25 April 2024, Thursday

ബിനാലെയിൽ കെൻ സരോ വിവയുടെ ആവേശസ്മരണകളുയർത്തി മകളുടെ ആവിഷ്കാരം

Janayugom Webdesk
കൊച്ചി
January 24, 2023 10:44 pm

1995 നവംബർ പത്തിന് നൈജീരിയയിലെ പട്ടാളഭരണകൂടം തൂക്കിലേറ്റിയ പരിസ്ഥിതി, അവകാശ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെൻ സരോ വിവയുടെ ആവേശോജ്ജ്വല സ്മരണകൾ ഉയർത്തുന്ന മകൾ സിന സരോ വിവയുടെ സമകാലീന കലാവിഷ്കാരം കൊച്ചി മുസിരിസ് ബിനാലെ അഞ്ചാംപതിപ്പില്‍ ശ്രദ്ധേയമാകുന്നു.
ചൂഷിതരോടും പ്രകൃതിയോടും പുലർത്തിയ വിട്ടുവീഴ്ചയില്ലാത്ത കൂറിന്റെപേരിൽ രക്തസാക്ഷിയാകേണ്ടിവന്ന പിതാവിന്റെ ആദർശങ്ങളിലും നിലപാടുകളിലും നിലയുറപ്പിച്ചാണ് സിനയുടെ ജീവിതവും. അത് പ്രകടമാകുന്നുണ്ട്, ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ച സിനയുടെ ‘ഹോളി സ്റ്റാർ ബോയ്സ്’ എന്ന ആവിഷ്കാരത്തിൽ.

നൈജീരിയയുടെ തെക്കേയറ്റത്ത് ന്യൂനപക്ഷ ഗോത്രവിഭാഗമായ ഒഗോണികൾ അധിവസിക്കുന്ന നൈജർ നദീതടത്തിലെ ജീവിതത്തിന്റെ സാംസ്കാരിക, സാമൂഹ്യ ഭാവതലങ്ങൾ പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്നതാണ് അഞ്ചുഭാഗങ്ങൾ ഉൾക്കൊള്ളുന്ന ‘ഹോളി സ്റ്റാർ ബോയ്സ്’. പരിസ്ഥിതി മലിനീകരണവും പ്രകൃതി ചൂഷണവും മൂലം തകർന്നടിഞ്ഞതിന്റെ പേരിൽ ലോകത്ത് കുപ്രസിദ്ധമായ പ്രദേശമാണ് നൈജർ നദീതടം. മാനിന്റെ തലയോട് സാമ്യമുള്ള ഒഗോണികളുടെ തനത് മുഖംമൂടി ധരിച്ച രണ്ടു മനുഷ്യ രൂപങ്ങളിലൂടെ ‘ഹോളി സ്റ്റാർ ബോയ്സി‘ൽ സിന നൈജർ നദീതടത്തിന്റെ അവസ്ഥയെ അഭിമുഖീകരിക്കുമ്പോൾ വിവിധങ്ങളായ ആശയങ്ങളും അവബോധങ്ങളും ഉരുത്തിരിയുന്നു. 

ആധുനികവല്‍ക്കരണം പരമ്പരാഗത സംസ്കാരത്തെ ബാധിക്കുന്നത്, ഇരട്ടവ്യക്തിത്വം, അന്യവല്‍ക്കരണം, പ്രാപഞ്ചിക ജീവശാസ്ത്ര തത്വങ്ങൾ എന്നിങ്ങനെ ചിന്തകൾ ജനിപ്പിക്കുന്നു, ലൈറ്റ് ബോക്സിലെ സി-പ്രിന്റിലുള്ള ആവിഷ്കാരം. ജന്മനാട്ടിൽ ഭൗമികമായി അന്യവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കരമാണ് ‘ഹോളി സ്റ്റാർ ബോയ്സ്’ — സിന കെൻ സരോ വിവ പറയുന്നു.
പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ, കവി, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ കെൻ സരോ വിവ ലോകത്ത് അനശ്വരത നേടിയെങ്കിൽ വീഡിയോ ഇൻസ്റ്റലേഷനുകൾ, ഡോക്യൂമെന്ററികൾ, സംഗീത വീഡിയോകൾ, പരീക്ഷണാത്മക ചലച്ചിത്രങ്ങൾ എന്നിവയിലൂടെ പ്രശസ്തയാണ് മകൾ സിന. ബിബിസിയിൽ മാധ്യമപ്രവർത്തകയായിരുന്ന ഈ 47 കാരി ബ്രൂക്ക്‌ലിൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. 

Eng­lish Sum­ma­ry: kochi musiris binnale

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.