അമിത് ഷാ കേരളത്തിനെതിരെ നടത്തുന്നത് കള്ളപ്രചാരണം: കോടിയേരി

Web Desk
Posted on February 25, 2019, 6:02 pm

കോട്ടയം: ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷാ കേരളത്തിനെതിരെ കള്ളപ്രചാരണമാണ് നടത്തുന്നതെന്ന് സിപി(ഐ)എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ വാരിക്കോരി സഹായം നല്‍കിയെന്നും, എന്നാല്‍ കേന്ദ്ര പദ്ധതികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുന്നെന്നുമാണ് അമിത് ഷായുടെ വാദം. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം കേരളത്തിന് 1,34,848 കോടി രൂപ നല്‍കിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമായ പതിനാലാം ധനകാര്യ കമീഷന്‍ വിഹിതത്തെയാണ് അമിത്ഷാ കേന്ദ്രസഹായമായി പെരുപ്പിച്ച് കാണിക്കുന്നത്. കമീഷനാകട്ടെ മോഡി അധികാരത്തിലേറുന്നതിനു മുമ്പ് നിയമിക്കപ്പെട്ടതാണ്.

2015–16 ല്‍ 12,690 കോടി, 16–17 ല്‍ 15,225 കോടി, 2017–18 ല്‍ പ്രതീക്ഷിക്കുന്ന 16,891 കോടി എന്നിങ്ങനെയാണ് കേരളത്തിന്‍റെ ഫിനാന്‍സ് കമീഷന്‍ അവാര്‍ഡ്.  ആകെ 44,806 കോടി രൂപ. പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട്, റവന്യു കമ്മി ഗ്രാന്റ്, ഡിആര്‍എഫ് എന്നിവയെല്ലാം ചേര്‍ത്താലും 62,773.46 കോടിയേ ആകൂ. ഈ സ്ഥാനത്താണ് 1.34 ലക്ഷം കോടി രൂപ എന്ന് അമിത് ഷാ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഒരിക്കല്‍പോലും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സഹായിക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനാണ് ശ്രമിച്ചത്. കൊച്ചി ഷിപ്പ്‌യാര്‍ഡ്, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് എന്നിവയെല്ലാം സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചു. ഇത് സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതാണ്.

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ സ്ഥാപനം ലേലം ചെയ്യുമെന്നും വേണമെങ്കില്‍ ലേലത്തില്‍ പങ്കെടുത്തോളൂ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതികളോട് കേരളം സഹകരിക്കുന്നില്ലെന്ന് അമിത്ഷാ പറയുന്നു. വസ്തുത നേരേ തിരിച്ചാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ സിയാല്‍ മാതൃകയില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാനം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചില്ല. ഇപ്പോള്‍ വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനാണ് മോഡി സര്‍ക്കാരിന്റെ നീക്കം. ഇതിനെ സര്‍വശക്തിയുമുപയോഗിച്ച് എല്‍ഡിഎഫ് എതിര്‍ക്കും. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 239 ഏക്കര്‍ സ്ഥലം കേരളം ഏറ്റെടുത്ത് റെയില്‍വേക്ക് നല്‍കിയിട്ട് വര്‍ഷങ്ങളായി. ഒരു നടപടിയുമുണ്ടായില്ല. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസ് ഹരിയാനക്ക് നല്‍കി. കേന്ദ്ര നിക്ഷേപം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എന്നിട്ടും ഭൂമി ലഭ്യമാകാത്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയും മുടങ്ങിയില്ല. എല്ലാം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ മറച്ചുപിടിക്കാനാണ് കേരളത്തിനെതിരെ ബിജെപി ആരോപണങ്ങളുന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

കേന്ദ്ര സര്‍ക്കാരിന്റെ ഏത് പദ്ധതി പ്രകാരവും അര്‍ഹര്‍ക്ക് ആനുകൂല്യം നല്‍കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ല. കര്‍ഷകരുടെ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ സംസ്ഥാനം വര്‍ധിപ്പിച്ചു. റബ്ബര്‍ മേഖലക്ക് ആശ്വാസമായി കോട്ടയത്ത് സിയാല്‍ മാതൃകയില്‍ വന്‍കിട കമ്പനിയും 500 കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. അതേസമയം കര്‍ഷകരെ ബിജെപി സര്‍ക്കാര്‍ വഞ്ചിച്ചതിന്റെ ഫലമായാണ് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഹിന്ദുത്വ പ്രീണനം കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാകും. കുപ്രചാരണം ശീലമാക്കിയ ബിജെപിയെ ജനം ഒറ്റപ്പെടുത്തി തുടങ്ങി. അഞ്ചു സംസ്ഥാനങ്ങളില്‍ അവര്‍ പരാജയപ്പെട്ടു.  എത്രവട്ടം ഗംഗയില്‍ കുളിച്ചാലും അഞ്ചു വര്‍ഷത്തെ ചെയ്തികള്‍ സൃഷ്ടിച്ച ജനരോഷത്തില്‍നിന്ന് മോഡിക്ക് രക്ഷപെടാനാവില്ലെന്നും കോടിയേരി പറഞ്ഞു.