മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു

Web Desk
Posted on October 03, 2017, 11:11 am

കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ സര്‍വ്വീസിന് തുടക്കമായി . ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ചേര്‍ന്ന് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു . മെട്രോ മഹാരാജാസ് വരെയെത്തുമ്പോള്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യാശിച്ചു .ഇപ്പോള്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കുമെന്നാണ് പ്രതീകഷിക്കയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
പാലാരിവട്ടംമുതല്‍ മഹാരാജാസ് കോളേജ് വരെ അഞ്ച് സ്‌റ്റേഷനാണുള്ളത്. മഹാരാജാസ് ഗ്രൗണ്ടിലേക്ക് സര്‍വീസ് നീളുന്നതോടെ ദൈര്‍ഘ്യം 18 കിലോമീറ്ററാകും. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. സ്ഥിരം യാത്രക്കാര്‍ക്ക് യാത്രാനിരക്ക് കുറയ്ക്കുന്നത് മുതലായുള്ള പദ്ധതികള്‍ കെഎംആര്‍എല്‍ മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന.

അണ്ടര്‍ 17 ലോകകപ്പിന് മുന്‍പ് കലൂര്‍ സ്‌റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന വാഗ്ദാനം ഇതോടെ നടപ്പിലാവുകയാണ്. ജൂണ്‍ 17 കൊച്ചി മെട്രോ ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വ്വീസ് ആരംഭിച്ചിരുന്നു.