സുരേന്ദ്രൻ കുത്തനൂർ

തൃശൂർ

July 17, 2021, 11:31 am

കൊടകര കുഴൽപ്പണം; കോടതി പരാമർശത്തിൽ കുരുക്കിലായി ബിജെപി

Janayugom Online

വിവാദമായ കൊടകര കുഴൽപ്പണക്കേസിൽ ഹൈക്കോടതിയുടെ പരാമർശം പ്രതിസ്ഥാനത്ത് നിൽക്കുന്ന ബിജെപിയെ കൂടുതൽ കുരുക്കിലാക്കി. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നാണ് ഹൈക്കോടതി ഇന്നലെ പറഞ്ഞത്. പണം ബിജെപിക്ക് വേണ്ടി കുഴൽമാർഗം എത്തിയതാണെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് കോടതി നിരീക്ഷണം.

കഴിഞ്ഞദിവസം മൊഴി നൽകാൻ ഹാജരായ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 16 സംഘപരിവാർ നേതാക്കളും പറഞ്ഞിരുന്നത് കുഴൽപ്പണവുമായി ബന്ധമില്ല എന്നാണ്. ഇത് തള്ളുന്ന നിരീക്ഷണമാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ടെന്നാണ് കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിൽ കോടതി പരാമർശിച്ചിരിക്കുന്നത്. കുഴൽപ്പണത്തിന്റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. 14 ന് അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരായ കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ മേഖലാ സെക്രട്ടറി എൽ പത്മകുമാർ, ട്രഷറർ കെ ജി കർത്താ, തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീ‌ഷ് കുമാർ തുടങ്ങി 16 സംഘപരിവാർ നേതാക്കളെയാണ് അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തത്. ഇടനിലക്കാരൻ ധർമ്മരാജന്റെ ഫോൺകോള്‍ ലിസ്റ്റിൽ നിന്നാണ് ഇത്രയും നേതാക്കളിലേക്ക് അന്വേഷണമെത്തിയത്. എന്നാൽ ആർഎസ്എസുകാരനായ ധർമ്മരാജനെ രാഷ്ട്രീയ കാര്യങ്ങൾക്കാണ് വിളിച്ചതെന്നാണ് എല്ലാ നേതാക്കളും മൊഴി നൽകിയത്.

അതേസമയം ബിജെപി നേതാക്കൾക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് രണ്ടു തവണ വീതം ചോദ്യം ചെയ്തപ്പോഴും ധർമ്മരാജനും സുനിൽനായിക്കും നൽകിയ മൊഴി അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചിട്ടുമുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നതാണ് കുഴൽപ്പണമെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുളള്ളത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശന്റെയും ഓഫീസ് സെക്രട്ടറി ഗിരീശന്റെയും നിർദേശപ്രകാരം കർണാടകയിൽ നിന്നെത്തിച്ച പണം ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണ കർത്തയ്ക്ക് കൈമാറാൻ പോകുമ്പോഴാണ് കൊടകരയിൽവച്ച് കവർന്നതെന്നും ധർമരാജൻ ഇടനിലക്കാരൻ മാത്രമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഇത് സാധൂകരിക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ വച്ച് കവർച്ച നടന്നത്. എന്നാൽ ഏഴിനാണ് 25 ലക്ഷം നഷ്ടപ്പെട്ടതായി ഷംജീർ കൊടകര പൊലീസിൽ പരാതി നൽകിയത്. 25 ലക്ഷം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതിയെങ്കിലും വാഹനത്തിൽ മൂന്നര കോടിയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കവർച്ചയിൽ ഉൾപ്പെട്ട 22 പ്രതികളെ അറസ്റ്റ് ചെയ്യുകയും ഒന്നര കോടിയിലേറെ പണം പ്രതികളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

Eng­lish sum­ma­ry; Kodakara case court ref­er­ence; BJP in a bind

You may also like this video;