കുഴല്‍പ്പണ കേസിലും മറ്റും നിഷ്പക്ഷമായ ഒരു അന്വേഷണം ഉണ്ടായാല്‍ നരേന്ദ്രമോഡിയില്‍ വരെ ചെന്നെത്തിയേക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഒരാളും രക്ഷപ്പെടാത്ത രീതിയില്‍ അന്വേഷണത്തിന് തയ്യാറാകണം. കേരളത്തിലെ എല്ലാ മതേതരകക്ഷികളും അതിനെ സ്വാഗതം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.
കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്ടര്‍ വാടക കാണിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അതില്‍ ചില സ്ഥാനാര്‍ഥികള്‍ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കുഴല്‍പ്പണമുള്‍പ്പടെയുള്ള സാമ്പത്തിക തിരിമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുണ്ട്. കുഴല്‍പ്പണം നല്‍കിയതും കേന്ദ്ര നേതൃത്വം തന്നെയാണ്, അപ്പോള്‍ അവരും ഉത്തരവാദിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
കഴിഞ്ഞ കാലത്ത് തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികള്‍ ഒഴുക്കിയാണ് ബിജെപി പ്രചാരണം നടത്തിയത്. രണ്ടാം കോവിഡ് തരംഗം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ മുഖ്യകാരണം തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വച്ചത് കൊണ്ടാണ്. മോഡിക്കും അമിത് ഷായ്ക്കും എന്തുവിലകൊടുത്തും ബംഗാള്‍ പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. കോവിഡ് തടയുന്നതില്‍ താത്പര്യമില്ലായിരുന്നു. കോടികളാണ് ബംഗാളില്‍ ചെലവാക്കിയത്. അവിടുത്തെ നേതാക്കള്‍ കിട്ടിയ പണം അടിച്ചുമാറ്റാത്തതിനാല്‍ പലതും പുറത്തുവന്നില്ല. ഇവിടെ ഇപ്പോള്‍ മൂന്നര കോടി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പണം വന്ന മാര്‍ഗമടക്കം അന്വേഷിക്കേണ്ടതാണ്. ഹെലികോപ്ടര്‍ വാടക സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ ചെലവില്‍ വന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
എല്‍ഡിഎഫും യുഡിഎഫുമല്ല കുഴല്‍പ്പണം ആരോപണം ഉന്നയിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ജാനുവിനെ 10 ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണം. സുരേന്ദ്രന്‍ വികാരാധീനനായിട്ട് കാര്യമില്ല. ആ പാര്‍ട്ടി മൊത്തം സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ഒരു പ്രമുഖ ജഡ്ജിയെ ഇതിനായി നിയമിക്കണം. എല്ലാ കള്ളത്തരവും പുറത്തുവരണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
English summary: Kodakara Hawala case followup
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.