Saturday
16 Feb 2019

ഖനനത്തിനെതിരെ; അംബേദ്കറുടെ രൂപംഓര്‍ത്ത് കുട്ടി കലാകാരന്‍മാര്‍

By: Web Desk | Sunday 10 February 2019 5:40 PM IST

കൊച്ചി: പ്രമേയം കൊണ്ടും കലാസൃഷ്ടിയുടെ നിര്‍മ്മാണഭംഗി കൊണ്ടും ഏറെ ആകര്‍ഷകമാണ് സ്റ്റുഡന്റ്‌സ് ബിനാലെയിലെ പ്രതിഷ്ഠാപനങ്ങള്‍. അതിലെ ശ്രദ്ധേയമായ രണ്ട് സൃഷ്ടികളാണ് മട്ടാഞ്ചേരി ടെംപിള്‍ വേദിയിലെ ബാബാ സാഹേബ്, കെ വി എന്‍ ആര്‍ക്കേഡിലെ വെന്‍ ദി മൗണ്ടന്‍ ഫാള്‍സ് എന്നിവ.
രണ്ട് പ്രതിഷ്ഠാപനങ്ങളും ചെയ്ത കലാകാരന്മാര്‍ അവരവരുടെ പരമ്പരാഗത തൊഴിലിന്റെ മാധ്യമം തന്നെയാണ് കലാസൃഷ്ടിക്കും ഉപയോഗിച്ചിരിക്കുന്നത്. ഗോവയിലെ കാണകോണയില്‍ നിന്നുള്ള മരപ്പണിക്കാരുടെ കുടുംബത്തില്‍ നിന്നാണ് അക്ഷയ് ചാരി കലാകാരനാകുന്നത്. ഗോവയിലെ ഖനനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിവരിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതിഷ്ഠാപനം. ആര്‍ട്ടിസ്റ്റ് കെ പി റെജിയായിരുന്നു ക്യൂറേറ്റര്‍.

കെ വി എന്‍ ആര്‍ക്കേഡിലെ സ്റ്റുഡന്റസ് ബിനാലെ വേദിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ അങ്ങേയറ്റം അത്ഭുതവും കൗതുകവും ഉണര്‍ത്തുന്നതാണ് അക്ഷയ് ചാരിയുടെ സൃഷ്ടി. മലയുടെ ആകൃതിയില്‍ തടി കൊത്തിയെടുത്ത് അതില്‍ നിരവധി ആണി അടിച്ചുകയറ്റിയിരിക്കുന്നു. മലമടക്കുകളുടെ അതേ ഉയര്‍ച്ചാതാഴ്ചയിലാണ് ആണി അടിച്ചു കയറ്റിയിരിക്കുന്നത്. അതിനാല്‍ തന്നെ ആണിയുടെ മലയായി മാത്രമേ കാഴ്ചക്കാരന് അത് മനസിലാകൂ.

ചെറുപ്പം മുതല്‍ തന്നെ ആശാരിപ്പണിയില്‍ മികവ് പുലര്‍ത്തിയിരുന്നു അക്ഷയ്. അതി സൂക്ഷ്മമായി ചെയ്യേണ്ട തൊഴിലാണ് മരപ്പണി. തൊഴിലിനൊപ്പം തന്നെ കലാസൃഷ്ടിയാണിതെന്നും അക്ഷയ് പറഞ്ഞു.
എന്തു കൊണ്ടാണ് മലയില്‍ ആണിയടിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് ഗോവയിലെ ഖനനം തന്നെയാണ് അക്ഷയുടെ മറുപടി. ഇരുമ്പയിരാണ് ഗോവയിലെ പ്രധാന ഖനനവസ്തു. ഇന്ന് ഗോവയിലെ പ്രകൃതി ദൃശ്യങ്ങളെ ഖനന ദൃശ്യങ്ങള്‍ മറി കടന്നു കൊണ്ടിരിക്കുകയാണ്.

സ്റ്റുഡന്റ്‌സ് ബിനാലെയിലെ സമാനമായ മറ്റൊരു കലാസൃഷ്ടിയാണ് മട്ടാഞ്ചേരി ടെംപിള്‍ വേദിയിലെ ബാബാ സാഹേബ്. വേദിയുടെ കവാടം കടക്കുമ്പോള്‍ തന്നെ വാതിലിനപ്പുറം അംബേദ്കറുടെ രൂപം കാണാം. ആദ്യം ചിത്രമാണെന്നു തോന്നുമെങ്കിലും അടുത്തെത്തുമ്പോഴാണ് അത് തുകല്‍ കഷണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തുന്നിയുണ്ടാക്കിയ അംബേദ്കറുടെ മുഖമാണെന്ന് മനസിലാകുന്നത്. തെലങ്കാനയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റായ മുച്ചേറിയ ആണ് ഈ സൃഷ്ടിക്ക് പിന്നില്‍.

KBF_SB_When the mountain falls_Pic 1

പാരമ്പര്യമായി തുകല്‍ ജോലികള്‍ ചെയ്യുന്ന കുടുംബത്തിലെ അംഗമാണ് മുച്ചേറിയ. തുകല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഏറെ പ്രശസ്തമായ മടിക്കാസ് സമുദായത്തില്‍ നിന്നാണ് മുച്ചേറിയ വരുന്നത്. ബാബാ സാഹേബ് അംബേദ്കറും തുകല്‍ ജോലി ചെയ്തിരുന്ന മഹാര്‍ സമുദായാംഗമായിരുന്നു എന്നതും ഈ പ്രതിഷ്ഠാപനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

വീട്ടിലെ പെട്ടിയില്‍ തന്റെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന തുകല്‍ക്കഷണങ്ങള്‍ കൊണ്ടാണ് മുച്ചേറിയ അംബേദ്കറുടെ രൂപം ഉണ്ടാക്കിയത്. ആകൃതിയിലും നിറത്തിലുമൊന്നും സാമ്യമില്ല. പക്ഷെ തുന്നിച്ചേര്‍ത്തപ്പോള്‍ കണ്ണട ധരിച്ച അംബേദ്കറായി മാറിയത് കലാസൃഷ്ടിയുടെ വൈദഗ്ധ്യം തെളിയിക്കുന്നു.

മരപ്പണിയിലെ സൂക്ഷ്മതയാണ് അക്ഷയിന്റെ സൃഷ്ടിയെ വേറിട്ടതാക്കുന്നതെന്ന് സ്റ്റുഡന്റ്‌സ് ബിനാലെ ക്യൂറേറ്റര്‍മാരിലൊരാളായ കെ പി റെജി പറഞ്ഞു. കാഴ്ചക്കാരനെ ഹിപ്‌നോ്‌ട്ടൈസ് ചെയ്യാനുള്ള കഴിവാണ് ഈ സൃഷ്ടിക്കുള്ളത്. പാരമ്പര്യമായി കിട്ടിയതാണെങ്കിലും ഇത്രയും മികവുറ്റ കലാസൃഷ്ടി ചെയ്യാന്‍ പ്രതിഭ ഏറെ വേണമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റുഡന്റ്‌സ് ബിനാലെയുടെ പ്രമേയമായ മേക്കിംഗ് ആസ് തിംഗിങ് എന്നതിന്റെ മികച്ച ഉദാഹരണമാണ് മുച്ചേറിയയുടെ ബാബാ സാഹേബ് എന്ന് റെജി അഭിപ്രായപ്പെട്ടു. വീട്ടില്‍ ഉപയോഗശൂന്യമായി ഇരുന്ന തുകല്‍ കഷണങ്ങള്‍ കൊണ്ട് അത്ഭുതമാണ് ഈ യുവ കലാകാരന്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.