ഇടമൺ‑കൊച്ചി പവർ ഹൈവേ: കേരളത്തിൽ വോൾട്ടേജ് ക്ഷാമവും കറണ്ട് കട്ടും ഇനി പഴങ്കഥയാകും

Web Desk
Posted on November 18, 2019, 12:37 pm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് വലിയ പരിഹാരമായി ഇടമൺ‑കൊച്ചി പവർ ഹൈവേ . ഇടമൺ‑കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെവി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും.
ഇടമൺ‑കൊച്ചി 400 കെവി ലൈൻ (148.3 കി. മീ) പൂർത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെൽവേലി-കൊച്ചി-ഉദുമൽപെട്ട് 400 കെവി പവർ ഹൈവേ (437 കി. മീ)യാണ് യാഥാർഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോൾ കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടു കിലോ വോൾട്ട് വർധന സാധ്യമായി.
പരമാവധി ശേഷിയിൽ വൈദ്യുതി എത്തിച്ചിരുന്ന ഉദുമൽപെട്ട്-പാലക്കാട്, മൈസൂർ‑അരീക്കോട് അന്തർസംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ലൈനിലൂടെ ഈ വർഷം സെപ്തംബർ 25നാണ് വൈദ്യുതി കടത്തിവിട്ടു തുടങ്ങിയത്.
കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച് സെന്ററുകൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെൽവേലി-കൊച്ചി ലൈൻ പൂർത്തിയായതോടെ ലൈനുകളുടെ ശേഷി വർധിച്ചു. ഈ ലൈൻ പൂർത്തിയാകുന്നതിന് മുമ്പ് കൂടംകുളത്ത് നിന്നും ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമൽപെട്ട് വഴി കേരളത്തിലേക്ക് എത്തുമ്പോൾ ഏകദേശം 20 മെഗാവാട്ട് (വർഷം 102 ദശലക്ഷം യൂണിറ്റ്) പ്രസരണ നഷ്ടം സംഭവിച്ചിരുന്നു. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകൾ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമായിരിക്കുകയാണ്.
148 കി. മീ നീളവും 447 ടവറുകളും ഉള്ള 400 കെ. വി ഇടമൺ‑കൊച്ചി ലൈൻ കൊല്ലം (22 കി. മീ), പത്തനംതിട്ട (47 കി. മീ), കോട്ടയം (51 കി. മീ), എറണാകുളം (28 കി. മീ) ജില്ലകളിൽ കൂടിയാണ് കടന്നുപോകുന്നത്. 16 മീറ്റർ ഇടനാഴിയുള്ള ലൈനിന്റെ റൈറ്റ് ഓഫ് വേ 46 മീറ്ററാണ്.
2005 ഓഗസ്റ്റിൽ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിക്കുകയും 2008 മാർച്ചിൽ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കി പവർഗ്രിഡ് കോർപ്പറേഷൻ ലൈൻ നിർമാണം ആരംഭിക്കുകയും ചെയ്തു. 2008ൽ തുടങ്ങി 2010ൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർണതോതിൽ നടന്നുവരവേ സ്ഥലമുടമകളുടെ പ്രതിഷേധം മൂലം തടസപ്പെട്ടിരുന്നു. ഉദുമൽപെട്ട്-പാലക്കാട് ലൈൻ തകരാറിലായാൽ കേരളം മുഴുവൻ ഇരുട്ടിലാകുമെന്ന അവസ്ഥ ഇനിയുണ്ടാകില്ല. വേനൽ വരൾച്ചയിൽ വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോൾ പുറമെ നിന്നും വൈദ്യുതി വാങ്ങിയാലും പ്രസരണ നഷ്ടംകൂടാതെ എത്തിക്കാനും കഴിയും.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹാരം ഉറപ്പാക്കുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടൂർ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. മന്ത്രിമാരായ അഡ്വ. കെ രാജു, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ ചിറ്റയം ഗോപകുമാർ, മാത്യു ടി തോമസ്, എം കെ മുനീർ, കെ ബി ഗണേഷ് കുമാർ, ഒ രാജഗോപാൽ, രാജു ഏബ്രഹാം, വീണാ ജോർജ്, കെ യു ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി, ജില്ലാ കളക്ടർ പി ബി നൂഹ്, അടൂർ മുൻസിപ്പൽ ചെയർപേഴ്സൺ ഷൈനി ബോബി, തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ, പവർഗ്രിഡ് ഉദ്യോഗസ്ഥർ, കെഇസി ഇന്റർനാഷണൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.