20 April 2024, Saturday

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് തുടക്കമായി

Janayugom Webdesk
കൊച്ചി
December 12, 2022 11:00 pm

പ്രതിലോമ ശക്തികൾക്കെതിരെ വൈവിധ്യമാർന്ന സാംസ്കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനില്പുകൾക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.അന്താരാഷ്ട്ര നിലവാരമുള്ള സമകാല കലാമേള നമ്മുടെ മണ്ണിലേക്ക് എത്തിക്കുക എന്ന സ്വപ്നങ്ങൾക്കുമപ്പുറമായിരുന്ന നേട്ടമാണ് പത്തു വർഷം മുമ്പ് ഇതേ തീയതി ആരംഭിച്ച ആദ്യ ബിനാലെയിലൂടെ സാക്ഷാത്കൃതമായതെന്ന് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. 

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, അഡ്വ. പി എ മുഹമ്മദ് റിയാസ്, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ജെ മാക്സി, ടി ജെ വിനോദ്, മുൻ മന്ത്രി കെ വി തോമസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവേൽ ലെനെയിൻ, കോസ്റ്റ് ഗാർഡ് കമാൻഡർ എൻ രവി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് എന്നിവർ സന്നിഹിതരായി.
‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തിൽ 14 വേദികളിലായി ഏപ്രിൽ 10വരെ ബിനാലെ ഒരുക്കുന്ന കലാവസന്തം തുടരും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്കാരിക പരിപാടികളും നടക്കും.
ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് എന്നീ പ്രധാന വേദികൾക്കു പുറമെ ടി കെ എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ എന്നിവിടങ്ങളിലാണ് പശ്ചിമകൊച്ചിയിൽ പ്രദർശനം.

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരളത്തിലെ മികച്ച 34 സമകാല കലാകാരന്മാരുടെ നൂറ്റമ്പതോളം സൃഷ്ടികൾ പ്രദർശിപ്പിക്കും. രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാംപതിപ്പ് അരങ്ങേറിയ 2018ൽ ലോകമെമ്പാടുനിന്നുമായി ആറുലക്ഷം പേരാണ് കലാസ്വാദനത്തിനായി എത്തിയത്. ഇക്കൊല്ലം പത്തുലക്ഷം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. 

Eng­lish Sum­ma­ry: Kochi Muziris Bien­nale has started

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.