ബിനാലെ വിപിന്‍ ധനുര്‍ധരന് കലയുടെ കളരി; വോളണ്ടിയര്‍ ഇനി ആര്‍ട്ടിസ്റ്റ്

Web Desk
Posted on December 06, 2018, 6:43 pm
ആർ ഗോപകുമാർ
കൊച്ചി: ആദ്യ കൊച്ചി-മുസിരിസ് ബിനാലെയാണ് വിപിന്‍റെ കലാജീവിതം മാറ്റിമറിച്ചത്.  വിപിന്‍ അതില്‍ വോളന്‍റിയറായെത്തി.  പിന്നീട് നടന്ന രണ്ട് ബിനാലെകളില്‍ ഫൗണ്ടേഷനിലെ ജീവനക്കാരനായിരുന്ന വിപിന്‍ വരാന്‍ പോകുന്ന നാലാം ബിനാലെയിലെ ആര്‍ട്ടിസ്റ്റായി മാറുന്നു. 
ചവറ തേവലക്കരയിലെ  വിപിന്‍  ധനുര്‍ധരന്‍ പ്ലസ് ടു പഠനത്തിനു ശേഷം കലയിലെ കമ്പം മൂത്ത്   പശ്ചിമബംഗാളിലെ ശാന്തിനികേതനില്‍ പ്രവേശനത്തിന് കുറച്ചൊന്നുമല്ല ശ്രമിച്ചത്. ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും  നിരാശനാകാതെ മൂന്നാമതും ശ്രമിക്കുന്നതിനിടെയായിരുന്നു ജീവിതത്തിലെ ആ വഴിത്തിരിവ്.
 
2012‑ലെ   ബിനാലെ ആദ്യ ലക്കത്തില്‍ നിന്ന് ഏറെ പഠിക്കാനായി എന്ന് വിപിന്‍ ഓര്‍ക്കുന്നു. സാംസ്കാരിക പരിപാടികളുടെയും സൃഷ്ടികളുടെയും ഇടയിലൂടെയുള്ള ചര്‍ച്ചയും ആശയവിനിമയവും ബിനാലെ പ്രോത്സാഹിപ്പിക്കുന്നു. പല വിധത്തിലുള്ള സമൂഹങ്ങള്‍ സൃഷ്ടിക്കുന്നതിലും ബിനാലെ വലിയ പങ്ക് വഹിക്കുന്നുണ്ട്.
 
ആദ്യ മൂന്ന് ബിനാലെയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കലാകാരന്മാരുമായി  ആശയവിനിമയം നടത്തുകയായിരുന്നു വിപിന്‍റെ ദൗത്യം. അത് യഥാര്‍ഥ വിദ്യാഭ്യാസമായി മാറിയപ്പോള്‍ ശാന്തിനികേതനില്‍ കിട്ടാത്ത പാഠങ്ങളിലൂടെ നാലാം ബിനാലെയില്‍ അദ്ദേഹം പങ്കാളിത്തമുള്ള കലാകാരനായി വളരുകയായിരുന്നു. 
 
കേരളത്തിലെ സാമൂഹ്യ വിപ്ലവ വ്യക്തിത്വമായിരുന്ന സഹോദരന്‍ അയ്യപ്പന്‍റെ ദര്‍ശനങ്ങളാണ് വിപിന്‍ തന്‍റെ സൃഷ്ടിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. അദ്ദേഹം മുന്നോട്ടു വച്ച പന്തിഭോജനമാണ് വിപിന്‍റെ സൃഷ്ടിയുടെ പശ്ചാത്തലം. സഹോദരന്‍ എന്നാണ് ബിനാലെ നാലാം ലക്കത്തില്‍ വിപിന്‍ ധനുര്‍ധരന്‍ ഒരുക്കുന്ന സൃഷ്ടിയുടെ പേര്.
 
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തിയ സമകാലീന പരിശീലന കളരിയിലൂടെയാണ് വിപിന് ബിനാലെ നാലാം ലക്കത്തിലേക്കുള്ള വാതില്‍ തുറക്കുന്നത്. 11 ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്ത മട്ടാഞ്ചേരി എന്ന് പേരിട്ടിരുന്ന ഈ പരിശീലന പരിപാടയില്‍ പെട്രിച്ചോര്‍ എന്ന വീഡിയോ പ്രതിഷ്ഠാപനമാണ് വിപിന്‍ ഒരുക്കിയത്. മട്ടാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള ചെറുതും വലുതുമായ കനാലുകളുടെ കഥയാണ് ഇതിലൂടെ അദ്ദേഹം പറഞ്ഞത്. ഒരു കാലത്ത് കുളിക്കാനും കുടിക്കാനും ഉപയോഗിച്ചിരുന്ന ഈ കനാലുകള്‍ ഇന്ന് മാലിന്യവാഹിനികളായതും അതിന്‍റെ സാമൂഹിക പശ്ചാത്തലവുമെല്ലാം വിപിന്‍ പ്രമേയമാക്കിയത് ക്യൂറേറ്റര്‍ അനിത ദുബെയെ ആകര്‍ഷിച്ചു. 
 
തുടര്‍ന്നാണ് ബിനാലെ നാലാം ലക്കത്തില്‍ കലാസൃഷ്ടി അവതരിപ്പിക്കാനുള്ള ക്ഷണം വിപിന്‍ ധനുര്‍ധരന് ലഭിക്കുന്നത്. പുതുമയുള്ള ആശയങ്ങളോട് അനിത ദുബെക്ക് തുറന്ന സമീപനമാണെന്ന് വിപിന്‍ പറഞ്ഞു.  പുതിയ കലാ പ്രമേയങ്ങളെ അവര്‍ കാര്യമായി പ്രോത്സാഹിപ്പിക്കാറുണ്ട്.
 
ബിനാലെ ആദ്യ ലക്കത്തിന് ശേഷവും വിപിന്‍ ബിനാലെ ഫൗണ്ടേഷനില്‍ തന്നെ തുടര്‍ന്നു. ബിനാലെ വേദിയായ ഫോര്‍ട്ട്കൊച്ചി പെപ്പര്‍ ഹൗസിലെ റെസിഡന്‍സി പരിപാടിയുടെ സംയോജകനായിരുന്നു അദ്ദേഹം. ബിനാലെ പ്രദര്‍ശനങ്ങള്‍ തുടങ്ങുമ്പോള്‍ തിരികെ നിര്‍മ്മാണ വിഭാഗത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.
 
സഹോദരന്‍ അയ്യപ്പന്‍റെ ദര്‍ശനങ്ങള്‍ സ്വാധീനം ചെലുത്തിയതോടെ, പരിചിതരായ അയല്‍ക്കാരെ കൂടുതല്‍ മനസിലാക്കാന്‍ എന്‍റെ സൃഷ്ടിയിലൂടെ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഭക്ഷണം താനുമായി പങ്കുവയ്ക്കണമെന്ന് അവരോട് അഭ്യര്‍ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.