കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ തുടക്കം മുതല്‍ കൗതുകമുണര്‍ത്തുന്ന പ്രതിഷ്ഠാപനങ്ങള്‍ കൊണ്ട് സന്ദര്‍ശകരുടെയും നഗരവാസികളുടെയും മനസില്‍ തങ്ങി നില്ക്കുന്ന ഇടമായി ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡ് മാറിക്കഴിഞ്ഞു.
ഡിസംബര്‍ 12 ന് തുടങ്ങുന്ന ബിനാലെ നാലാം ലക്കത്തില്‍ വിജ്ഞാന പരീക്ഷണശാലയായി കബ്രാള്‍ യാര്‍ഡിനെ മാറ്റാനാണ് ക്യൂറേറ്റര്‍ അനിത ദുബെയുടെ തീരുമാനം. കലാകാരനെന്നോ ആസ്വാദകനെന്നോ പൊതുജനമെന്നോ വേര്‍തിരിവില്ലാതെ ബിനാലെയെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വന്തം വിജ്ഞാനവും നല്കാന് അവസരം നല്‍കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പ്രധാന ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസിന് തൊട്ടടുത്താണ് പ്രശസ്തമായ കബ്രാള്‍യാര്‍ഡ് വളപ്പ്. എഡി 1500-ാമണ്ട് കൊച്ചിയിലെത്തിയ ആദ്യ പോര്‍ച്ചുഗീസ് നാവികനായ പെഡ്രോ ആല്‍വാരസ് കബ്രാളിന്റെ പേരിലാണ് ഈ വളപ്പ് അറിയപ്പെടുന്നത്. സാമൂതിരിയുമായി ശത്രുതയിലായിരുന്ന പോര്‍ച്ചുഗീസുകാരെ കൊച്ചി രാജാവ് ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ ആദ്യം ഒരുക്കിയത്.
പിന്നീട് 1904 ല്‍ ആസ്പിന്‍വാള്‍ കമ്പനി ഈ സ്ഥലം വാങ്ങുകയും കയര്പിരിയ്ക്കായുള്ള വാണിജ്യയൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു.
കൊച്ചി ബിനാലെ പ്രദര്‍ശനങ്ങളുടെ പത്ത് മുഖമുദ്രകളിലൊന്നാണ് കബ്രാള്‍ യാര്‍ഡ്. ഇക്കുറി ബിനാലെയോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണങ്ങള്‍, പരിശീലന കളരികള്‍, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതി എന്നിവ കബ്രാള്‍ യാര്‍ഡിലായിരിക്കും സജ്ജമാക്കുന്നത്.
ബിനാലെ ഒന്നും രണ്ടും ലക്കങ്ങളില്‍ പവിലിയന് ഉണ്ടാക്കിയത് പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ തന്നെയായിരുന്നു. എന്നാല്‍ മൂന്നാം ലക്കത്തില്‍ ക്യൂറേറ്റര്‍ സുദര്ശന് ഷെട്ടിയാണ് പ്രധാനവേദിയില്‍ നിന്നു മാറി പവിലിയന് ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ഒരിടത്തു മാത്രമായി സന്ദര്‍ശകര്‍ ഒതുങ്ങിപ്പോകാതിരിക്കാനും ഈ തീരുമാനം കാരണമായി.
കൊച്ചി-മുസിരിസ് ബിനാലെയിലെ പ്രധാനപ്പെട്ട ഒരിടമാണ് കബ്രാള്യാര്ഡെന്ന് ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് വരാനും ഒന്നിച്ചിരുന്ന് സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഇടമാണിത്. സംഭാഷണ പരമ്പരകള്‍, ചലച്ചിത്ര പ്രദര്‍ശനം, അധ്യയന പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഇവിടെ നടകക്കും.
ഇക്കുറി കബ്രാള്‍ യാര്‍ഡ് പവിലിയനോടനുബന്ധിച്ച് രണ്ട് ഭക്ഷണശാലകളും ഉണ്ടാകും. കുടുംബശ്രീ പ്രവര്‍ത്തകരുടെ ഭക്ഷണശാലയും എഡിബിള്‍ ആര്‍ക്കൈവ്സിന്റെ ഇന്‍ഫ്രാ പ്രോജക്ടും ഇവിടെ ഒരുങ്ങും. ഇതിനു പുറമെ ബിനാലെയില്‍ പങ്കെടുക്കുന്ന സ്വിസ്സ് ആര്‍ട്ടിസ്റ്റായ തോമസ് ഹെര്‍ഷ്ഹോം ദിവസം ആറുമണിക്കൂര്‍ വച്ച് 30 ദിവസം നീണ്ടു നില്ക്കുന്ന പരിശീലന കളരിയും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.
2012 ലെ ആദ്യ ബിനാലെയില്‍ സുദര്ശന് ഷെട്ടി, അഫ്ഗാന് വംശജനായ അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് അമാനുള്ള മൊജാദിദി എന്നിവരുടെ പ്രതിഷ്ഠാപനങ്ങളാണ് കബ്രാള്‍ യാര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. രണ്ടാം ബിനാലെയില്‍ വല്സന് കൂര്‍മ്മ കൊല്ലേരിയുടെ ഹൗ ഗോസ് ദി എനിമി എന്ന സൃഷ്ടിയായിരുന്നു കബ്രാള്‍ യാര്‍ഡിന്റെ ആകര്‍ഷണം.
2016-ലെ മൂന്നാം ബിനാലെയിലെ പവിലിയന് തന്നെ ആര്‍ക്കിടെക്ട് ടോണി ജോസഫിന്റെ ബിനാലെ പ്രതിഷ്ഠാപനമായിരുന്നു. ഇതു കൂടാതെ കത്രീന നെബുര്ഗ, ആന്ദ്രിസ് എഗില്ട്ടിസ്, സോഫീ ഡിജോഡെ, ബെര്‍ട്രാന്‍ഡ് ലാകോംബെ എന്നിവരുടെ സൃഷ്ടികളും കബ്രാള്‍ യാര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.