Web Desk

തിരുവനന്തപുരം

October 09, 2020, 10:02 pm

വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാൻ മാധ്യമങ്ങൾ നിരന്തരം വിവാദങ്ങളുണ്ടാക്കുന്നു; കോടിയേരി ബാലകൃഷ്ണൻ

Janayugom Online

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാൻ ചില മാധ്യമങ്ങൾ നിരന്തരം വിവാദങ്ങളുണ്ടാക്കുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

മാധ്യമങ്ങള്‍ വിവാദങ്ങള്‍ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. ഇന്നത്തെ നില തുടരുന്നത് മാധ്യമങ്ങള്‍ക്കും ജനാധിപത്യത്തിനും നല്ലതല്ലെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചർച്ച‍യാക്കരുതെന്ന ആസൂത്രിതമായ അജണ്ടയാണ് മാധ്യമങ്ങളിലൂടെ വലത്പക്ഷ ശക്തികൾ നടത്തുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ നിലനിൽക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് പ്രഖ്യാപിച്ച് മാധ്യമപ്രവർത്തനം നടത്തുന്നവരുണ്ട്. ഇത് അറിയാനുള്ള അവകാശത്തിനെതിരെയുള്ള കടന്നാക്രമണമാണ്. സർക്കാരിനെതിരെ വസ്തുതകൾ മറച്ച് വച്ച് നുണപ്രചാരണം നടത്തുകയാണ് ചിലർ.

ചാനൽ ചർച്ചകൾ ഇടതുപക്ഷ വിരോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണെന്നും മാധ്യമങ്ങൾ ഇത്തരം നിലപാടുകൾ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. സർക്കാർ നടപ്പിലാക്കുന്ന വൻകിട പദ്ധതികൾപോലും ചർച്ച ചെയ്യുന്നില്ല. എന്നാൽ കോടതിയിൽ കൊടുത്ത പ്രതിയുടെ മൊഴിപോലും വളച്ചൊടിച്ച് സർക്കാരിനെതിരെ വിവാദമുണ്ടാക്കുകയാണ്. കേരളത്തെ കൊലക്കളമാക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടേയും ശ്രമം. ഇതിൽ നിന്നും അവർ പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തൃശൂരിൽ സനൂപിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപിയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

പി ടി തോമസ് എംഎൽഎയ്ക്കും കേന്ദ്രമന്ത്രി വി മുരളീധരനെതിരെയുമുള്ള ആരോപണങ്ങളിൽ അന്വേഷണം വേണം. പി ടി തോമസിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണ്. പി ടി തോമസ് കളങ്കിതനാണോയെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Eng­lish sum­ma­ry: Kodiy­eri bal­akr­ish­nan on Medias

You may also like this video: