കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ പരിഗണിച്ചശേഷം തള്ളിയത് ദളിതനായതുകൊണ്ടും അക്രമ സ്വഭാവം ഇല്ലാത്തതുകൊണ്ടുമെന്ന് വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.കോൺഗ്രസിൽ കടുത്ത ജാതിവിവേചനമുണ്ട്. അധ്യക്ഷനാകാൻ താൽപ്പര്യം അറിയിച്ചതിന്റെ പേരിൽ ചില നേതാക്കളുടെ സൈബർ ഗുണ്ടകളിൽനിന്ന് അതിരൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊടിക്കുന്നിൽ തുറന്നടിച്ചു.പ്രായം കുറവായതിനാൽ ഇനിയും അവസരമുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. യഥാർഥത്തിൽ താൻ ദളിതനായതാണ് കാരണം. കടുത്ത ജാതീ ആക്രമണമുണ്ടായി. മ്ലേച്ഛമായ രീതിയിൽ കുടുംബത്തെയും ആക്രമിച്ചു. സംവരണം ഇല്ലായിരുന്നെങ്കിൽ ദളിതരുടെ അവസ്ഥ എന്താകുമായിരുന്നു. പക്ഷേ, കെപിസിസി അധ്യക്ഷസ്ഥാനത്തിന് സംവരണമില്ലല്ലോ–-അദ്ദേഹം പറഞ്ഞു.
താൻ സൈബർ ഇടത്തിൽ സജീവമല്ല. കാരണം, വലിയ ചെലവുള്ളകാര്യമാണ്. ഒരു ഏജൻസിയെ സമീപിച്ചപ്പോൾ അവർ പറഞ്ഞ തുക ഞെട്ടിക്കുന്നതായിരുന്നു. കെ സുധാകരനാകട്ടെ വലിയൊരു സൈബർ ടീമുണ്ട്. വൻതോതിൽ ‘ഫാൻസി’ നെയും ഉണ്ടാക്കി. മുല്ലപ്പള്ളിയെ മാറ്റാനുള്ള ആലോചന തുടങ്ങിയപ്പോൾത്തന്നെ സുധാകരൻ ആസൂത്രിത സൈബർ പ്രചാരണം തുടങ്ങി. ഡൽഹി, ഗൾഫ് എന്നിവിടങ്ങളിൽ നിന്നെല്ലാം സുധാകരന് അനുകൂലമായും തനിക്കെതിരായും പ്രചാരണമുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ കെ സുധാകരനെപ്പോലെ ഒരാൾ വരണമെന്ന അജൻഡ സെറ്റ് ചെയ്തു.
ഇതും ഹൈക്കമാൻഡിനെ സ്വാധീനിച്ചിട്ടുണ്ടാകാം.താനോ മറ്റ് കോൺഗ്രസ് നേതാക്കളോ സ്വീകരിക്കുന്ന ശൈലിയല്ല സുധാകരന്റേത്. ഞങ്ങൾ കെഎസ്യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നവരാണ്. സുധാകരന് മറ്റൊരു ശൈലിയാണ്. എതിരാളിയെ ചാട്ടുളികൊണ്ട് നേരിടുന്ന ശൈലി.സുധാകരന്റെ സൈബർ സംഘം എ കെ ആന്റണി, ഉമ്മൻചാണ്ടി, പി ജെ കുര്യൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെയും അധിക്ഷേപിച്ചു. ഈ നേതാക്കളെയൊക്കെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് പ്രസ്ഥാനം എങ്ങോട്ടാണ് പോകുന്നതെന്നും കൊടിക്കുന്നിൽ ചോദിച്ചു.
english summary;kodikkunnil suresh statement about KPCC Presidency
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.