‘ആള്‍ക്കൂട്ട കൊലപാതകം പറഞ്ഞ് അമിത്ഷാ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു’

Web Desk
Posted on April 17, 2019, 6:20 pm

കാസര്‍കോട്: ‘ആള്‍ക്കൂട്ട കൊലപാതകം പറഞ്ഞ് അമിത്ഷാ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് 525 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നെന്നാണ് അമിത്ഷാ കേരളത്തില്‍ വന്ന് പ്രസംഗിച്ചത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ അമിത്ഷാ വ്യക്തത വരുത്തണമെന്നും കോടിയേരി വ്യക്തമാക്കി.

കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ആരാണ് ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചത്. അമിത്ഷാ ദയവ് ചെയ്ത് ഈ 525 സംഭവങ്ങളേതെന്ന് വ്യക്തമാക്കണം. ഒരു ഇലക്ഷന്‍ കാലത്ത് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നത് ദേശീയ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവെന്ന നിലയില്‍ അത് ചിലയാളുകള്‍ തെറ്റിദ്ധരിക്കപ്പെടും. അദ്ദേഹം ഇത് വ്യക്തമാക്കുന്നെങ്കില്‍ ബി ജെ പിയുടെ സംസ്ഥാന നേതൃത്വമെങ്കിലും ഇത് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഇതോടൊപ്പം അദ്ദേഹം നടത്തി അഭിപ്രായങ്ങളും യാഥാര്‍ത്ഥ്യവുമായി തീരെ ബന്ധമില്ലാത്തതാണ്

പ്രത്യേകിച്ച് ബി ജെ പി സര്‍ക്കാര്‍ കേരളത്തെ നല്ല രീതിയില്‍ സഹായിച്ചുവെന്നാണ് അമിത്ഷാ അവകാശപ്പെട്ടത്. കേരളത്തെ ഏറ്റവും കൂടുതല്‍ സഹായിക്കേണ്ട ഘട്ടമായിരുന്നു ഓഖി, പ്രളയം പോലുള്ള സമയങ്ങള്‍. ഈ സമയത്ത് എന്ത് നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അതിന് അമിത്ഷാ മറുപടി പറയണം. ഓഖി ദുരന്തം വന്നപ്പോള്‍ 7340 കോടി രൂപയുടെ പ്രത്യേക സഹായമാണ് കേരളം ആവശ്യപ്പെട്ടത്. അനുവദിച്ചതാണെങ്കില്‍ 133 കോടി രൂപയുടേയും. ഇതില്‍ നിന്ന് 21.3 കോടി കേന്ദ്രം പിന്നീട് ഹെലികോപ്റ്റര്‍ വാടക, സൈന്യം, നാവിക സേന എന്നിവരുടെ പേര് പറഞ്ഞ് വെട്ടികുറച്ചു.

പ്രളയ ഘട്ടത്തില്‍ കേരളത്തിന് അരി നല്‍കി. ഇതിന്റെ തുക സഹായത്തില്‍ നിന്ന് വെട്ടി കുറച്ചു. വിദേശ സഹായം വാങ്ങിക്കരുതെന്ന് പറഞ്ഞു. ഇത് കേരളത്തോട് കേന്ദ്രം സ്വീകരിച്ച സമീപനത്തിന്റെ ഭാഗമാണ്. എന്നിട്ടാണ് അമിത്ഷാ പറയുന്നത് കേരളത്തെ ഇതുപോലെ സഹായിച്ച ഒരു കേന്ദ്ര സര്‍ക്കാരുണ്ടായിട്ടില്ലെന്ന്. ഇത് കൂടുതല്‍വ്യക്തതവരുത്തണം. ശബരിമല വിഷയം ഇലക്ഷനില്‍ ചര്‍ച്ചാവിഷയമാക്കിയാല്‍ അത് ബി ജെ പിക്ക് തിരിച്ചടിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പ്രശ്‌നം സുപ്രീംകോടതി വിധിയുടെ ഭാഗമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാര്‍ ഒരു തീരുമാനം കൈക്കൊണ്ടിരുന്നില്ല. 1991 വരെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. 1991 ല്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിശ്ചിത പ്രായപരിധിയില്‍പെട്ട സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നും വിധിച്ചത്. അന്ന് ഇ കെ നയനാരായിരുന്നു കേരളം ഭരിച്ചത്. അന്ന് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോലും കൊടുത്തില്ല. ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയത് ആര്‍ എസ് എസ് അനുകൂല വക്കീല്‍ സംഘടനയാണ്. ആ കേസ് കൊടുത്ത അഭിഭാഷക ഇന്ന് ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്.

12 കൊല്ലം സുപ്രീം കോടതിയില്‍ കേസ് നടന്നപ്പോള്‍ ഒരിക്കല്‍ പോലും ബി ജെ പി അവരുടെ നിലപാട് കോടതിയെ അറിയിച്ചില്ല. കോണ്‍ഗ്രസും നിലപാട് അറിയിച്ചില്ല. വിധി പ്രഖ്യാപിച്ചപ്പോള്‍ പോലും ബി ജെ പിയോ കേന്ദ്ര സര്‍ക്കാരോ കക്ഷി ചേര്‍ന്ന് തങ്ങളുടെ നിലപാട് പറഞ്ഞില്ല. ഇപ്പോ എല്ലാം കഴിഞ്ഞ് റിവ്യൂ ഹരജി പരിഗണിച്ച് വിധി പറയാനിരിക്കുമ്പോഴാണ് അതിന് കാത്തിരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്.

കേരളത്തില്‍ സുപ്രീം കോടതി വിധി ശരിയാണോ തെറ്റാണോ എന്ന് ഹിതപരിശോധന നടത്തുന്ന തിരഞ്ഞെടുപ്പല്ലിത്. ഇത് അഞ്ച് വര്‍ഷക്കാലാം ഇന്ത്യ ഭരിച്ച ബി ജെ പി ഭരണം വേണോ ഇനി അഞ്ചു വര്‍ഷക്കാലം ആര് ഭരിക്കണം എന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. ഭരണ പരാജയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ശബരിമല വിഷയം ചര്‍ച്ചയാക്കുന്നത്. ശബരിമല വിഷയം പ്രധാനമന്ത്രി പല സംസ്ഥാനങ്ങളിലും ഇലക്ഷന്‍ ക്യാമ്പയനില്‍ പറഞ്ഞു നടക്കുകയാണ്. അയ്യപ്പന്റെ പേര് കേരളത്തില്‍ പറയാന്‍ പാടില്ല, പറഞ്ഞാന്‍ ജയിലിലടക്കുന്നുവെന്നാണ്.

സുപ്രീം കോടതി വിധി വന്നപ്പോള്‍ കേന്ദ്ര ആഭ്യന്തിര വകുപ്പ് ഒരു കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നു. അതില്‍ പറയുന്നത് വിധി നടപ്പിലാക്കണം. അതിന് ആവശ്യമായ നടപടി സ്വീകരിക്കണം. നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ കേന്ദ്ര സേനയെ വിട്ടുതരാം. ക്രമസമാധാനത്തിന് വേണമെങ്കില്‍ 144 പ്രഖ്യാപിക്കാം എന്നാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെങ്കില്‍ ഒരു ഓഡിനന്‍സ് കൊണ്ടുവരാമായിരുന്നില്ലെ എന്നും അദ്ദേഹം ചോദിച്ചു.

ചുരുക്കത്തില്‍ വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നു. വിശ്വാസികളുടെ വിശ്വാസത്തിനെതിരെ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അതുകൊണ്ടാണ് ശബരിമല വികസനത്തിന് 737 കോടി രൂപ നല്‍കിയിരിക്കുന്നത്. നട വരവ് കുറഞ്ഞതിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ 100 കോടി രൂപ നല്‍കി .

വിശ്വാസികളെ അണിനിരത്തി തന്നെ ഇതിനെ നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റും വോട്ടും ഇടതുപക്ഷംനേടുമെന്ന് അതിന് സഹായകരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തൂടനീളം നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. പത്മേഷ് കെ വി സ്വാഗതം പറഞ്ഞു.