പുളിക്കല്‍ സനില്‍രാഘവന്‍

തൃശൂര്‍

July 27, 2021, 1:12 pm

കൊടകര കുഴല്‍പ്പണ കേസ്: സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു, ബിജെപി പ്രതിരോധത്തിലേക്ക്

Janayugom Online

സംസ്ഥാന ബിജെപി കൊടകര കുഴല്‍പ്പണ കേസില്‍ ഏറെ സമ്മര്‍ദ്ദത്തിലും പ്രതിരോധത്തിലുമാണ്. കൊടകര കുഴല്‍പണ തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപിയെ അത്രയേറെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ ആണുള്ളത്. തെരഞ്ഞെടുപ്പുകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനും ബാലുശ്ശേരി സ്വദേശിയും ആയ ധര്‍മരാജന്‍ ആണ് ബിജെപിയ്ക്കായി കേരളത്തിലേക്ക് എത്തിച്ചത് ഇരുപത്തിയൊന്ന് കോടിയോളം രൂപയാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ട 4.4 കോടി രൂപ കൂടാതെയാണിത്. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ധര്‍മരാജന്റെ മൊഴിയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഏറ്റവും അധികം പണം എത്തിച്ചത് തൃശൂരിലെ ബിജെപി ഓഫീസിലേക്കായിരുന്നു.ഇതു രാഷ്ട്രീയ ആരോപണമായി തള്ളിക്കളയാനുള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെസുരേന്ദ്രന് നേരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ബിജെപി സംസ്ഥാന ഘടകത്തിലെ തന്നെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുണ്ട്.

എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും, ആര്‍എസ്എസിന്റെയും ശക്തമായ നിലപാടിനാലാണ് ആരും അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കാത്തത്.ധര്‍മരാജന്‍ ഒറ്റയടിക്ക് കടത്തിയ ഏറ്റവും വലിയ തുക 13.5 കോടി രൂപയാണ്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിച്ച പണം ആണ് ധര്‍മരാജന്‍ തൃശൂരിലേക്ക് കൊണ്ടുവന്നത്. സേട്ടുമാരാണ് കര്‍ണാടകത്തില്‍ പണം സംഭരിച്ചുവയ്ക്കുന്നതും കൈമാറുന്നതും എന്നാണ് ധര്‍മരാജന്‍ പറയുന്നത്. ഇത്തരത്തില്‍ ഒരാളാണ് 13.5 കോടി രൂപ കോഴിക്കോട് എത്തിച്ചത്. ഏപ്രില്‍ 2 ന് ആയിരുന്നു ഇത്തരത്തില്‍ 13.5 കോടി രൂപ കോഴിക്കോട് എത്തിയത്. ഇത് തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. ബിജെപി ഓഫീസില്‍ തിരക്കായിരുന്നതിനാല്‍ മറ്റൊരു ലോഡ്ജില്‍ തങ്ങാന്‍ ബിജെപി നേതാവ് കൂടിയായ സുജയ് സേനന്‍ നിര്‍ദ്ദേശിച്ചു എന്ന് പറയുന്നു.

പിന്നീട് ഈ പണം ചാക്കില്‍ കെട്ടി, തലയില്‍ ചുമന്നാണ് ബിജെപി ഓഫീസില്‍ എത്തിച്ചത് എന്നും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നുണ്ട്. 13.5 കോടി രൂപയില്‍ 6.3 കോടി രൂപയാണ് തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിച്ചത് എന്നാണ് ധര്‍മരാജന്‍ പറയുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീശന്റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നത്രെ ഇത്. അതിന് ശേഷം ബാക്കി തുക കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലേക്കാണ് എത്തിച്ചത് എന്നും പറയുന്നുണ്ട്. ധര്‍മരാജന്‍ വഴി പത്തനംതിട്ടയില്‍ എത്തിച്ചുനല്‍കിയത് 1.4 കോടി രൂപയാണ്. കണ്ണൂരിലെ ബിജെപി ഓഫീസില്‍ 1.04 കോടി രൂപ എത്തിച്ചു. കാസര്‍കോട് ബിജെപി ഓഫീസില്‍ 3.5 കോടി രൂപയാണ് എത്തിച്ചത്. മാര്‍ച്ച് 21, 23 തീയ്യതികളിലായിട്ടായിരുന്നു ഇത്. മാര്‍ച്ച് 23 ന് തന്നെ ആലപ്പുഴയിലെ ബിജെപി നേതാവിന് ഒന്നര കോടിയും നല്‍കിയിട്ടുണ്ട് എന്നാണ് മൊഴിയില്‍ പറയുന്നത്.6.3 കോടി രൂപ മാത്രമല്ല തൃശൂരിലെ ബിജെപിയ്ക്ക് വേണ്ടി ധര്‍മരാജന്‍ എത്തിച്ചതത്രെ. അതിന് മുമ്പായി രണ്ട് തവണകളായി മൂന്നര കോടി രൂപ നല്‍കിയിട്ടുണ്ട്.

ബിജെപി നേതാവ് സുജയ് സേനനാണ് ഈ പണം കൈമാറിയതും എന്നും ധര്‍മരാജന്‍ പറയുന്നു. മാര്‍ച്ച് മാസത്തില്‍ ആയിരുന്നു ഇത് എന്നാണ് മൊഴി.കര്‍ണാടകത്തില്‍ നിന്ന് സേലം വഴി കൊണ്ടുവരികയായിരുന്ന 4.4 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നുണ്ട്. മാര്‍ച്ച് 6 ന് ആയിരുന്നു ഈ പണം നഷ്ടപ്പെട്ടത്. ഈ കവര്‍ച്ചയ്ക്ക് പിന്നിലും കേരളത്തില്‍ നിന്നുള്ള സംഘമാണെന്നാണ് വിലയിരുത്തുന്നത്. ഈ കേസ് ഇപ്പോള്‍ പ്രത്യേകം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരിലെ ബിജെപി ഓഫീസില്‍ 6.3 കോടി നല്‍കി, ബാക്കി തുകയുമായി കോന്നിയിലേക്കാണ് ധര്‍മരാജന്‍ പോയത്. അവിടെ നിന്ന് മടങ്ങുന്ന സമയത്താണ് കോഴിക്കോട് നിന്ന് മൂന്നര കോടി രൂപയുമായി ഡ്രൈവര്‍ ജംഷീര്‍ പുറപ്പെട്ടത്. തുടര്‍ന്ന് തൃശൂരില്‍ വച്ച് ജംഷീറിനെ ധര്‍മരാജന്‍ കണ്ടു. അവിടെ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ജംഷീറിന് എസ്‌കോര്‍ട്ട് ആയി ധര്‍മരാജനും പുറപ്പെട്ടിരുന്നു. പക്ഷേ, കൊടകരയില്‍ വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ടത് എന്നാണ് ധര്‍മരാജന്‍ നല്‍കിയ മൊഴി.

എന്തായാലും ഈ കേസില്‍ ബിജെപിയ്ക്ക് കൈകഴുകി ഒഴിയാന്‍ സാധിക്കില്ല. പണം നഷ്ടപ്പെട്ട ഉടന്‍ ധര്‍മരാജന്‍ വിളിച്ചത് മുഴുവന്‍ ബിജെപി നേതാക്കളെ ആയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ നമ്പറിലേക്കും വിളിച്ചിരുന്നു. കെ സുരേന്ദ്രന്‍ തന്നെ തിരിച്ചുവിളിച്ച് സംസാരിച്ചുവെന്നും ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ എല്ലാം രേഖകളും പോലീസ് ശേഖരിച്ചുണ്ട്. പണം കവര്‍ച്ച ചെയ്യപ്പെട്ടത് അറിഞ്ഞ കൊടകരയില്‍ നേരിട്ടെത്തിയതും ബിജെപി നേതാക്കളാണെന്നാണ് മൊഴി. ബിജെപി നേതാക്കളായ സുജയ് സേനനും കാശിനാഥനും ആണ് ഇവര്‍. പിന്നീട് ഇവര്‍ക്കൊപ്പമാണ് താന്‍ ബിജെപി ജില്ലാ ഓഫീസിലേക്ക് ചെന്നത് എന്നും ധര്‍മരാജന്‍ പറയുന്നുണ്ട്. ധര്‍മരാജന്റെ സഹോദരന്‍ ധനരാജന്‍, പണം കടത്താനുപയോഗിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ ഷംജീര്‍, ഷംജീറിന്റെ സുഹൃത്ത് റഷീദ് എന്നിവരും കൂടെയുണ്ടായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായും അടുത്ത ബന്ധമുണ്ട്. ഒരു പതിറ്റാണ്ടോളമായി ബിജെപിയ്ക്ക് വേണ്ടി പണം കടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നും ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് മാത്രം 12 കോടി രൂപ കടത്തി എന്നും മൊഴി നല്‍കിയിട്ടുണ്ട്. സേലത്ത് വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ തന്നെ ബിജെപിയിലെ പല നേതാക്കളും ധര്‍മരാജനെ സംശയിച്ചിരുന്നു എന്നാണ് പറയുന്നത്. അതിന് ശേഷം കൊടകരയിലും കൂടി കവര്‍ച്ച നടന്നപ്പോള്‍ സംശയം ശക്തമായി.

കൊടകര സംഭവത്തില്‍ ഇക്കാര്യം ബിജെപി നേതാവ് കെആര്‍ ഹരി പ്രകടിപ്പിക്കുകയും ചെയ്തു. കെ സുരേന്ദ്രനും കവര്‍ച്ചാകാര്യം വിശ്വാസ്യയോഗ്യമല്ലെന്ന നിലപാടെടുത്തു എന്നാണ് പറയുന്നത്. ഇതെല്ലാം ധര്‍മരാജന്റെ മൊഴിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ഇത്തരത്തിലായിരിക്കെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിലെ വൈരുദ്ധ്യം ചര്‍ച്ചയാകേണ്ടതാണ്. ഇത്രയും വലിയ കുഴല്‍പ്പണ ഇടപാടുകള്‍ വളരെ ലാഘവത്തോടെയാണ് സുരേന്ദ്രന്‍ കാണുന്നത്.കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രന്‍ ആദ്യം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു ഒരു ഘട്ടത്തില്‍ ബിജെപി സ്വീകരിച്ച നിലപാട്. എന്നാല്‍ ഒടുവില്‍ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ തയ്യാറാവുകയായിരുന്നു.വിചിത്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത് എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് നോക്കി അന്വേഷണം നടത്തുന്നു എന്നതാണ് ഇതിന് കാരണമായി കെ സുരേന്ദ്രന്‍ പറയുന്നത്.

കൊടകരയില്‍ വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തിലെ പരാതിക്കാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ബാലുശ്ശേരി സ്വദേശിയും ആയ ധര്‍മരാജന്‍ ആണ്. പണം കവര്‍ച്ച ചെയ്യപ്പെട്ട കേസ് മാത്രമാണ് അന്വേഷിക്കുന്നത് എങ്കില്‍, കെ സുരേന്ദ്രന്റെ നിലപാടിലെ ഒരു വാദത്തിന്റെ പേരില്‍ എങ്കിലും അംഗീകരിക്കാം. എന്നാല്‍ ഇവിടെ അങ്ങനെയല്ല കാര്യങ്ങള്‍. 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്റെ പരാതി. അപ്പോള്‍ തന്നെ, നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന വാര്‍ത്തകള്‍ പല കോണുകളില്‍ നിന്ന് പുറത്ത് വന്നിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനകളില്‍ ഒന്നര കോടി രൂപയോളം പിടിച്ചെടുത്തപ്പോഴാണ് ധര്‍മരാജന്‍ നഷ്ടപ്പെട്ട തുക മൂന്നര കോടി ആണെന്ന് സമ്മതിച്ചത്.

കണക്കില്ലാത്ത പണമാണ് അത് എന്നും പോലീസിനോട് സമ്മതിച്ചിരുന്നു. വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് ഇത്രയധികം തുക കൊണ്ടുപോയി എന്ന് വരുമ്പോള്‍ തന്നെ കേസിന്റെ മാനം മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ധര്‍മരാജന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍ തന്നെ ആയിരുന്നു. പണം നഷ്ടപ്പെട്ട ഉടന്‍ ധര്‍മരാജന്‍ വിളിച്ചത് കെ സുരേന്ദ്രന്റെ മകന്റെ പേരില്‍ എടുത്ത ഫോണ്‍ നമ്പറിലേക്കാണ്. പിന്നെ തുടര്‍ച്ചയായി വിളിച്ചത് ഏഴ് ബിജെപി നേതാക്കളേയും.

ഏപ്രില്‍ 3 ന് പുലര്‍ച്ചെ 3.40 ഓടെ ആയിരുന്നു കൊടകരയില്‍ വച്ച് പണവും വാഹനവും കവര്‍ച്ച ചെയ്യപ്പെട്ടത് എന്നത് കൂടി ഓര്‍ക്കണം. സ്വാഭാവികമായും അന്വേഷണം ബിജെപി നേതാക്കളിലേക്ക് എത്തും. പണം കവര്‍ച്ച ചെയ്യപ്പെട്ടു എന്ന കേസില്‍ ധര്‍മരാജന്‍ പരാതിക്കാരന്‍ തന്നെയാണ്. എന്നാല്‍ അനധികൃതമായി പണം സൂക്ഷിച്ചു എന്നത് കുറ്റകരമാണ്. അത് കുഴല്‍പണം ആണെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ ധര്‍മരാജന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചില്ലെങ്കില്‍ ആണ് പോലീസ് അന്വേഷണം വിചിത്രമാവുക എന്നതാണ് യാഥാര്‍ത്ഥ്യം. ധര്‍മരാജന്റെ ബിസിനസ് പങ്കാളി എന്ന് പറയുന്ന ആളണ് സുനില്‍ നായിക്. തനിക്ക് പണം നല്‍കിയത് സുനില്‍ നായിക് ആണെന്നായിരുന്നു ധര്‍മരാജന്‍ പോലീസിന് നല്‍കിയ മൊഴി.

സുനില്‍ നായിക് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ ആണ്. ആ കാലഘട്ടത്തില്‍ കെ സുരേന്ദ്രന്‍ ആയിരുന്നു സംസ്ഥാന അധ്യക്ഷന്‍. മാത്രമല്ല, കെ സുരേന്ദ്രനെതിരെയുള്ള മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസിലും സുനില്‍ നായിക്കിന്റെ സാന്നിധ്യമുണ്ട്. മൂന്നര കോടി രൂപ ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ഗോപാലകൃഷ്ണ കര്‍ത്തയെന്ന കെജി കര്‍ത്തയ്ക്ക് നല്‍കാനുള്ളതായിരുന്നു എന്നും ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത്തരം ഘട്ടത്തില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തേ മതിയാകൂ. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ആ പണം കൈമാറാന്‍ ശ്രമിച്ചത് എന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയ്ക്കുള്ളതാണോ അല്ലയോ എന്നൊക്കെ അന്വേഷണത്തില്‍ കണ്ടെത്തേണ്ട കാര്യമാണ്. അത് കണ്ടെത്തിയാലും ഇല്ലെങ്കിലും ധര്‍മരാജന്റെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികത ഒന്നും തന്നെയില്ല. അത്തരമൊരു അന്വേഷണത്തോട് സഹകരിക്കാതിരിക്കുമ്പോള്‍ ആണ് അതില്‍ അസ്വാഭാവികത വരിക.