September 30, 2023 Saturday

Related news

September 15, 2023
September 13, 2023
August 27, 2023
August 1, 2023
July 12, 2023
July 7, 2023
July 6, 2023
July 5, 2023
June 10, 2023
June 9, 2023

കൊച്ചി തുറമുഖവും സ്വകാര്യമേഖലയിലേക്ക്

ബേബി ആലുവ
കൊച്ചി
February 21, 2022 10:56 pm

ചരക്കു നീക്കത്തിലും മറ്റും അനാവശ്യ കാലവിളംബമുണ്ടാക്കി കൊച്ചി തുറമുഖത്തെ സ്വകാര്യവത്കരണത്തിനു പാകപ്പെടുത്തിയെടുക്കാൻ കേന്ദ്രത്തിന്റെ ഗൂഢ നീക്കം. ഇതോടെ, കാലങ്ങളായി തുറമുഖവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവന്ന കമ്പനികൾ ഒന്നൊന്നായി കൊച്ചി വിടുകയാണ്.
സ്വകാര്യവത്കരണത്തിനായി കേന്ദ്രം ഉന്നമിടുന്ന രാജ്യത്തെ 12 മേജർ തുറമുഖങ്ങളിലൊന്നാണ് കൊച്ചി. ആദ്യ മോഡി സർക്കാരിന്റെ കാലത്തു തന്നെ വില്പനയ്ക്കുള്ള തുറമുഖങ്ങളുടെ പട്ടിക തയാറാക്കി നടപടികൾ തുടങ്ങിയെങ്കിലും ഫലവത്തായില്ല. ഈ മന്ത്രിസഭയുടെ കാലാവധി തീരുന്നതിനു മുമ്പെങ്കിലും ഇവയുടെ കച്ചവടമുറപ്പിച്ചു പണം കീശയിലാക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രം.
ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളടക്കമുള്ളവയുടെ പരിശോധനാ ഫലവും തുടർന്ന് വിടുതൽ രേഖകളും കിട്ടാൻ ദിവസങ്ങളോളം വൈകുന്നതിനാൽ സാധനങ്ങൾ ഉപയോഗശൂന്യമാവുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് വ്യാപാരികളുടെ ആക്ഷേപം. പരിശോധനകൾക്കും ക്ലിയറിങ് രേഖകൾ നൽകുന്നതിനും മറ്റും ചുമതലപ്പെട്ട കേന്ദ്ര ഏജൻസികൾ മനഃപൂർവമായാണ് ഇക്കാര്യങ്ങളിൽ നിരന്തരം കാണിക്കുന്ന അലംഭാവമെന്ന് അവർ പറയുന്നു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനെ ഒതുക്കാൻ പുറത്തു നിന്നുള്ള ലോബികൾ നടത്തുന്ന കുതന്ത്രങ്ങൾക്ക് തുറമുഖത്തെ കേന്ദ്ര ഏജൻസികളുടെ ഒത്താശയുണ്ടോ എന്ന കാര്യം ഗൗരവപൂർവം പരിശോധിക്കണമെന്നും വ്യാപാരികൾ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ ചെറുതും വലുതുമായ മുഴുവൻ തുറമുഖങ്ങളിലെയും ചരക്കു നീക്കവുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് ഏകീകൃത സ്വഭാവമാണെങ്കിലും ആ നിയമങ്ങളൊന്നും കൊച്ചി തുറമുഖത്ത് ബാധകമല്ല എന്നമട്ടിലാണ് കേന്ദ്ര ഏജൻസികളുടെ പ്രവൃത്തികൾ. ഈ രീതിയിൽ മനം മടുത്ത്, കൊച്ചി വിടുന്ന വല്ലാർപാടം ടെർമിനലിനെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന കമ്പനികളുടെ എണ്ണം നാൾക്കു നാൾ കൂടിവരുന്നു എന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്. ഈ വ്യാപാരികൾ ആശ്രയിക്കുന്നത് ഗുജറാത്ത്, മുംബൈ, ചെന്നൈ തുടങ്ങിയ തുറമുഖങ്ങളെയാണ്.
അവിടങ്ങളിൽ നിന്നു റോഡ് മാർഗ്ഗം ചരക്ക് കേരളത്തിലെത്തിക്കുന്നതാണ് കൊച്ചി തുറമുഖത്തെ കേന്ദ്ര ഏജൻസികളുടെ ദയാവായ്പിനു കാത്തുനിൽക്കുന്നതിനെക്കാൾ എളുപ്പം എന്നാണവരുടെ പക്ഷം. ഗുജറാത്ത് തുറമുഖത്തിലടക്കം വലിയ സ്വീകരണമാണ് വ്യാപാരികൾക്കു ലഭിക്കുന്നത്. കൊച്ചി തുറമുഖത്തെ പ്രശ്നങ്ങളുടെ ഗൗരവം വ്യക്തമാക്കി വിവിധ വകുപ്പ് മന്ത്രാലയങ്ങൾക്കു വ്യാപാരികളുടെ സംഘടനകൾ തുടരെ പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല.

Eng­lish Sum­ma­ry: Kochi Port to the pri­vate sector

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.