സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ബിനോയ് വിഷയം റിപ്പോര്‍ട്ട് ചെയ്‌തതായി കോടിയേരി

Web Desk
Posted on June 24, 2019, 8:26 pm

തിരുവനന്തപുരം :  സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ബിനോയ് വിഷയം റിപ്പോര്‍ട്ട് ചെയ്‌തെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  പറഞ്ഞു. വിവാഹം വാഗ്ദാനം നല്‍കി   ബിനോയ് കോടിയേരി ലൈംഗികമായി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്  കോടിയേരി പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ വിനോദിനി മുംബൈയില്‍ പോയത് ബിനോയിയുടെ അമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അറിയാനാണ്. അത് അഭിഭാഷക നില്‍ നിന്നറിഞ്ഞ ശേഷം മടങ്ങുകയായിരുന്നു-കോടിയേരി പറഞ്ഞു.

കേസ് വന്നപ്പോഴാണ് ഇതേ കുറിച്ച്‌ അറിയുന്നത്. കേസ് പരിഹരിക്കുന്നതിനായി ഒരു ഇടനിലക്കാരനെ നിശ്ചയിച്ചിട്ടില്ല. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ശ്രീജിത്തിനെ നേരത്തെ അറിയാം. ഈ വിഷയത്തില്‍ ശ്രീജിത്ത് പറഞ്ഞത് ശരിയാണെന്നും കോടിയേരി പറഞ്ഞു.

കോടതിയില്‍ യുവതി നല്‍കിയ രേഖകള്‍   നിയമപരമായി കോടതി പരിശോധിക്കട്ടെ. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ ബിനോയ് നിഷേധിച്ചു. രേഖകള്‍ കളവെന്നാണ് ബിനോയ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ബിനോയിയോട് അന്നേ പറഞ്ഞതായി കോടിയേരി പറഞ്ഞു