Web Desk

December 10, 2019, 6:58 pm

കൊച്ചി ഡിസൈന്‍ വീക്കിന് നാളെ തുടക്കം

Janayugom Online

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍, വാസ്തുവിദ്യാ വാര്‍ഷിക സമ്മേളനമായ കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടിയ്ക്ക് വ്യാഴാഴ്ച കൊച്ചിയില്‍ തുടക്കമാകും. ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ മൂവായിരത്തില്‍പരം പേരാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഒരുക്കുന്ന ത്രിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഡിസംബര്‍ 12 മുതല്‍ 14 വരെ അസെറ്റ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സര്‍ഗ്ഗശേഷിയിലധിഷ്ഠിതമായി ഡിസൈന്‍ മേഖലയില്‍ സംസ്ഥാനത്തെ  രാജ്യത്തെ പ്രധാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉച്ചകോടിയില്‍ 100 വിദഗ്ധരാണ് വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനെത്തുന്നത്. സമാപനദിനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. വിദേശത്തു നിന്നടക്കമെത്തുന്ന  വാസ്തുകല‑രൂപകല്‍പ്പന വിദഗ്ധര്‍, ചിന്തകര്‍, നയകര്‍ത്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, എന്നിവര്‍ ഉച്ചകോടിയിലെത്തും. പ്രമുഖ വ്യവസായിയും സര്‍ക്കാരിന്‍റെ ഐടി ഉന്നതാധികാര സമിതി അധ്യക്ഷനുമായ എസ് ഡി ഷിബുലാല്‍ ഉദ്ഘാടന ദിനത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഡിസൈന്‍ എന്ന പൊതുസങ്കല്‍പ്പത്തിലൂന്നിയ ചര്‍ച്ചകളാണ് രണ്ടാം ലക്കത്തില്‍ കൊച്ചി ഡിസൈന്‍ വീക്കിനെ സജീവമാക്കുന്നതെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. പ്രളയ ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിന് ഉതകുന്ന സുസ്ഥിര മാതൃകകളാണ് ഡിസൈന്‍ വീക്ക് ഉച്ചകോടിയുടെ ആദ്യ ലക്കത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നത്. ഡിസൈന്‍ രംഗത്തെ ഭാവിയെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ധരില്‍ നിന്ന് നേരിട്ടറിയാനുള്ള അസുലഭ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിസൈനിന്‍റെ അനന്ത സാധ്യതകളാണ് കേരളം ഡിസൈന്‍ വീക്കിലൂടെ തിരയുന്നതെന്ന് ഉച്ചകോടി സ്പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വാസ്തുവിദ്യയില്‍ മാത്രം  ഡിസൈന്‍ എന്ന ആശയത്തെ ഒതുക്കാതെ എന്തിലും ഏതിലും ഡിസൈന്‍ എന്ന നയമാണ് ഉച്ചകോടി മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ ആദ്യ ദിനം രൂപകല്‍പ്പനയിലടിസ്ഥാനമായ ചര്‍ച്ചകളാണ് ഉണ്ടാകുന്നത്. 13, 14 തിയതികളിലെ ചര്‍ച്ചകള്‍ വാസ്തുകലയുമായി ബന്ധപ്പെട്ടാകും.

ബോള്‍ഗാട്ടി പാലസിനെ ഉച്ചകോടിയോടനുബന്ധിച്ച് ഡിസൈന്‍ ഐലന്‍റാക്കി മാറ്റും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മേക്കര്‍ ഫെസ്റ്റ്, വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചലഞ്ച്, ഭക്ഷണ വിഭവങ്ങളുടെ ഫുഡ് ഡിസൈന്‍ ഫെസ്റ്റ്, സംഗീത നിശ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ മൂന്നു ദിവസത്തെ ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രതിഷ്ഠാപനങ്ങള്‍ സ്ഥാപിക്കും. വര്‍ണാഭമായ ഡിസൈന്‍ നല്‍കിയിട്ടുള്ള ഓട്ടോ റിക്ഷകള്‍, പൊതു ഇടങ്ങളില്‍ ആവശ്യമായ ഇരിപ്പിടങ്ങള്‍, ബസ് ഷെല്‍ട്ടറുകള്‍ തുടങ്ങഇയവയുടെ മാതൃകകളും നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഒരുക്കുന്നുണ്ട്. വാസ്തുകല, അകത്തള രൂപകല്‍പന തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളും ഉണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്, ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ഡിസൈന്‍ നിയുക്ത പ്രസിഡന്‍റ് ജോനാതന്‍ വി സ്റ്റ്രെബ്ലി, വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ സിഇഒ ശ്രീനി ആര്‍  ശ്രീനിവാസന്‍, സിആര്‍ജി ആര്‍ക്കിടെക്ട്സ് സഹ‑സ്ഥാപകന്‍ കാര്‍ലോസ് ആര്‍ ഗോമസ്, ദക്ഷിണാഫ്രിക്കയിലെ എആര്‍ജി ഡിസൈന്‍ സിഇഒ ഗീത ഗോവെന്‍, എംഡി അലിസ്റ്റര്‍ ലെന്‍ഡാല്‍, ആര്‍ക്കിടെക്ട് ശങ്കര്‍, ആര്‍ക്കിടെക്ട് കവിത മുരുഗ്കര്‍, ഓസ്കാര്‍ ജേതാവും പ്രമുഖ സൗണ്ട് എന്‍ജിനീയറുമായ റസൂല്‍ പൂക്കുട്ടി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ഫ്ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി, ഐഎക്സ്ഡിഎ പ്രസിഡന്‍റ് അലോക് നന്ദി, ആമസോണ്‍ സീനിയര്‍ മാനേജര്‍ ഷിബു ദാമോദരന്‍, 
മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മേധാവി ലതിക എസ് പൈ, അക്സെഞ്ചര്‍ എംഡി ചാരുലത രവി കുമാര്‍, ടൈറ്റന്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ രേവതി കാന്ത്, കാര്‍ലെറ്റന്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തോമസ് ഗാര്‍വേ, ടെക്നികളറിന്‍റെ ഇന്ത്യ സിഇഒ ബൈരന്‍ ഘോഷ്, ഐഎസ് സിഎ ലണ്ടനിലെ ക്രിയേറ്റീവ് ഡയറക്ടര്‍ ലിഡിയ ത്രോണ്‍ലി, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡേവിഡ് ലുഡ്ലോ, ഹൈപ്പര്‍ ലെഡ്ജറിന്‍റെ ഇകോ സിസ്റ്റം ഡയറക്ടര്‍ മാര്‍ത്ത പീകാര്‍സ്ക ഗീറ്റര്‍, ഓസ്ട്രിയയിലെ ക്രിപ്റ്റോറോബര്‍ സിഇഒ റോബി ഷ്വേര്‍ട്ണര്‍, ഫിന്‍ടെക് വേള്‍ഡ് വൈഡിന്‍റെ സിഇഒ ഡോ. ജെയിന്‍ തോംപ്സണ്‍, അസെറ്റ് ഹോം എംഡി വി സുനില്‍കുമാര്‍, തുടങ്ങി നൂറോളം പ്രതിഭകളാണ് സമ്മേളനത്തില്‍ സംസാരിക്കാനെത്തുന്നത്.