അലനെയും താഹയെയും അടുത്തമാസം 17 വരെ കൊച്ചി എൻഐഎ കോടതി റിമാന്റു ചെയ്തു

Web Desk

കൊച്ചി

Posted on January 16, 2020, 2:28 pm

മാവോവാദി ബന്ധം ആരോപിച്ച്‌ കോഴിക്കോട് പന്തീരാം കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ കൊച്ചി എന്‍ ഐ എ പ്രത്യേക കോടതി അടുത്ത മാസം 17 വരെ റിമാന്റു ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലിലേക്കാണ് ഇവരെ റിമാന്റു ചെയ്തിരിക്കുന്നത്.ഇരുവരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അതിനായി വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് എന്‍ ഐ എ അന്വേഷണം സംഘം അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ നാളെ കോടതി വാദം കേട്ട് വിധി പ്രഖ്യാപിക്കും. മാവോവാദി ബന്ധം ആരോപിച്ച്‌ കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത്

തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരയെുംഅറസ്റ്റു ചെയ്യുകയായിരുന്നു. ഇവരുടെ ബാഗില്‍ നിന്ന് മാവോവാദി അനൂകൂല ലഘുലേഖകകളും വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്ടോപ്പും സിം കാര്‍ഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലീസ് പറഞ്ഞത്.തുടര്‍ന്ന് റിമാന്റില്‍ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തോടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തിയ ഇരുവര്‍ക്കുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത് . കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.തുടര്‍ന്ന് ആദ്യമായിട്ടാണ് കേസ് എന്‍ ഐ എ കോടതി ഇന്ന് പരിഗണിച്ചത്.