത 2012ല്‍ നടന്ന ആദ്യ ബിനാലെയില്‍ ആര്‍ട്ടിസ്റ്റായും പങ്കെടുത്തിട്ടുണ്ട്.

Related News