കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം യാഥാർത്ഥ്യമാക്കാനായത് സർക്കാരിന്റെ കാര്യക്ഷമായ ഇടപെടലിന്റെ ഫലം. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെയുള്ള ഒന്നാം ഘട്ടമാണ് പൂർത്തിയാക്കി സർവീസ് ആരംഭിക്കാനായത്. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു ബൃഹത്തായ പദ്ധതി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് എൽഡി ഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങളിൽ പ്രധാനമാണ്. ആലുവ മുതൽ പേട്ട വരെയുള്ള 25.16 കിലോമീറ്റർ പാതയിൽ കൊച്ചി മെട്രോ സർവീസ് നടത്തുമ്പോൾ അത് എറണാകുളം ജില്ലയിലെ വികസനകുതിപ്പിൽ ഒരു നാഴികക്കല്ലായി ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു.
ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ 22 സ്റ്റേഷനുകളാണുള്ളത്. കൊച്ചി മെട്രോയുടെ നിർമ്മാണത്തിന് ഒന്നാം ഘട്ടത്തിന് 5182 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 5600 കോടി രൂപയായി. കേന്ദ്ര സർക്കാർ 1000 കോടിയും സംസ്ഥാന സർക്കാർ 2000 കോടിയും വായ്പയായി 2600 കോടി രൂപയുമാണ് പദ്ധതിക്ക് ചിലവഴിച്ചിട്ടുള്ളത്. പേട്ട വരെയുള്ള ആദ്യ ഘട്ടം പൂത്തിയായെങ്കിലും കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാരുടെയും തൃപ്പൂണിത്തുറയിലേയും യാത്ര ക്ലേശം പരിഹരിക്കുന്നതിനായി തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷൻ വരെ മെട്രോ നീട്ടുന്ന ജോലികളും നടന്നുവരികയാണ്. 1999 ൽ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്താണ് കൊച്ചി മെട്രോ എന്ന ആശയം മുന്നോട്ട് വന്നത്. ഇതിനായി സാധ്യത പഠനം നടത്തുകയും ചെയ്തു. 2004 ൽ യുഡിഎഫ് സർക്കാർ പദ്ധതിയ്ക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നിർമ്മിക്കണമെന്ന നിർദ്ദേശത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയെ എതിർക്കുകയായിരുന്നു. പിന്നീട് 2007 ഫെബ്രുവരി 28 ന് കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ അംഗീകാരം നൽകി. 2012 സെപ്റ്റംബർ 13 ന് പദ്ധതിയ്ക്ക് പ്രധാനമന്ത്രി മൻമോഹൻ സിംഗ് തറക്കല്ലിട്ടു. 2016 ജനുവരി 23 ന് തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആദ്യ പരീക്ഷണ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തുവെങ്കിലും ആലുവ മുതൽ പാലാരിവട്ടം വരെ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ഘട്ടം 2017 ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.
ഡൽഹി മെട്രോ (ഡിഎംആർസി) എന്ന സ്ഥാപനമാണ് മെട്രോമാൻ ഡോ. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവല്കരിച്ച കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെഎംആർഎൽ ) ആണ് കൊച്ചി മെട്രോയുടെ ചുമതല നിർവ്വഹിക്കുന്നത്.
ഏറെ ഗതാഗത തിരക്കുള്ള പ്രധാന നഗരങ്ങളിൽ ഒന്നായ കൊച്ചിയിൽ പൊതുഗതാഗത സംവിധാനം ഏകോപിപ്പിക്കാനുള്ള ഏകീകൃത നഗര ഗതാഗത സംവിധാനവും മെട്രോയുടെ ഭാഗമായി രൂപം കൊള്ളുകയാണ്. അതിവേഗതയിൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താൻ യാത്രക്കാരന് സഹായകമാവുന്ന മെട്രോയുമായി ബസ്, ബോട്ട് ഗതാഗതത്തെ ബന്ധപ്പെടുത്തി പൊതു ഗതാഗത സംവിധാനമാകെ സംയോജിപ്പിക്കാനുള്ള ശ്രമമാണു മുന്നോട്ട് പോകുന്നത്. തീരനഗരമായ കൊച്ചിയുടെ യാത്രാപഥങ്ങളിൽ ഇതൊരു പുത്തൻ ശൈലിയായി ഇടംപിടിക്കും. കൊച്ചി മെട്രോയുടെ അനുബന്ധ യാത്രാ സൗകര്യങ്ങളുടെ ഭാഗമായുള്ള വാട്ടർ മെട്രോയുടെ ആദ്യ യാത്ര അടുത്ത ജനുവരിയിലുണ്ടാകും. ഇതിന് മുന്നോടിയായുള്ള കൊച്ചി വാട്ടർ മെട്രോയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.
കൊച്ചി മെട്രോ റയിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിലെ ടെർമിനലുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ബോൾഗാട്ടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, മുളവുകാട് നോർത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടർ നടപടികൾ പൂർത്തിയായി. കൊച്ചി മെട്രോ റയിലിന്റെ സ്റ്റേഷനുകൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളാണ് വാട്ടർ മെട്രോയ്ക്കും നിർമ്മിക്കുന്നത്. ടിക്കറ്റിംഗ് സൗകര്യങ്ങളും പ്രവേശന ക്രമീകരണങ്ങളും ഇതിനു സമാനമായിരിക്കും. ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ജലനിരപ്പിന് അനുസരിച്ച് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലാണ് ബോട്ട് ജെട്ടികളുടെ നിർമ്മാണം. ഇത് വേലിയേറ്റ, വേലിയിറക്ക സമയത്തെ ബോട്ടിലേക്കുള്ള പ്രവേശന ബുദ്ധിമുട്ട് ഒഴിവാക്കും. മൂന്ന് വീൽചെയറുകൾ വരെ ഒരേ സമയം കയറ്റാവുന്ന രീതിയിലാണ് ബോട്ടുകളുടെ നിർമ്മാണം.
ആദ്യ ബോട്ട് കൊച്ചി കപ്പൽശാല ഡിസംബറിൽ നിർമ്മിച്ച് നൽകും. 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. അടുത്ത നാല് ബോട്ടുകൾ മാർച്ച് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറും. 100 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 50 പേർക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടുകളും സർവീസ് നടത്തും. അലുമിനിയമാണ് ബോഡി നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം എട്ട് ബോട്ടുകൾ വരെ റിപ്പയർ ചെയ്യാവുന്ന ബോട്ട് യാർഡ് കിൻഫ്രയിലാണ് സ്ഥാപിക്കുന്നത്. 78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. വൈപ്പിൻ, വെല്ലിംഗ്ടൺ, ഇടക്കൊച്ചി, കുമ്പളം, നെട്ടൂർ, വൈറ്റില, ഏലൂർ, കാക്കനാട്, ബോൾഗാട്ടി, മുളവ്കാട് തുടങ്ങിയ ദ്വീപ് നിവാസികളുടെ യാത്ര പ്രശ്നങ്ങൾക്ക് വാട്ടർ മെട്രോ പരിഹാരമാവും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. ടൂറിസം വികസനത്തിനും ഇത് പ്രയോജനപ്പെടും. 15 വ്യത്യസ്ത പാതകളിലായി 38 സ്റ്റേഷനുകളാണ് ഉള്ളത്. 678 കോടി മുതൽ മുടക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. തുടക്കത്തിൽ ഒരു ബോട്ട് സർവീസ് നടത്തുകയും ഘട്ടംഘട്ടമായി കൂടുതൽ ബോട്ടുകൾ ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
മെട്രോ രണ്ടാം ഘട്ടമായി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി വരെയുളള വികസനത്തിന് പദ്ധതിനിർദ്ദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പ്രാരംഭ നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കാക്കനാട് ടൗൺഷിപ്പ് സ്ഥാപിക്കും. മൂന്നാം ഘട്ടമായി ആലുവയിൽ നിന്നും അങ്കമാലിയിലേക്കും പദ്ധതി ദീർഘിപ്പിക്കും. അരൂർ മുതൽ വരാപ്പുഴ വരെയുള്ള പ്രദേശങ്ങളെയും ഒറ്റപ്പെട്ട ദ്വീപുകളെയും ജലപാതയിലൂടെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതിന് സംയോജിത ജല ഗതാഗത വികസന പദ്ധതിയും പ്രാവർത്തികമാക്കാൻ നടപടികളുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.