കളമശേരി ബസ്‌ കത്തിക്കല്‍: 13 വര്‍ഷത്തിനുശേഷം നാലാംപ്രതി പിടിയില്‍

Web Desk
Posted on April 28, 2018, 9:22 am

കൊച്ചി : കോളിളക്കം സൃഷ്‌ടിച്ച കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ നാലാം പ്രതിയെ 13വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തവക്കര പള്ളിയകത്ത്‌ ഷെഫീഖാ(38)ണു പിടിയിലായത്‌.

കോയമ്പത്തൂർ സ്‌ഫോടനക്കേസില്‍ പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന പി ഡി പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്‌ 2005 സെപ്‌റ്റംബര്‍ ഒൻപതിനാണ്  കളമശേരിയില്‍ തമിഴ്‌നാട്‌ ഗതാഗത വകുപ്പിന്റെ ബസ്‌ കത്തിച്ചത്‌. ഇതിനുശേഷം ഷെഫീഖ്‌ റിയാദിലേക്കു കടന്നു. 13 വര്‍ഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ഇയാള്‍ക്കായി റിയാദില്‍ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കിയതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം അവിടെനിന്നു ഡല്‍ഹിയിലേക്ക്‌ തിരിച്ചയച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച ഡല്‍ഹി വിമാനത്താവളത്തില്‍വച്ച്‌ ഷെഫീഖിനെ എന്‍ഐഎ കസ്‌റ്റഡിയില്‍എടുക്കുകയായിരുന്നു. ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കിയശേഷമാണു കൊച്ചിയില്‍ എത്തിച്ചത്‌. എട്ടുമാസമായി റിയാദിലെ ജയിലില്‍ കഴിയുകയായിരുന്നുവെന്ന്‌ ഷെഫീഖ്‌ പറഞ്ഞു. പ്രതിയെ കൊച്ചിയിലെ എന്‍  ഐ എ കോടതി രണ്ടാഴ്‌ചത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.

കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പതിനാലാംപ്രതി മുഹമ്മദ്‌ സാബിർ  ഇപ്പോഴും ഒളിവിലാണ്.  പ്രതികളില്‍ അഞ്ചുപേര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌.